
Kerala Weather 06/07/26 : തീവ്ര ന്യൂനമർദ്ദം കരകയറി, കണ്ണൂർ, കാസർകോട് , കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴ സാധ്യത, കടൽക്ഷോഭം, മത്സ്യബന്ധന വിലക്ക്
Kerala Weather Update: Heavy Rain Forecast, High Wave Warning, and Fishing Ban
Kerala Weather 06/07/26 : തീവ്ര ന്യൂനമർദ്ദം കരകയറി, കണ്ണൂർ, കാസർകോട് , കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴ സാധ്യത, കടൽക്ഷോഭം, മത്സ്യബന്ധന വിലക്ക്
ബംഗാൾ ഉൾ കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദം (Depression) ആയതിനെ തുടർന്ന് കേരളത്തിൽ വടക്കൻ ജില്ലകളിൽ മഴ ശക്തമാകും. വടക്കൻ ഉൾനാടൻ ഒഡിഷക്ക് മുകളിലാണ് ഇപ്പോൾ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത് ജാർഖണ്ഡ് ലക്ഷ്യമാക്കിയാണ് ഇത് നീങ്ങുന്നത്.
കിഴക്കൻ മധ്യ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തോട് ചേർന്ന് ഒരു അന്തരീക്ഷ ചുഴി ( upper air circulation - UAC) രൂപപ്പെട്ടിട്ടുണ്ട്. ഈ അന്തരീക്ഷ സ്ഥിതി കാരണം കേരളത്തിൽ വടക്കൻ ജില്ലകളിൽ മഴ ശക്തിപ്പെടും. കാസർകോട് , കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.
ത്രീവ ന്യൂനമർദ്ദം മധ്യ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതോടെ കേരളത്തിൽ മഴ മധ്യ കേരളത്തിലേക്കും വ്യാപിക്കും. തെക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകും. ഇന്ന് കണ്ണൂർ , കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഈ ജില്ലകൾക്കൊപ്പം കോഴിക്കോട് ജില്ലയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഈ പറയുന്ന ദിവസങ്ങളിൽ അതിശക്തമായ മഴ ( Heavy to Very Heavy rainfall) പെയ്യാനാണ് സാധ്യത.
തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തിയും (Off-shore trough) സ്ഥിതി ചെയ്യുന്നു.
അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, വടക്കൻ ഒഡീഷ തീരത്ത് ചാന്ദ്ബാലിക്കും ദിഘയ്ക്കും ഇടയിലായി ബാലസോറിന് സമീപത്തുകൂടി കരയിൽ പ്രവേശിക്കാൻ സാധ്യത. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലുള്ള സഞ്ചാരം തുടർന്ന് വടക്കൻ ഒഡീഷ, വടക്കൻ ഛത്തീസ്‌ഗഢ്നു മുകളിലൂടെ നീങ്ങാൻ സാധ്യത.
ഉയർന്ന തിരമാല സാധ്യത
മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ, കാസറഗോഡ് (വളപട്ടണം മുതൽ ന്യൂ മഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ നാളെ (06/07/2026) രാത്രി 11.30 വരെ 2.9 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക്
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ജൂലൈ 7 വരെ വിലക്ക് ഏർപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടലിൽ കാറ്റിന്റെ ശക്തി മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത ഉണ്ടാകും.
English Summary : Kerala Weather Update: Heavy Rain Forecast, High Wave Warning, and Fishing Ban.
അരുണാചലിൽ മിന്നൽ പ്രളയം; സൈനിക ക്യാമ്പ് ഒഴുകിപ്പോയി, അഞ്ച് സൈനികരെ കാണാതായി
കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അരുണാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം. ദിബാങ് മാലി മേഖലയിലെ പാസുപാനി ആർമി ക്യാമ്പ് (Pasupani Army Camp) മിന്നൽ പ്രളയത്തിൽ പൂർണമായും ഒഴുകിപ്പോയതായാണ് വിവരം. അപകടത്തിൽ അഞ്ച് സൈനികരെ കാണാതായി.
മിന്നൽ പ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന ഏഴ് സൈനികർ (Army Personnel) ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്താൻ സാധിച്ചു. അഞ്ച് സൈനികർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പിലുണ്ടായിരുന്ന വാഹനങ്ങളും മറ്റ് ഉപകരണങ്ങളും വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
Anini, Arunachal Pradesh: A cloudburst in the Pashu Pani area of Anini around 4.45 pm on August 14 triggered a massive landslide, submerging the affected area. Two soldiers were rescued during immediate operations, while multiple teams from nearby posts joined the search and… pic.twitter.com/ioG9zXWeV0
— IANS (@ians_india) August 15, 2026
കാണാതായ സൈനികർക്കായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനം (Search and Rescue Operation) ഊർജിതമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
ഉരുൾപൊട്ടലിലും തൊഴിലാളികളെ കാണാതായി
അരുണാചൽ പ്രദേശിൽ വെള്ളിയാഴ്ച വൈകുന്നേരം മറ്റൊരു ദുരന്തവും റിപ്പോർട്ട് ചെയ്തു. അപ്പർ സുബൻസിരി ജില്ലയിൽ (Upper Subansiri District) ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികളെ കാണാതായി. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട തൊഴിലാളികൾക്കായി നടത്തിയ തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കനത്ത മഴയിൽ രക്ഷാപ്രവർത്തനം ദുഷ്കരം
തുടർച്ചയായ മഴയും മണ്ണിടിച്ചിലും പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. റോഡുകളിൽ മണ്ണും പാറകളും അടിഞ്ഞതോടെ പല മേഖലകളിലേക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു.
ദുരന്തനിവാരണ സേന (Disaster Response Teams) ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നത്. കാണാതായ സൈനികരെയും തൊഴിലാളികളെയും കണ്ടെത്തുന്നതിനായി കൂടുതൽ സംഘങ്ങളെ ദുരന്തബാധിത മേഖലകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തം
അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലനിരകളിൽ തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയം (Flash Flood), ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത ഉയർന്നിട്ടുണ്ട്.
പ്രദേശത്തെ താഴ്ന്ന മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യം വിലയിരുത്തി കൂടുതൽ മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്.
കാണാതായ സൈനികർക്കും തൊഴിലാളികൾക്കുമായി തിരച്ചിൽ തുടരുന്നതിനിടെ, അരുണാചലിൽ വീണ്ടും ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത രക്ഷാപ്രവർത്തകർക്ക് ആശങ്കയാകുകയാണ്.
English Summary : Heavy rain in Arunachal Pradesh has triggered catastrophic flash floods and landslides, sweeping away the Pasupani Army Camp in Dibang Valley. Five soldiers remain missing after two were rescued from raging waters. In a separate landslide in Upper Subansiri district, one construction worker was found dead, with three others still missing.