Newsroom
kerala weather : കേരളത്തിൽ മഴക്കെടുതി ശക്തം; റോഡുകൾ വെള്ളത്തിനടിയിൽ, ഗതാഗതം താറുമാറായി
Metbeat News

kerala weather : കേരളത്തിൽ മഴക്കെടുതി ശക്തം; റോഡുകൾ വെള്ളത്തിനടിയിൽ, ഗതാഗതം താറുമാറായി

സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴ (Heavy Rain) ജനജീവിതത്തെ സാരമായി ബാധിച്ചു.

കേരളത്തിൽ മഴക്കെടുതി ശക്തം; റോഡുകൾ വെള്ളത്തിനടിയിൽ, ഗതാഗതം താറുമാറായി

സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴ (Heavy Rain) ജനജീവിതത്തെ സാരമായി ബാധിച്ചു. വിവിധ ജില്ലകളിൽ വെള്ളപ്പൊക്കം (Flooding), മണ്ണിടിച്ചിൽ (Landslide), റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗത തടസ്സം എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകൾ തുടരുന്നതിനിടെ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) നൽകിയിട്ടുണ്ട്. 

മറ്റക്കരയിൽ പ്രളയസമാന സാഹചര്യം (Flood-like Situation)

കോട്ടയം ജില്ലയിലെ മറ്റക്കരയിൽ പ്രളയസമാന സാഹചര്യമാണ് നിലനിൽക്കുന്നത്. കനത്ത മഴയെ തുടർന്ന് പന്നഗം തോട് കരകവിഞ്ഞൊഴുകി പ്രദേശത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായി. പടിഞ്ഞാറെ പാലം നിറഞ്ഞ് കവിഞ്ഞതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.  

1785562513W.webp  Photo: special arrangements

ചുവന്ന പ്ലാവ്–കുഴിമറ്റം കവലയിൽ റോഡിലേക്ക് വെള്ളം കയറിയതോടെ വാഹനയാത്ര ദുഷ്‌കരമായി. തച്ചിലങ്ങാട് റോഡും വെള്ളത്തിനടിയിലായതോടെ മറ്റക്കരയുടെ വിവിധ ഭാഗങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ബസ് സർവീസുകൾ ഉൾപ്പെടെ പൊതുഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. 

1785562844W.webp   Photo: special arrangements

നിരവധി വീടുകളിലേക്ക് വെള്ളം കയറിയതോടെ കുടുംബങ്ങൾ ദുരിതത്തിലായി. സമീപകാലത്ത് കണ്ടിട്ടില്ലാത്ത തരത്തിലുള്ള വെള്ളപ്പൊക്കമാണിതെന്ന് പ്രദേശവാസികൾ പറയുന്നു. വർഷങ്ങളായി പന്നഗം തോട് ശുചീകരിക്കാത്തതും തടയണകളിലെ അപര്യാപ്തമായ പരിപാലനവും വെള്ളപ്പൊക്കത്തിന് കാരണമായെന്നാണ് നാട്ടുകാരുടെ ആരോപണം. ഗ്രാമപഞ്ചായത്ത് ആവശ്യമായ ഇടപെടൽ നടത്തിയില്ലെന്നും ഇതുവരെ കാര്യമായ രക്ഷാപ്രവർത്തനങ്ങളോ സഹായങ്ങളോ ലഭിച്ചിട്ടില്ലെന്നും പ്രദേശവാസികൾ വിമർശിക്കുന്നു. 

കോഴിക്കോട് സ്കൂൾ മതിൽ തകർന്നു; നാട്ടുകാർ ആശങ്കയിൽ

കോഴിക്കോട് പാലത്ത് ഊട്ടുകുളം ജനത എ.യു.പി സ്കൂളിന്റെ പിൻവശത്തെ മതിലിന്റെ ഒരു ഭാഗം ശക്തമായ മഴയെ തുടർന്ന് തകർന്നു വീണു. ഏകദേശം ഒരു മാസമായി മതിലിൽ വിള്ളൽ രൂപപ്പെട്ടിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികളൊന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. 

സംഭവത്തെ തുടർന്ന് സ്കൂളിനോട് ചേർന്നുള്ള വീടുകളിലെ താമസക്കാർ ആശങ്കയിലാണ്. നിരവധി വിദ്യാർഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായതിനാൽ ബാക്കി ഭാഗങ്ങളും അപകടാവസ്ഥയിലാണോയെന്ന് പരിശോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

NH-766 വെള്ളത്തിനടിയിൽ; വയനാട്ടിലേക്കുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു

ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴ ടൗണിൽ ദേശീയപാതയായ NH-766 വെള്ളത്തിനടിയിലായി. ഇതോടെ ഈ ഭാഗത്തെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.വയനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കൈതപ്പൊയിൽ–നോളജ് സിറ്റി–കോടഞ്ചേരി വഴിയാണ് നിലവിൽ തിരിച്ചുവിടുന്നത്. കോഴിക്കോട് ഭാഗത്തുനിന്ന് യാത്ര ചെയ്യുന്നവർ താമരശ്ശേരി–കൂടത്തായി–മൈക്കാവ്–കോടഞ്ചേരി വഴിയാണ് വയനാട്ടിലേക്ക് പോകേണ്ടതെന്ന് അധികൃതർ അറിയിച്ചു. 

എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയും അപകടസാധ്യതയും പരിഗണിച്ച് സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. വയനാട്ടിൽ ഇന്നലെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നപ്പോൾ, മറ്റ് ജില്ലകളിൽ ഇന്ന് പുലർച്ചെയാണ് തീരുമാനം പ്രഖ്യാപിച്ചത്.

അടുത്ത മൂന്ന് മണിക്കൂർ അതീവ ജാഗ്രത; റെഡ് അലർട്ട് മുന്നറിയിപ്പ്

കേന്ദ്ര കാലാവസ്ഥ വകുപ്പ് (India Meteorological Department - IMD) പുറത്തിറക്കിയ ഏറ്റവും പുതിയ Nowcast മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് (Red Alert) പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ട് (Orange Alert) പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.

മലയോര മേഖലകൾ, നദീതീരങ്ങൾ, വെള്ളക്കെട്ട് രൂപപ്പെട്ട പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും വെള്ളം കയറിയ റോഡുകളിലൂടെ വാഹനങ്ങൾ ഓടിക്കാതിരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും മുന്നറിയിപ്പ് നൽകി. രക്ഷാപ്രവർത്തനങ്ങൾ വിവിധ ജില്ലകളിൽ പുരോഗമിക്കുകയാണെന്നും സാഹചര്യം നിരന്തരം വിലയിരുത്തുകയാണെന്നും അധികൃതർ അറിയിച്ചു. 

English Summary : Severe continuous rainfall has triggered flood-like situations, landslides, and major traffic disruptions across multiple districts in Kerala.

റെഡ് അലർട്ട് വൈകിയെന്ന വിമർശനം; വിശദീകരണവുമായി ദുരന്തനിവാരണ അതോറിറ്റി

റെഡ് അലർട്ട് പ്രഖ്യാപിക്കാൻ വൈകിയെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി രംഗത്ത്. മഴ മുന്നറിയിപ്പുകൾ നിരവധി ശാസ്ത്രീയ നിരീക്ഷണങ്ങളുടെയും റഡാർ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് നൽകുന്നതെന്നും, മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് വ്യക്തമാക്കി.

കാലവർഷക്കാലത്ത് അലർട്ടുകളെ മാത്രം ആശ്രയിച്ചല്ല തയ്യാറെടുപ്പുകൾ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് പിന്നീട് സാഹചര്യങ്ങൾ വിലയിരുത്തി റെഡ് അലർട്ടായി ഉയർത്തുന്നത് സ്വാഭാവിക നടപടിക്രമമാണെന്നും, റഡാർ ഡാറ്റയിലും കാലാവസ്ഥാ സാഹചര്യങ്ങളിലും വരുന്ന മാറ്റങ്ങൾക്കനുസരിച്ച് മൂന്ന് മണിക്കൂർ ഇടവിട്ട് പോലും മുന്നറിയിപ്പുകളിൽ മാറ്റം വരാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തുടരും

നിലവിൽ അനുഭവപ്പെടുന്ന മഴയുടെ തീവ്രത കുറയുമെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കനത്ത മഴ ലഭിക്കുന്ന കൃത്യമായ സ്ഥലങ്ങൾ മുൻകൂട്ടി നിർണയിക്കുന്നതിന് ഇപ്പോഴും ശാസ്ത്രീയ പരിമിതികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുന്ന വെള്ളിയാഴ്ചയോടെ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനനുസരിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഡോ. ശേഖർ കുര്യാക്കോസ് അറിയിച്ചു. 

English Summary : The Kerala State Disaster Management Authority (KSDMA) has responded to criticism regarding the delay in issuing a Red Alert for heavy rainfall in the state. KSDMA Member Secretary Dr. Sekhar Kuriakose clarified that there was no lapse in issuing warnings, as weather alerts are based on rigorous scientific observations and real-time radar data.

More from Metbeat