Newsroom
കാലവർഷം ജൂൺ 4 ന് എത്താൻ സാധ്യത, തുടക്കം കനത്ത മഴയോടെ
Metbeat News

കാലവർഷം ജൂൺ 4 ന് എത്താൻ സാധ്യത, തുടക്കം കനത്ത മഴയോടെ

2026 ലെ തെക്കു പടിഞ്ഞാറൻ മൺസൂൺ (South West Monsoon) അഥവാ കാലവർഷം ജൂൺ 4 ഓടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കേരളത്തിൽ എത്താൻ സാധ്യത.

കാലവർഷം ജൂൺ 4 ന് എത്താൻ സാധ്യത, തുടക്കം കനത്ത മഴയോടെ

2026 ലെ തെക്കു പടിഞ്ഞാറൻ മൺസൂൺ (South West Monsoon) അഥവാ കാലവർഷം ജൂൺ 4 ഓടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കേരളത്തിൽ എത്താൻ സാധ്യത. ഇന്ന് (മെയ് 26 ) ന് 4 ദിവസത്തെ മോഡൽ വ്യതിയാനത്തോടെ കാലവർഷം കേരളത്തിൽ എത്തും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 

എന്നാൽ, കാലവർഷത്തിന്റെ സ്ഥിരീകരണം നടത്താനുള്ള കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡങ്ങൾ ഇനിയും പൂർത്തിയായിട്ടില്ലെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു. അതിനാൽ കാലാവർഷം എത്തിയതായ പ്രഖ്യാപനം (Monsoon Onset) വൈകാനാണ് സാധ്യത. ഇതു സംബന്ധിച്ച് കാലാവസ്ഥാ വകുപ്പിന്റെ പ്രസ്താവന നാളെ ഉണ്ടായേക്കും.

കഴിഞ്ഞ ദിവസങ്ങളിൽ തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ വരെ എത്തിനിൽക്കുന്ന കാലവർഷക്കാറ്റ് (equatorial cross wind) കേരളത്തിലേക്ക് പ്രവേശിക്കാൻ അനുകൂലമായ അന്തരീക്ഷ സ്ഥിതി ഒരുങ്ങാത്തതാണ് കാരണം. ഒറ്റപ്പെട്ട മഴ തീരദേശങ്ങളിലും കിഴക്കൻ പ്രദേശങ്ങളിലും ലഭിക്കുന്നു എന്നതൊഴിച്ചാൽ കാലവർഷം പ്രഖ്യാപിക്കാനുള്ള മഴ മാനദണ്ഡം ഇനിയും പൂർത്തിയായിട്ടില്ല.

എന്തുകൊണ്ട് മാനദണ്ഡം പാലിക്കുന്നില്ല ? 

മെയ് 10 ന് ശേഷം ലക്ഷദ്വീപിലെ മിനിക്കോയ്, അമിനി, കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കർണാടകയിലെ മംഗലാപുരം വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 14 സ്റ്റേഷനുകളിൽ 60 % ത്തിലും തുടർച്ചയായ രണ്ടുദിവസം രണ്ടര മില്ലി മീറ്റർ മഴ ലഭിച്ചാൽ  കാലവർഷത്തിന്റെ മഴ മാനദണ്ഡം പൂർത്തിയാക്കിയതായി മനസ്സിലാക്കാം. 

എന്നാൽ തെക്കൻ കേരളത്തിലും  മധ്യകേരളത്തിലും ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും വടക്കൻ ജില്ലകളിൽ മഴ കുറവാണ്. 

കാറ്റിൻ്റെ മാനദണ്ഡവും പാലിച്ചില്ല

മറ്റൊരു പ്രധാന മാനദണ്ഡമായ കാറ്റിന്റെ വ്യാപ്തിയും ദിശയും വേഗതയും പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. 600 hpa മർദ്ദം ഉയരത്തിൽ വരെ പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടണം. ഏകദേശം സമുദ്രനിരപ്പിൽ നിന്ന് നാലര കിലോമീറ്റർ ഉയരം വരും ഇത്.

തെക്കു കിഴക്കൻ അറബിക്കടലിൽ 925 hpa  അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരം ) ഉയരത്തിൽ 15 മുതൽ 20 നോട്ടിക്കൽ മൈൽ (മണിക്കൂറിൽ  27 - 37 മൈൽ) വേഗതയിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടണം. 

എന്നാൽ താഴ്ന്ന ഉയരങ്ങളിൽ കാറ്റിന്റെ ദിശ അനുകൂലമാകുന്നുണ്ടെങ്കിലും, 600 hpa  ഉയരത്തിൽ കാറ്റിൻ്റെ ദിശയോ വേഗതയോ സ്ഥിരപ്പെടുന്നില്ല. അതിനാൽ കാലവർഷം എത്തിയെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

മറ്റൊരു മാനദണ്ഡമായ, ഭൗമോപരിതലത്തിൽ നിന്ന് ബഹിർഗമിക്കുന്ന  Outgoing Longwave Radiation (OLR)  മാനദണ്ഡവും പൂർത്തിയായിട്ടില്ല. ചതുരശ്ര കിലോമീറ്ററിൽ 200 വാട്സിൽ താഴെ ആകണം ഇതിൻ്റെ അളവ്. ഭൂമധ്യരേഖക്ക് വടക്ക് അക്ഷാംശ രേഖ 5 ഡിഗ്രി മുതൽ 10 ഡിഗ്രി ( ഏകദേശം കൊച്ചി വരെ) ഈ മാനദണ്ഡം പൂർത്തിയാകണം. 

കാലവർഷക്കാറ്റിനെ തടസ്സപ്പെടുത്തുന്നത് എന്ത് ? 

അറബിക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി (cyclonic circulation) കാലവർഷക്കാറ്റിൻ്റെ ഗതി തടസ്സപ്പെടുത്തുകയും കേരളത്തിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നു. നേരത്തെ അറബിക്കടലിന്റെ മധ്യ പടിഞ്ഞാറൻ മേഖലയിൽ ഉണ്ടായ മറ്റൊരു ചക്രവാത ചുഴിയും കാലവർത്തക്കാറ്റ് കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് തടസ്സപ്പെടുത്തിയിരുന്നു.

ഇപ്പോൾ സംഭവിക്കുന്നത്

കേരളത്തിലേക്ക് എത്തേണ്ട കാലവർഷക്കാറ്റ് തീരപ്രദേശത്ത് വെച്ച് ദുർബലമായി സമാന്തരമായി തെക്കോട്ട് സഞ്ചരിക്കുകയാണ്. ഇത് മാറണമെങ്കിൽ അറബി കടലിലെ ചക്രവാത ചുഴി ദുർബലമാവുകയോ ബംഗാൾ ഉൾക്കടലിൽ മറ്റൊരു സിസ്റ്റം രൂപപ്പെടുകയോ വേണം. 

ഇനി എന്ത് സംഭവിക്കും ? 

ജൂൺ ഒന്നിന് ശേഷം ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാത ചുഴി രൂപപ്പെടാനും കാലവർത്തക്കാറ്റ് കേരളത്തിലേക്ക് ശക്തമായി പ്രവേശിക്കുന്ന സാഹചര്യവും ഉണ്ടാകും. ഇപ്പോഴത്തെ സൂചനകൾ പ്രകാരം മെയ് 3ന് അർദ്ധരാത്രിയോടെ കേരളത്തിൽ എല്ലായിടത്തും മഴ ലഭിച്ചു തുടങ്ങും. മെയ് 4 ന് ശക്തമായ മഴയും സാധ്യത.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം monsoon low pressure ആയി മാറാൻ സാധ്യതയുള്ളതിനാൽ വടക്കൻ കേരളത്തിൽ അടക്കം മെയ് നാലു മുതൽ 8 വരെയുള്ള തീയതികളിൽ കനത്ത മഴ പ്രതീക്ഷിക്കാം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ ഉണ്ടാകാൻ സാധ്യത. 

നിങ്ങളുടെ പ്രദേശത്തെ കൺ അന്തരിച്ച സ്ഥിതിയും 15 ദിവസത്തേക്കുള്ള കാലാവസ്ഥയും അറിയാൻ ഞങ്ങളുടെ ഫോർക്കാസ്റ്റ് വെബ്സൈറ്റ് ആയ metbeat.com സന്ദർശിക്കുക. 👇

English Summary: Kerala Monsoon Onset Likely Delayed to June 4, Expected to Begin with Heavy Rains. The formal announcement is on hold because the necessary atmospheric and meteorological parameters have not yet been met. 

അരുണാചലിൽ മിന്നൽ പ്രളയം; സൈനിക ക്യാമ്പ് ഒഴുകിപ്പോയി, അഞ്ച് സൈനികരെ കാണാതായി

കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അരുണാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം. ദിബാങ് മാലി മേഖലയിലെ പാസുപാനി ആർമി ക്യാമ്പ് (Pasupani Army Camp) മിന്നൽ പ്രളയത്തിൽ പൂർണമായും ഒഴുകിപ്പോയതായാണ് വിവരം. അപകടത്തിൽ അഞ്ച് സൈനികരെ കാണാതായി.

മിന്നൽ പ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന ഏഴ് സൈനികർ (Army Personnel) ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്താൻ സാധിച്ചു. അഞ്ച് സൈനികർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പിലുണ്ടായിരുന്ന വാഹനങ്ങളും മറ്റ് ഉപകരണങ്ങളും വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 

കാണാതായ സൈനികർക്കായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനം (Search and Rescue Operation) ഊർജിതമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഉരുൾപൊട്ടലിലും തൊഴിലാളികളെ കാണാതായി

അരുണാചൽ പ്രദേശിൽ വെള്ളിയാഴ്ച വൈകുന്നേരം മറ്റൊരു ദുരന്തവും റിപ്പോർട്ട് ചെയ്തു. അപ്പർ സുബൻസിരി ജില്ലയിൽ (Upper Subansiri District) ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികളെ കാണാതായി. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട തൊഴിലാളികൾക്കായി നടത്തിയ തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കനത്ത മഴയിൽ രക്ഷാപ്രവർത്തനം ദുഷ്കരം

തുടർച്ചയായ മഴയും മണ്ണിടിച്ചിലും പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. റോഡുകളിൽ മണ്ണും പാറകളും അടിഞ്ഞതോടെ പല മേഖലകളിലേക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു.

ദുരന്തനിവാരണ സേന (Disaster Response Teams) ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നത്. കാണാതായ സൈനികരെയും തൊഴിലാളികളെയും കണ്ടെത്തുന്നതിനായി കൂടുതൽ സംഘങ്ങളെ ദുരന്തബാധിത മേഖലകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തം

അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലനിരകളിൽ തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയം (Flash Flood), ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത ഉയർന്നിട്ടുണ്ട്. 

പ്രദേശത്തെ താഴ്ന്ന മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യം വിലയിരുത്തി കൂടുതൽ മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്.

കാണാതായ സൈനികർക്കും തൊഴിലാളികൾക്കുമായി തിരച്ചിൽ തുടരുന്നതിനിടെ, അരുണാചലിൽ വീണ്ടും ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത രക്ഷാപ്രവർത്തകർക്ക് ആശങ്കയാകുകയാണ്. 

English Summary : Heavy rain in Arunachal Pradesh has triggered catastrophic flash floods and landslides, sweeping away the Pasupani Army Camp in Dibang Valley. Five soldiers remain missing after two were rescued from raging waters. In a separate landslide in Upper Subansiri district, one construction worker was found dead, with three others still missing.