Newsroom
African Giant Snail : കൊന്നാലും തീരുന്നില്ല; മഴയിൽ അതിവേഗം പടർന്ന് ആഫ്രിക്കൻ ഒച്ചുകൾ
Metbeat News

African Giant Snail : കൊന്നാലും തീരുന്നില്ല; മഴയിൽ അതിവേഗം പടർന്ന് ആഫ്രിക്കൻ ഒച്ചുകൾ

കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അതീവ പ്രജനനശേഷിയുള്ള ആഫ്രിക്കൻ ഒച്ച് (African Giant Snail) വ്യാപകമാകുന്നത് ജനങ്ങളിലും

കൊന്നാലും തീരുന്നില്ല; മഴയിൽ അതിവേഗം പടർന്ന് ആഫ്രിക്കൻ ഒച്ചുകൾ 

കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അതീവ പ്രജനനശേഷിയുള്ള ആഫ്രിക്കൻ ഒച്ച് (African Giant Snail) വ്യാപകമാകുന്നത് ജനങ്ങളിലും കർഷകരിലും വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നു. കൃഷിയിടങ്ങൾ നശിപ്പിക്കുന്നതിനൊപ്പം മനുഷ്യരുടെ ആരോഗ്യത്തിനും ഭീഷണിയാകുന്ന ഈ ഒച്ചുകളെ പൂർണമായും ഇല്ലാതാക്കുന്നത് എളുപ്പമല്ലെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

പെരുമ്പടപ്പ് പഞ്ചായത്തിലെ ചെറവല്ലൂരിൽ രണ്ടുവർഷം മുൻപാണ് ആദ്യമായി ആഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തിയത്. തുടക്കത്തിൽ ചെറിയ തോതിലായിരുന്നെങ്കിലും മഴക്കാലം ശക്തമായതോടെ ഇവ അതിവേഗത്തിൽ വ്യാപിക്കുകയായിരുന്നു. ഇപ്പോൾ തെങ്ങ്, വാഴ, പച്ചക്കറി, മറ്റ് ഫലവൃക്ഷങ്ങൾ എന്നിവയടക്കം നിരവധി സസ്യങ്ങളിൽ ഇവ കൂട്ടത്തോടെ പറ്റിപ്പിടിച്ചിരിക്കുന്നതായി നാട്ടുകാർ പറയുന്നു.

രാത്രികാലങ്ങളിലാണ് (Nocturnal Activity) ഇവയുടെ സഞ്ചാരം കൂടുതലായി കാണപ്പെടുന്നത്. പകൽസമയത്ത് ചെടികളുടെ ചുവട്ടിലും കല്ലുകൾക്കടിയിലും മതിലുകളുടെ വിടവുകളിലുമാണ് ഇവ ഒളിച്ചിരിക്കുന്നത്.

കൊന്നാലും തീരുന്നില്ല

പ്രദേശവാസികൾ ദിവസേന നൂറുകണക്കിന് ഒച്ചുകളെ നശിപ്പിക്കുന്നുണ്ടെങ്കിലും പിറ്റേന്നും അതേ തോതിൽ ഒച്ചുകൾ പ്രത്യക്ഷപ്പെടുന്നതായാണ് പരാതി. ഒരു ആഫ്രിക്കൻ ഒച്ചിന് 300 മുതൽ 500 വരെയും ചിലപ്പോൾ അതിലധികവും മുട്ടയിടാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.

ഒച്ചുകളെ നശിപ്പിച്ചാലും മണ്ണിനടിയിലുള്ള മുട്ടകൾ (Egg Cluster) നശിക്കാത്തതാണ് ഏറ്റവും വലിയ വെല്ലുവിളി. മൂന്ന് വർഷം വരെ മണ്ണിൽ ജീവനോടെ നിലനിൽക്കാൻ മുട്ടകൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. അതിനാൽ ഒരു ഒച്ചിനെ ഇല്ലാതാക്കിയാലും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വീണ്ടും വലിയ തോതിൽ വ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ട്.

കൃഷിക്ക് വൻ നാശം; ആരോഗ്യ ഭീഷണിയും

ആഫ്രിക്കൻ ഒച്ചുകൾ വിവിധ കാർഷികവിളകൾ ഭക്ഷിക്കുന്നതിനാൽ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഇലകൾ, തൈകൾ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയ്ക്ക് പുറമെ ചുമരുകളിലെ പ്ലാസ്റ്റർ, സിമന്റ് എന്നിവയും ഇവ നശിപ്പിക്കുന്നതായി പ്രദേശവാസികൾ പറയുന്നു.

ഇവയുടെ സ്രവത്തിൽ (Slime) മനുഷ്യരിൽ ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്ന ചില പരാന്നഭോജികൾ (Parasites) ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, അപൂർവ സാഹചര്യങ്ങളിൽ മസ്തിഷ്കജ്വരവുമായി (Meningitis) ബന്ധപ്പെട്ട അണുബാധകൾക്കും കാരണമായേക്കാമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അതിനാൽ കൈകൊണ്ട് നേരിട്ട് സ്പർശിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

സമീപ പഞ്ചായത്തുകളിലേക്കും വ്യാപനം

പെരുമ്പടപ്പിൽ മാത്രമല്ല, സമീപ പഞ്ചായത്തുകളായ നന്നംമുക്ക്, ആലങ്കോട് എന്നിവിടങ്ങളിലും ആഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പ്രദേശവ്യാപകമായി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ട സാഹചര്യമാണെന്ന് കൃഷിവകുപ്പ് പറയുന്നു. തുടക്കത്തിൽ തന്നെ കണ്ടെത്തി നശിപ്പിച്ചാൽ വ്യാപനം നിയന്ത്രിക്കാനാകും.

 *  ഉപ്പ് (Salt) വിതറി നശിപ്പിക്കുക, തുടർന്ന് ഉപ്പുവെള്ള ലായനിയിൽ (Salt Solution) കുറഞ്ഞത്           രണ്ട് ദിവസം മുക്കിവയ്ക്കുക. പിന്നീട് ആഴത്തിലുള്ള കുഴിയെടുത്ത് മൂടണം.
 *  ചെടികളിൽ ഒച്ചുകളെ കണ്ടാൽ ഒരു ലിറ്റർ വെള്ളത്തിന് അഞ്ച് ഗ്രാം തുരിശ് (Copper Sulphate) കലർത്തിയ ലായനി തളിക്കാം.
*  കുമ്മായം (Lime) അല്ലെങ്കിൽ ഉപ്പും ഫലപ്രദമാണ്.
*  കിണറുകൾക്ക് സമീപം ഒച്ചുകളെ കണ്ടാൽ ബ്ലീച്ചിങ് പൗഡർ (Bleaching Powder) വിതറണമെന്നും നിർദേശമുണ്ട്.
*  വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതും വ്യാപനം തടയാൻ സഹായിക്കും.

കൃഷിവകുപ്പും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് ജനജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കാനാണ് തീരുമാനം. മഴക്കാലത്ത് ഇത്തരം ഒച്ചുകളുടെ വ്യാപനം കൂടുതൽ സാധ്യതയുള്ളതിനാൽ, കണ്ടാൽ ഉടൻ ബന്ധപ്പെട്ട കൃഷി ഓഫീസിലോ പഞ്ചായത്തിലോ വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. 

Eglish Summary : Heavy monsoon rains have triggered a widespread infestation of the highly invasive African Giant Snail (Achatina fulica) across various local bodies in Malappuram district, including Perumpadappu, Nannammukku, and Alankode. The rapid proliferation of these pests has sparked serious concerns among local farmers, residents, and Agriculture Department officials.

പ്രളയം നേരിടാന്‍ കേരള ഫ്‌ളഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ് പദ്ധതിയുമായി സര്‍ക്കാര്‍, മുഖ്യമന്ത്രിയുമായി ഐ.ഐ.ടി സംഘം ചര്‍ച്ച നടത്തി

കേരളത്തിലെ പ്രളയം നേരിടാന്‍ കേരള ഫ്‌ളഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഐ.ഐ.ടികളിലെ വിദഗ്ധര്‍ മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. 

ഇന്ത്യയിലെ കാലാവസ്ഥാ പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ കേരള മാതൃക എന്നതാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതി. രാജ്യത്തിനു മാതൃകയാകുന്ന വിധത്തില്‍ പദ്ധതി എങ്ങനെ നടപ്പാക്കാമെന്നതാണ് മുഖ്യമന്ത്രി ഐ.ഐ.ടി സംഘത്തോട് ആരാഞ്ഞത്.

പദ്ധതിയുടെ സമഗ്ര രൂപരേഖ ഐ.ഐ.ടി റൂര്‍ക്കി, ഐ.ഐ.ടി പാലക്കാട്, ഐ.ഐ.ഐ.ടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധര്‍ അടങ്ങിയ സംഘം മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.

സംസ്ഥാനത്തുണ്ടാകുന്ന തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങി വിവിധ പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ശാസ്ത്രീയ മുന്നൊരുക്കങ്ങളാണ് വിദഗ്ധ സംഘം നിര്‍ദേശിച്ചത്. 

എ.ഐ, മെഷീന്‍ ലേണിങ്, ഉപഗ്രഹത്തിന്റെ സഹായത്തോടെയുള്ള റിമോട്ട് സെന്‍സിങ്, ഹൈഡ്രോഡൈനാമിക് മോഡലിങ്, കൃത്യതയാര്‍ന്ന മഴ പ്രവചന സംവിധാനം എന്നിവ പ്രയോജനപ്പെടുത്തി പ്രളയ സാധ്യതയുള്ള പ്രദേശങ്ങള്‍ നേരത്തെ കണ്ടെത്താനും കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും പദ്ധതി വഴി സാധിക്കും. 

പുഴകള്‍, തടാകങ്ങള്‍, കായലുകള്‍ എന്നിവയിലെ എക്കലും മണ്ണും നീക്കം ചെയ്യുന്ന നടപടികള്‍ പ്രകൃതിയെയും ജലത്തിന്റെ ഒഴുക്കിനെയും എങ്ങനെ ബാധിക്കുമെന്നത് ശാസ്ത്രീയമായി പഠിച്ചശേഷമേ നടപ്പാക്കാവൂ എന്നും ഐ.ഐ.ടി സംഘം ചൂണ്ടിക്കാട്ടി.

പദ്ധതി സംബന്ധിച്ച് വിശദമായി പരിശോധിക്കാന്‍ ജലവിഭവ വകുപ്പിനും ദുരന്തനിവാരണ വകുപ്പിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പദ്ധതിയുടെ സാങ്കേതിക സാദ്ധ്യതകള്‍, സാമ്പത്തിക വശങ്ങള്‍, നടത്തിപ്പ് രീതികള്‍ എന്നിവയെക്കുറിച്ച് വിശദമായ പഠനം നടത്താന്‍ മുഖ്യമന്ത്രി സതീശന്‍ ജലവിഭവ, ദുരന്തനിവാരണ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഈ നിര്‍ദ്ദേശം സംയുക്തമായി പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇരു വകുപ്പുകളോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുന്നതിലെ തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുക.

ഈ പദ്ധതി ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍, പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്, കൃഷിമന്ത്രി ടി. സിദ്ദിഖ്, ജലവിഭവ മന്ത്രി മോന്‍സ് ജോസഫ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ (ഐ.എ.എസ്) എന്നിവരടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.

സമീപകാലത്തുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കേരളത്തിലെ കാര്‍ഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയതായി കൃഷിമന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. 9,332 ഹെക്ടര്‍ കൃഷിഭൂമി നശിക്കുകയും 45,904 കര്‍ഷകരെ ഇത് സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. കാര്‍ഷിക മേഖലയിലുണ്ടായ സാമ്പത്തിക നഷ്ടം ഏകദേശം 127.61 കോടി രൂപയോളം വരും എന്നും അദ്ദേഹം അറിയിച്ചു.