
മീനച്ചൂടില്‍ പേടിക്കേണ്ട, വേനല്‍ മഴ കുറയില്ല, മണ്‍സൂണില്‍ ആശങ്കയും
Kerala Summer Rain Forecast: ENSO Neutral Conditions to Bring Relief Amid Rising Temperatures
മീനച്ചൂടില്‍ പേടിക്കേണ്ട, വേനല്‍ മഴ കുറയില്ല, മണ്‍സൂണില്‍ ആശങ്കയും
കേരളത്തില്‍ മീനച്ചൂട് കനക്കുന്നുണ്ടെങ്കിലും വരള്‍ച്ച ഉള്‍പ്പെടെയുള്ള ഭീഷണികള്‍ ഇത്തവണത്തെ വേനിലിലുണ്ടാകില്ല. സമൃദ്ധമായ വേനല്‍ മഴ ഇത്തവണ കേരളത്തില്‍ പെയ്യുമെന്നാണ് അന്താരാഷ്ട്ര, പ്രാദേശിക കാലാവസ്ഥാ പ്രതിഭാസങ്ങള്‍ നമുക്കു നല്‍കുന്ന സൂചന. മീന മാസം 10 ലെത്തുമ്പോഴേക്കും കേരളത്തില്‍ വേനല്‍ മഴ പലപ്പോഴായി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. വേനല്‍ മഴയില്‍ (summer rain) ഇത്തവണ 10 ശതമാനത്തിന്റെ കുറവാണ് ഇന്നലെ വരെ രേഖപ്പെടുത്തിയത്.
ഇടയ്ക്കിടെ വേനല്‍ മഴ ലഭിക്കും
കിഴക്കന്‍ കാറ്റ് സജീവമാകുന്ന സാഹചര്യം ഇടയ്ക്കിടെ വേനല്‍ മഴ കൊണ്ടുവരും. കൂടാതെ ചൂട് കനക്കുമ്പോള്‍ സംവഹനം മൂലം രൂപപ്പെടുന്ന സംവഹന മേഘങ്ങള്‍ മഴ നല്‍കും. സാധാരണ വിഷുവിന് ശേഷമാണ് ഇത്തരം മഴ ലഭിക്കാറുള്ളത്. മേടച്ചൂടില്‍ ആശ്വാസമായി സംവഹന മേഘങ്ങള്‍ മഴ നല്‍കുന്ന പതിവ് ഇത്തവണയുമുണ്ടാകും. അതിനാല്‍ സീസണുകള്‍ കണക്കാക്കി കൃഷി ചെയ്യുന്ന കര്‍ഷകര്‍ പേടിക്കേണ്ടതില്ല.
സൂര്യന്‍ വടക്കോട്ട്, സ്വാഭാവിക ചൂടു കൂടല്‍
ഇപ്പോഴത്തെ അന്തരീക്ഷ താപനില വിലയിരുത്തുമ്പോള്‍ ദീര്‍ഘകാല ശരാശരിയേക്കാള്‍ 2 മുതല്‍ 4 ഡിഗ്രിവരെ ചൂട് രേഖപ്പെടുത്തുന്നുണ്ട്. അതു പക്ഷേ, ഈസീസണില്‍ പതിവുള്ളതാണ്. രണ്ടിനും 3 നും ഇടയിലാണ് മിക്കയിടങ്ങളിലും ചൂട് കൂടുന്നത്. വേനലില്‍ താരതമ്യേന ചൂട് കൂടുന്ന ട്രെന്റാണിത്. ഭൂമധ്യരേഖ കടന്ന് സൂര്യന്‍ വടക്കോട്ട് നീങ്ങുന്നതോടെ കേരളം കൂടുതല്‍ ചൂടുപിടിക്കും. ഈ ചൂടാണ് വേനല്‍ മഴയെയും പിന്നീട് കാലവര്‍ഷത്തെയും കൊണ്ടുവരുന്നത്.
ഉഷ്ണ തരംഗ സൂചന ഇപ്പോഴില്ല
ചൂട് സ്ഥിരമായി 4 ഡിഗ്രിയില്‍ കൂടുതല്‍ കൂടി നില്‍ക്കുമ്പോഴാണ് ഉഷ്ണ തരംഗം പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ കാലാവസ്ഥാ വകുപ്പ് നല്‍കുന്നത് ചൂടും അന്തരീക്ഷ ഈര്‍പ്പവും കൂടി നില്‍ക്കുന്നത് മൂലമുള്ള അസ്വസ്ഥത സംബന്ധിച്ച മഞ്ഞ അലര്‍ട്ടുകളാണ്. രേഖപ്പെടുത്തുന്ന അന്തരീക്ഷ താപനിലയേക്കാള്‍ ചൂട് അനുഭവപ്പെടുന്ന സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. അന്തരീക്ഷ ആര്‍ദ്രത കൂടി നില്‍ക്കുന്നതാണ് കാരണം. പലപ്പോഴും നമുക്ക് അനുഭവപ്പെടുന്ന ചൂട് 41 ഉം 42 ഉം ഡിഗ്രിയിലാണ് ഇപ്പോഴുള്ളത്. തീരദേശ സംസ്ഥാനമായ കേരളത്തില്‍, പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനം കേരളത്തില്‍ ഈര്‍പ്പത്തെ നിലനിര്‍ത്തുന്നു.
രാത്രിയില്‍ ചൂടിന് ആശ്വാസം
രാത്രികാല താപനിലയിലും വലിയ വര്‍ധനവൊന്നും കേരളത്തില്‍ ഇതുവരെയില്ല. മലയോരത്ത് രാത്രി സാധാരണയേക്കാള്‍ കുറവ് രാത്രി താപനിലയും രേഖപ്പെടുത്തുന്നുണ്ട്. ഈയിടെ കേരളത്തില്‍ പെയ്ത മഴക്ക് ശേഷമാണ് കിഴക്കന്‍ മേഖലയിലും ഇടനാട്ടിലും രാത്രി താപനില ആശ്വാസമാകുന്ന രീതിയിലെത്തിയത്.
എല്‍നിനോയും ലാനിനയും
ആഗോള കാലാവസ്ഥാ പ്രതിഭാസങ്ങളായ ലാനിനയും ( La Niña) എല്‍നിനോയും (El Niño) കേരളത്തിന്റെ ചൂടിനെയും മഴയെയും ബാധിക്കും. കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ ഭൂമധ്യരേഖാ പ്രദേശത്തെ സമുദ്രോപരി താപനിലയിലെ (Sea Surface Temperature - SST) വ്യതിയാനമാണ് ലാനിനയ്ക്കും എല്‍നിനോയ്ക്കും കാരണം. ഈ മേഖലയിലെ സമുദ്രോപരി താപനില സാധാരണയേക്കാള്‍ കുറഞ്ഞു നില്‍ക്കുന്നത് ലാനിനയും കൂടി നില്‍ക്കുന്നത് എല്‍നിനോയുമാണ്.
എന്‍സോ (ENSO) ന്യൂട്രല്‍, വേനല്‍ മഴ കുറയ്ക്കില്ല
കഴിഞ്ഞ വര്‍ഷം അവസാനം വരെ ലാനിന ആയിരുന്നു. ഇതിപ്പോള്‍ ന്യൂട്രലിലേക്ക് എത്തിയിട്ടുണ്ട്. എന്‍സോ (ENSO) ന്യൂട്രല്‍ എന്നാണ് സാങ്കേതികമായി പറയുക. കേരളത്തിലെ വേനല്‍ക്കാലം കഴിയുന്നതു വരെ എന്‍സോ ന്യൂട്രലില്‍ തുടരുമെന്ന് ആസ്‌ത്രേലിയന്‍ കാലാവസ്ഥാ ഏജന്‍സി (The Bureau of Meteorology - BOM) ഉള്‍പ്പെടെയുള്ള കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ പറയുന്നു. ഇത് കേരളത്തില്‍ സ്വാഭാവിക വേനല്‍മഴ ന്യായമായും ലഭിക്കുമെന്ന് നിഗമനത്തിലെത്താനാകും.
എല്‍നിനോ മണ്‍സൂണിന് ഭീഷണി
വേനല്‍മഴയെ സ്വാധീനിക്കുന്ന മറ്റ് അന്തരീക്ഷ ഘടകങ്ങളുമുണ്ട്. അവയും ഇത്തവണ പോസിറ്റീവ് സിഗ്നലാണ് നല്‍കുന്ന്ത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനിലയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ ( Indian Ocean Dipole (IOD)) ഇതില്‍ പ്രധാനമാണ്. മെയ് മാസത്തിനു ശേഷം എല്‍നിനോ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന പ്രവചനം, കാലവര്‍ഷമെന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ കാര്യത്തില്‍ ആശങ്കയ്ക്ക് വക നല്‍കുന്നുണ്ട്.
വേനല്‍മഴ സാധാരണ രീതിയില്‍ ലഭിക്കുമെങ്കിലും മണ്‍സൂണ്‍ കുറയുമെന്ന സൂചനയാണ് ഈ ഘട്ടത്തില്‍ നിരീക്ഷിക്കപ്പെടുന്നത്. ഇതേ കുറിച്ച് കൂടുതല്‍ നിരീക്ഷണം നാം തുടരേണ്ടിവരും. ഇത്തവണ വേനല്‍ മഴയെ പരമാവധി സംഭരിക്കാന്‍ തയാറെടുപ്പ് നടത്തേണ്ടിവരും എന്ന് മനസിലാക്കണം.
English Summary: Kerala Summer Rain Forecast: ENSO Neutral Conditions to Bring Relief Amid Rising Temperatures. While Kerala is experiencing a significant rise in temperature during the month of Meenam, weather experts suggest there is no immediate threat of a severe drought. Current international and local climatic indicators point toward a favorable summer rain season for the state.
അരുണാചലിൽ മിന്നൽ പ്രളയം; സൈനിക ക്യാമ്പ് ഒഴുകിപ്പോയി, അഞ്ച് സൈനികരെ കാണാതായി
കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അരുണാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം. ദിബാങ് മാലി മേഖലയിലെ പാസുപാനി ആർമി ക്യാമ്പ് (Pasupani Army Camp) മിന്നൽ പ്രളയത്തിൽ പൂർണമായും ഒഴുകിപ്പോയതായാണ് വിവരം. അപകടത്തിൽ അഞ്ച് സൈനികരെ കാണാതായി.
മിന്നൽ പ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന ഏഴ് സൈനികർ (Army Personnel) ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്താൻ സാധിച്ചു. അഞ്ച് സൈനികർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പിലുണ്ടായിരുന്ന വാഹനങ്ങളും മറ്റ് ഉപകരണങ്ങളും വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
Anini, Arunachal Pradesh: A cloudburst in the Pashu Pani area of Anini around 4.45 pm on August 14 triggered a massive landslide, submerging the affected area. Two soldiers were rescued during immediate operations, while multiple teams from nearby posts joined the search and… pic.twitter.com/ioG9zXWeV0
— IANS (@ians_india) August 15, 2026
കാണാതായ സൈനികർക്കായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനം (Search and Rescue Operation) ഊർജിതമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
ഉരുൾപൊട്ടലിലും തൊഴിലാളികളെ കാണാതായി
അരുണാചൽ പ്രദേശിൽ വെള്ളിയാഴ്ച വൈകുന്നേരം മറ്റൊരു ദുരന്തവും റിപ്പോർട്ട് ചെയ്തു. അപ്പർ സുബൻസിരി ജില്ലയിൽ (Upper Subansiri District) ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികളെ കാണാതായി. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട തൊഴിലാളികൾക്കായി നടത്തിയ തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കനത്ത മഴയിൽ രക്ഷാപ്രവർത്തനം ദുഷ്കരം
തുടർച്ചയായ മഴയും മണ്ണിടിച്ചിലും പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. റോഡുകളിൽ മണ്ണും പാറകളും അടിഞ്ഞതോടെ പല മേഖലകളിലേക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു.
ദുരന്തനിവാരണ സേന (Disaster Response Teams) ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നത്. കാണാതായ സൈനികരെയും തൊഴിലാളികളെയും കണ്ടെത്തുന്നതിനായി കൂടുതൽ സംഘങ്ങളെ ദുരന്തബാധിത മേഖലകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തം
അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലനിരകളിൽ തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയം (Flash Flood), ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത ഉയർന്നിട്ടുണ്ട്.
പ്രദേശത്തെ താഴ്ന്ന മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യം വിലയിരുത്തി കൂടുതൽ മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്.
കാണാതായ സൈനികർക്കും തൊഴിലാളികൾക്കുമായി തിരച്ചിൽ തുടരുന്നതിനിടെ, അരുണാചലിൽ വീണ്ടും ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത രക്ഷാപ്രവർത്തകർക്ക് ആശങ്കയാകുകയാണ്.
English Summary : Heavy rain in Arunachal Pradesh has triggered catastrophic flash floods and landslides, sweeping away the Pasupani Army Camp in Dibang Valley. Five soldiers remain missing after two were rescued from raging waters. In a separate landslide in Upper Subansiri district, one construction worker was found dead, with three others still missing.