Newsroom
ഓഗസ്റ്റിലും സെപ്റ്റംബറിലും കേരളത്തില്‍ ഉള്‍പ്പെടെ മഴക്കുറവ്, ചൂട് കൂടും
Metbeat News

ഓഗസ്റ്റിലും സെപ്റ്റംബറിലും കേരളത്തില്‍ ഉള്‍പ്പെടെ മഴക്കുറവ്, ചൂട് കൂടും

Below-Normal Rainfall and Rising Temperatures Expected in Kerala and Across India for August and September

ഓഗസ്റ്റിലും സെപ്റ്റംബറിലും കേരളത്തില്‍ ഉള്‍പ്പെടെ മഴക്കുറവ്, ചൂട് കൂടും

കേരളത്തില്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ( കാലവര്‍ഷം) അടുത്ത രണ്ടു മാസം (ഓഗസ്റ്റ്, സെപ്റ്റംബറില്‍) സാധാരണ മഴയേക്കാള്‍ 94 ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 

കേരളത്തില്‍ ആദ്യ രണ്ടു മാസം34 ശതമാനം മഴക്കുറവ്

കാലവര്‍ഷം ഇതിനകം രണ്ടു മാസം പിന്നിട്ടപ്പോള്‍ കേരളത്തില്‍ 34 ശതമാനം മഴക്കുറവുണ്ട്. ജൂണ്‍ 1 മുതല്‍ ജൂലൈ 31 വരെ കേരളത്തില്‍ 1301.7 മില്ലി മീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇതുവരെ ലഭിച്ചത് 853.8 മില്ലി മീറ്റര്‍ മഴയാണ്. കേരളത്തില്‍ തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴക്കുറവ് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് 17 ശതമാനം മഴക്കുറവുണ്ടെങ്കിലും സാങ്കേതികമായി സാധാരണ മഴ ലഭിച്ച കണക്കിലാണ് വരിക. 

മഴക്കുറവില്‍ ഏറ്റവും മുന്നില്‍ വയനാട്, രണ്ടാമത് ഇടുക്കി

58 ശതമാനം മഴക്കുറവുള്ള വയനാടാണ് മഴക്കുറവില്‍ ഏറ്റവും മുന്നില്‍. തൊട്ടു പിന്നാലെ കേരളത്തിന്റെ കിഴക്കന്‍ ജില്ലയായ ഇടുക്കി (56 % ) മഴക്കുറവുമായി രണ്ടാം സ്ഥാനത്തുണ്ട്. കേന്ദ്രഭരണ പ്രദേശമായ മാഹിയിലും 21 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. ലക്ഷദ്വീപിലും 38 ശതമാനം മഴക്കുറവുണ്ട്. 

രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശത്തും മഴ കുറയും

ദക്ഷിണേന്ത്യയല്ലാതെ രാജ്യത്തിന്റെ മധ്യ, വടക്കന്‍ , വടക്കുപടിഞ്ഞാറ് സംസ്ഥാനങ്ങളിലും മഴ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സാധാരണയേക്കാള്‍ കുറവു രേഖപ്പെടുത്തും. 

ഓഗസ്റ്റില്‍ ചൂടും കൂടും

ഓഗസ്റ്റില്‍ രാജ്യത്തെ എല്ലാ മേഖലകളിലും സാധാരണയേക്കാള്‍ ചൂടും കൂടും. ഓഗസ്റ്റ് മാസത്തില്‍ രാത്രി താപനിലയില്‍ വലിയ മാറ്റമില്ല. എന്നാല്‍ പകല്‍ സമയത്തെ കൂടിയ താപനിലയിലാണ് മാറ്റമുണ്ടാകുക. 

അടുത്ത രണ്ടുമാസം മഴ കുറയാന്‍ പ്രധാന കാരണം പസഫിക് സമുദ്രത്തിലെ എല്‍നിനോയാണ്. എല്‍നിനോ മണ്‍സൂണ്‍ കഴിയുന്നതോടെ കൂടുതല്‍ ശക്തമാകുകയും ചെയ്യും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനിലയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ (IOD) നൂട്രലില്‍ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. ഇത് പോസിറ്റീവായാലാണ് നമുക്ക് മഴ കിട്ടാന്‍ അനുകൂല സാഹചര്യം ഉരുത്തിരിയുന്നത്. സെപ്റ്റംബര്‍ മാസത്തെ പ്രവചനം ഓഗസ്റ്റ് അവസാനത്തോടെ വീണ്ടും പുതുക്കി കാലാവസ്ഥാ വകുപ്പ് പുറത്തുവിടും.

കേരളം, തമിഴ്‌നാട്, കര്‍ണാടക

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും മഴ സാധാരണയേക്കാള്‍ കുറയും. വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ ഏറ്റവും കൂടുതലായി കുറയാന്‍ സാധ്യതയുള്ളത്. കേരളത്തോടൊപ്പം കര്‍ണാടകയിലും ഏതാണ്ട് പൂര്‍ണമായി ഓഗസ്റ്റില്‍ മഴ സാധാരണയേക്കാള്‍ കുറയും. തമിഴ്‌നാട്ടില്‍ മഴക്കുറവാണ് ഭൂരിഭാഗം പ്രദേശങ്ങളിലും സാധ്യതയെങ്കിലും മധ്യ, തെക്കന്‍ തമിഴ്‌നാട്ടില്‍ ചിലയിടങ്ങളില്‍ സാധാരണ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. 

ഓഗസ്റ്റില്‍ ചൂട് കൂടും

കേരളത്തില്‍ ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും ഓഗസ്റ്റില്‍ പകല്‍ ചൂട് സാധാരണയേ്ക്കാള്‍ കൂടുതല്‍ അനുഭവപ്പെടാന്‍ സാധ്യത. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ചൂട് കൂടുതലായിരിക്കും.

English Summary : Below-Normal Rainfall and Rising Temperatures Expected in Kerala and Across India for August and September. The India Meteorological Department (IMD) predicts that the Southwest Monsoon will remain weak over the next two months (August and September), with rainfall expected to be below 94% of the long-period average across several states, including Kerala.

Live Rain Update 03/08/26 : മധ്യ കേരളത്തിൽ പുലർച്ചെ വരെ മഴ തുടരാൻ സാധ്യത

 മധ്യകേരളത്തിലെ എറണാകുളം തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ രണ്ടു മണിക്കൂർ കൂടി മഴ തുടരാൻ സാധ്യത. ശക്തമായ മഴ എറണാകുളം ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരാൻ കാരണമാകും. അതിനാൽ ജാഗ്രത പാലിക്കണം. കടലിന് മുകളിൽ നിന്ന് കരയിലേക്ക് നീണ്ട മേഘങ്ങൾ ആണ് എറണാകുളത്തിന്റെ മുകളിൽ ഇപ്പോൾ മഴ നൽകുന്നത്. 

ഇവ പെയ്തു തീരുന്നതോടെ മഴയ്ക്ക് താൽക്കാലിക ശമനം ലഭിക്കും. പുലർച്ചെ വരെ മഴ തുടരാനാണ് സാധ്യത. 

കൂടുതൽ വിവരങ്ങൾ ലൈവ് അപ്ഡേറ്റിൽ ഇവിടെ ലഭിക്കും. ലിങ്ക് ഇടയ്ക്കിടെ റീഫ്രഷ് ചെയ്യുക. പുതിയ അപ്ഡേറ്റുകൾ കാണാം. 

More from Metbeat