Newsroom
Wayanad Landslide 2nd Anniversary : വയനാട് ചൂരൽ മല ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; ഓർമ്മകളിൽ ഇന്നും ആ കറുത്ത രാത്രി
Metbeat News

Wayanad Landslide 2nd Anniversary : വയനാട് ചൂരൽ മല ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; ഓർമ്മകളിൽ ഇന്നും ആ കറുത്ത രാത്രി

കേരളത്തെ നടുക്കിയ ചൂരൽമല–മുണ്ടക്കൈ (Chooralmala–Mundakkai) ഉരുൾപൊട്ടൽ (Landslide) ദുരന്തം ഉണ്ടായിട്ട് ഇന്ന് രണ്ട് വർഷം.

വയനാട് ചൂരൽ മല ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; ഓർമ്മകളിൽ ഇന്നും ആ കറുത്ത രാത്രി

കേരളത്തെ നടുക്കിയ ചൂരൽമല–മുണ്ടക്കൈ (Chooralmala–Mundakkai) ഉരുൾപൊട്ടൽ (Landslide) ദുരന്തം ഉണ്ടായിട്ട് ഇന്ന് രണ്ട് വർഷം. നൂറുകണക്കിന് ജീവനുകളെ കവർന്നെടുത്ത ആ മഹാദുരന്തത്തിന്റെ ഓർമ്മയിൽ ഇന്ന് വയനാട് വീണ്ടും കണ്ണീരണിയും. ജീവൻ നഷ്ടമായവരുടെ ഓർമ പുതുക്കി പുത്തുമലയിലെ ഹൃദയഭൂമിയിൽ ഇന്ന് സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടക്കും.

ഔദ്യോഗിക കണക്കുകൾ പ്രകാരം 298 പേരാണ് ദുരന്തത്തിൽ മരിച്ചത്. തുടർന്ന് കാണാതായിരുന്ന 32 പേരെയും മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചതോടെ മരണസംഖ്യ കൂടുതൽ ദാരുണമായി. ജീവൻ രക്ഷപ്പെട്ടവരുടെ മനസ്സിലെ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല. മുറിവുണങ്ങാതെ ഇരയായവർ ഇന്നും ജീവിച്ചു തീർക്കുകയാണ് ഈ ജീവിതം. സ്വന്തവും ബന്ധവുമെല്ലാം നഷ്ട്ടപ്പെട്ടവർ നിരവധി പേർ. 

1785386559W.webp  photo : Metbeat News

ദുരന്തത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പുത്തുമലയിലെ ഹൃദയഭൂമി സ്മാരകത്തിൽ ഇന്ന് സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടക്കും. മരിച്ചവരുടെ ബന്ധുക്കളും അതിജീവിതരും ജനപ്രതിനിധികളും വിവിധ മതനേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

ഒറ്റ രാത്രിയോടെ ഇല്ലാതായ മൂന്ന് ഗ്രാമങ്ങൾ

2024 ജൂലൈ 30-ന് പുലർച്ചെയുണ്ടായ കനത്ത മഴയെ തുടർന്നാണ് പുഞ്ചിരിമട്ടം (Punchirimattam) ഭാഗത്ത് മല ഇടിഞ്ഞ് വൻ ഉരുൾപൊട്ടൽ ഉണ്ടായത്. മണ്ണും മലവെള്ളവും പാറക്കെട്ടുകളും അതിശക്തമായി താഴേക്ക് കുതിച്ചെത്തി മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ വിഴുങ്ങി. നിരവധി വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും കൃഷിയിടങ്ങളും പൂർണമായും തകർന്നു. നിരവധി കുടുംബങ്ങൾ ഒന്നാകെ ഇല്ലാതായി. ജീവിതകാലം മുഴുവൻ സമ്പാദിച്ചതെല്ലാം ഒറ്റ രാത്രി കൊണ്ട് നഷ്ടമായവരുടെ നിലവിളി കേരളം മുഴുവൻ കേട്ടിരുന്നു. ആ കാഴ്ചകണ്ട് നമ്മളോരോരുത്തരും കരഞ്ഞു.

ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം

ദുരന്തത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം (Indian Army), വ്യോമസേന (Indian Air Force), ദേശീയ ദുരന്തനിവാരണ സേന (NDRF), അഗ്നിരക്ഷാസേന, പൊലീസ്, വനംവകുപ്പ്, ആരോഗ്യപ്രവർത്തകർ, സന്നദ്ധസംഘടനകൾ, പ്രാദേശിക ജനങ്ങൾ എന്നിവർ ചേർന്നാണ് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനങ്ങളിൽ ഒന്ന് നടത്തിയത്.

പുഴയിലും മണ്ണിനടിയിലും പാറക്കെട്ടുകൾക്കിടയിലും ദിവസങ്ങളോളം മൃതദേഹങ്ങൾക്കും കാണാതായവർക്കുമായി തിരച്ചിൽ തുടർന്നു. പലയിടത്തു നിന്നും നിരവധി ശരീരവിഷ്ടങ്ങൾ ലഭിച്ചു. കാലിലെ പാദസരവും സ്വർണമാലയും മോതിരങ്ങളും പലരേയും തിരിച്ചറിയാൻ സഹായിച്ചു. അതീവ ദുഷ്കരമായ സാഹചര്യങ്ങളിലൂടെയാണ് രക്ഷാദൗത്യം പൂർത്തിയാക്കിയത്.

ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട പലരും ഇന്നും ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് പൂർണമായി മുക്തരായിട്ടില്ല. സ്വന്തം കുടുംബാംഗങ്ങളെയും വീടിനെയും ജീവിതോപാധികളെയും നഷ്ടപ്പെട്ടവരുടെ ജീവിതം ഇന്നും പുനരധിവാസ ക്യാമ്പുകളുടെയും പുതിയ താമസകേന്ദ്രങ്ങളുടെയും ചുറ്റുപാടുകളിലാണ് മുന്നോട്ടുപോകുന്നത്. 

1785386597W.webp  Photo : Metbeat News

മാനസിക ആഘാതം, സാമ്പത്തിക പ്രതിസന്ധി, പഴയ ജീവിതത്തിലേക്കുള്ള മടങ്ങിവരവിലെ ബുദ്ധിമുട്ടുകൾ എന്നിവ ഇന്നും അതിജീവിതരെ വേട്ടയാടുകയാണ്. ഓരോ മഴയും ശക്തമാകുമ്പോഴും ആ ദുരന്തരാത്രിയുടെ ഓർമ്മകൾ വീണ്ടും മനസ്സിലേക്ക് മടങ്ങിയെത്തുന്നുവെന്നാണ് പലരും പറയുന്നത്.

പഴയ ഗ്രാമങ്ങൾ ഇന്ന് ഓർമ്മ മാത്രം

രണ്ട് വർഷം പിന്നിടുമ്പോഴും പഴയ മുണ്ടക്കൈയും പുഞ്ചിരിമട്ടവും തിരിച്ചറിയാനാവാത്ത വിധമാണ് മാറിയിരിക്കുന്നത്. ഒരുകാലത്ത് ജനവാസം നിറഞ്ഞിരുന്ന പ്രദേശങ്ങളിൽ ഇന്ന് ഉരുൾപൊട്ടലിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ആളൊഴിഞ്ഞ വീടുകളും മാത്രമാണ് അവശേഷിക്കുന്നത്.

ഒരു രാത്രി കൊണ്ട് സ്വന്തം വീടും വിലാസവും ജീവിതവും നഷ്ടപ്പെട്ട മനുഷ്യരുടെ നിശ്ശബ്ദ ഓർമ്മകളാണ് ഇന്ന് ആ ദുരന്തഭൂമി പേറുന്നത്. പ്രകൃതിയുടെ അതിശക്തമായ പ്രഹരത്തിന് മുന്നിൽ മനുഷ്യജീവിതത്തിന്റെ നിസ്സഹായതയുടെ ഓർമ്മപ്പെടുത്തലായി ഈ പ്രദേശങ്ങൾ മാറിക്കഴിഞ്ഞു.

ദുരന്തത്തിന് ശേഷം പഴയ ചൂരൽമലയിൽ സ്ഥിരതാമസക്കാർ വളരെ കുറവാണ്. എന്നിരുന്നാലും പ്രദേശം പതിയെ അതിജീവനത്തിന്റെ പാതയിലാണ്. ദുരന്തഭൂമി നേരിൽ കാണാനും അതിജീവനത്തിന്റെ കഥകൾ അറിയാനും നിരവധി വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. ദുരന്തത്തിന്റെ ഓർമ്മകൾ മായാതെ സൂക്ഷിക്കുമ്പോഴും പുതിയ പ്രതീക്ഷകളിലേക്ക് മുന്നേറാനുള്ള ശ്രമങ്ങളാണ് പ്രദേശവാസികളും ഭരണകൂടവും നടത്തുന്നത്.

രണ്ടുവർഷം പിന്നിടുമ്പോഴും

രണ്ട് വർഷം കഴിഞ്ഞിട്ടും ചൂരൽമല–മുണ്ടക്കൈ ദുരന്തം കേരളത്തിന്റെ കൂട്ടായ ഓർമ്മയിൽ മായാത്ത മുറിവായിത്തന്നെയാണ് നിലനിൽക്കുന്നത്. നഷ്ടപ്പെട്ട ഓരോ ജീവനെയും ആദരിച്ച്, അതിജീവിതരുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, സമാന ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളുടെ ആവശ്യകത ഓർമ്മപ്പെടുത്തുന്ന ദിനമായാണ് ഇന്നത്തെ രണ്ടാം വാർഷികം ആചരിക്കുന്നത്. ഇന്ന് നടക്കുന്ന സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്കുള്ള ആദരാഞ്ജലിയായി മാറും. 

English Summary : On July 30, 2024, catastrophic landslides triggered by heavy torrential rainfall devastated the villages of Punchirimattam, Mundakkai, and Chooralmala in Wayanad, Kerala. Sweeping down from the hills in the early hours, the debris flow wiped out entire neighborhoods, homes, and livelihoods overnight.

അരുണാചലിൽ മിന്നൽ പ്രളയം; സൈനിക ക്യാമ്പ് ഒഴുകിപ്പോയി, അഞ്ച് സൈനികരെ കാണാതായി

കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അരുണാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം. ദിബാങ് മാലി മേഖലയിലെ പാസുപാനി ആർമി ക്യാമ്പ് (Pasupani Army Camp) മിന്നൽ പ്രളയത്തിൽ പൂർണമായും ഒഴുകിപ്പോയതായാണ് വിവരം. അപകടത്തിൽ അഞ്ച് സൈനികരെ കാണാതായി.

മിന്നൽ പ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന ഏഴ് സൈനികർ (Army Personnel) ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്താൻ സാധിച്ചു. അഞ്ച് സൈനികർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പിലുണ്ടായിരുന്ന വാഹനങ്ങളും മറ്റ് ഉപകരണങ്ങളും വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 

കാണാതായ സൈനികർക്കായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനം (Search and Rescue Operation) ഊർജിതമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഉരുൾപൊട്ടലിലും തൊഴിലാളികളെ കാണാതായി

അരുണാചൽ പ്രദേശിൽ വെള്ളിയാഴ്ച വൈകുന്നേരം മറ്റൊരു ദുരന്തവും റിപ്പോർട്ട് ചെയ്തു. അപ്പർ സുബൻസിരി ജില്ലയിൽ (Upper Subansiri District) ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികളെ കാണാതായി. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട തൊഴിലാളികൾക്കായി നടത്തിയ തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കനത്ത മഴയിൽ രക്ഷാപ്രവർത്തനം ദുഷ്കരം

തുടർച്ചയായ മഴയും മണ്ണിടിച്ചിലും പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. റോഡുകളിൽ മണ്ണും പാറകളും അടിഞ്ഞതോടെ പല മേഖലകളിലേക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു.

ദുരന്തനിവാരണ സേന (Disaster Response Teams) ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നത്. കാണാതായ സൈനികരെയും തൊഴിലാളികളെയും കണ്ടെത്തുന്നതിനായി കൂടുതൽ സംഘങ്ങളെ ദുരന്തബാധിത മേഖലകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തം

അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലനിരകളിൽ തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയം (Flash Flood), ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത ഉയർന്നിട്ടുണ്ട്. 

പ്രദേശത്തെ താഴ്ന്ന മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യം വിലയിരുത്തി കൂടുതൽ മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്.

കാണാതായ സൈനികർക്കും തൊഴിലാളികൾക്കുമായി തിരച്ചിൽ തുടരുന്നതിനിടെ, അരുണാചലിൽ വീണ്ടും ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത രക്ഷാപ്രവർത്തകർക്ക് ആശങ്കയാകുകയാണ്. 

English Summary : Heavy rain in Arunachal Pradesh has triggered catastrophic flash floods and landslides, sweeping away the Pasupani Army Camp in Dibang Valley. Five soldiers remain missing after two were rescued from raging waters. In a separate landslide in Upper Subansiri district, one construction worker was found dead, with three others still missing.