
കേരളത്തിൽ ഇന്ന് തീവ്രമഴ മുന്നറിയിപ്പില്ല, 8 ജില്ലകളിൽ റെഡ് അലർട്ട്, കാലാവസ്ഥ അലർട്ട് വായിക്കാൻ പഠിക്കാം
റെഡ് അലർട്ട് എന്നത് എല്ലായിടത്തും അതിതീവ്ര മഴ ഉറപ്പാണ് എന്നല്ല അർഥമാക്കുന്നത്. ഇത് പലർക്കും തെറ്റിദ്ധാരണയുണ്ടാക്കുന്ന വിഷയമാണിത്.
കേരളത്തിൽ ഇന്ന് തീവ്രമഴ മുന്നറിയിപ്പില്ല, 8 ജില്ലകളിൽ റെഡ് അലർട്ട്, കാലാവസ്ഥ അലർട്ട് വായിക്കാൻ പഠിക്കാം
ഇന്ന് (ചൊവ്വ ) 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ എവിടെയും തീവ്രമഴ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിച്ചിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് റെഡ് അലർട്ട് നൽകിയത്. ഇങ്ങനെ ഒരു സംശയമാണ് നിങ്ങളുടെ മനസ്സിൽ വരുന്നുണ്ടാവുക.
കാലാവസ്ഥ അലർട്ടുകൾ ശരിയായി മനസ്സിലാക്കാത്തതാണ് ഇത്തരം സംശയങ്ങൾക്ക് കാരണം. ചില മാധ്യമങ്ങളിലും ഔദ്യോഗിക പേജിൽ പോലും കാലാവസ്ഥാ വകുപ്പ് തീവ്രമഴ മുന്നറിയിപ്പ് നൽകിയെന്ന് പറയുന്നുണ്ടെങ്കിലും, അത്തരം ഒരു മുന്നറിയിപ്പ് ഇല്ല. കാലാവസ്ഥ വകുപ്പ് നൽകിയത് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പാണ്. തീവ്രമഴ അല്ല.
യഥാർത്ഥത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് കേരളത്തിൽ നൽകിയത് ഒറ്റപ്പെട്ട ശക്തമായ അല്ലെങ്കിൽ അതിശക്തമായ മഴയ്ക്കുള്ള ( Isolated heavy to very heavy rain) മുന്നറിയിപ്പാണ്. റെഡ് അലർട്ട് മാത്രമുള്ള ജില്ലകളിൽ അല്ല ഓറഞ്ച് അലർട്ട് ഉള്ള ജില്ലകളിലും ഇങ്ങനെയാണ് നൽകിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴപെയ്ത് കുതിർന്ന പ്രദേശങ്ങളിൽ അപകടസാധ്യത കണക്കിലെടുത്താണ് പലയിടത്തും റെഡ് അലർട്ട് നൽകിയത്. എന്നാൽ ചില ജില്ലകളിൽ ഇതേ ശക്തിയിൽ ഉള്ള മഴ പ്രവചിക്കുമ്പോഴും, കാലാവസ്ഥാവകുപ്പ് നൽകിയത് ഓറഞ്ച് അലർട്ട് മാത്രമാണ്. അതായത് അവിടെ മഴയുടെ അളവും ഭൂപ്രകൃതിയും മറ്റു ഘടകങ്ങളും വിലയിരുത്തുമ്പോൾ റെഡ് അലർട്ട് നൽകിയ പ്രദേശങ്ങളെ അപേക്ഷിച്ച് അപകട സാധ്യത കുറവാണ് എന്നർത്ഥം.
എല്ലാ Red Alert ഉം തീവ്രമഴയല്ല
റെഡ് അലർട്ട് എന്നത് എല്ലായിടത്തും അതിതീവ്ര മഴ ഉറപ്പാണ് എന്നല്ല അർഥമാക്കുന്നത്. ഇത് പലർക്കും തെറ്റിദ്ധാരണയുണ്ടാക്കുന്ന വിഷയമാണിത്.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത് ഒരു ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ (Isolated places) അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ്. അതിനൊപ്പം പ്രളയം, ഉരുൾപൊട്ടൽ, വെള്ളക്കെട്ട് തുടങ്ങിയ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും പരിഗണിക്കുന്നു.
Red alert പ്രഖ്യാപിച്ചാൽ നടപടിക്ക് ഒരുങ്ങുക എന്നാണ് അർത്ഥം. റവന്യൂ വകുപ്പും ദുരന്തനിവാരണ ഏജൻസിയും ആളുകളെ ഒഴിപ്പിക്കുന്ന ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും. ദുരന്തനിവാരണ നിയമത്തിന്റെ ഭാഗമായുള്ള നടപടികൾ, ആക്ഷൻ പ്ലാനുകൾ ആക്റ്റീവ് ആകും.
എന്തുകൊണ്ട് എല്ലാ റെഡ് അലർട്ടും തീവ്ര മഴയാകാറില്ല?
റെഡ് അലർട്ട് ഒരു മുന്നറിയിപ്പാണ്. സംഭവിച്ച മഴയുടെ റിപ്പോർട്ടല്ല. മഴമേഘങ്ങളുടെ ദിശയിലോ ശക്തിയിലോ ചെറിയ മാറ്റം വന്നാൽ അതിതീവ്ര മഴ മറ്റൊരു പ്രദേശത്തേക്ക് മാറാം. ഒരു ജില്ലയിൽ ഒരു പ്രദേശത്ത് 200 മില്ലിമീറ്ററിലധികം മഴ ലഭിക്കുമ്പോൾ, അതേ ജില്ലയിലെ പല ഭാഗങ്ങളിലും സാധാരണ മഴ മാത്രമായിരിക്കാം. അതിനാലാണ് റെഡ് അലർട്ട് ഉണ്ടായിട്ടും ചില സ്ഥലങ്ങളിൽ വലിയ മഴ അനുഭവപ്പെടാതെ പോകുന്നത്.
അതുകൊണ്ട് റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ “മഴ പെയ്തില്ല, അതിനാൽ മുന്നറിയിപ്പ് തെറ്റായിരുന്നു” എന്ന് പറയുന്നത് ശരിയല്ല. കാലാവസ്ഥാ മുന്നറിയിപ്പുകൾ സാധ്യതയെ അടിസ്ഥാനമാക്കിയുള്ളതാണ്. അപകടസാധ്യത മുൻകൂട്ടി കുറയ്ക്കുക എന്നതാണ് അവയുടെ പ്രധാന ലക്ഷ്യം.
കലക്ടർമാർ പറയുന്നത് ശരിയല്ലേ?
ജില്ലാ കലക്ടർമാർ IMD (ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്), സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA), മറ്റ് സാങ്കേതിക ഏജൻസികൾ എന്നിവയുടെ മുന്നറിയിപ്പുകളെ അടിസ്ഥാനമാക്കിയാണ് തീരുമാനങ്ങൾ എടുക്കുന്നത്.
അലർട്ട് പ്രഖ്യാപിച്ചത് കൊണ്ട് മാത്രം തീരുമാനമെടുക്കുന്നില്ല; പ്രാദേശിക മഴ, അണക്കെട്ടുകളിലെ ജലനിരപ്പ്, ഉരുൾപൊട്ടൽ സാധ്യത, നദികളുടെ സ്ഥിതി, ദുരന്തസാധ്യത തുടങ്ങിയ ഘടകങ്ങളും പരിഗണിക്കാറുണ്ട്. ചിലപ്പോൾ പൊതുജനങ്ങൾ റെഡ് അലർട്ടിനെ “ജില്ലയിലാകെ അതിതീവ്ര മഴ” എന്നാണ് മനസ്സിലാക്കുന്നത്. ഈ തെറ്റിദ്ധാരണ ആശയവിനിമയത്തിൽ നിന്നോ പൊതുബോധത്തിൽ നിന്നോ ഉണ്ടാകാം.
അതിനാൽ റെഡ് അലർട്ട് എന്നത് ജില്ലയിലാകെ അതിതീവ്ര മഴയെന്നല്ല അർഥമാക്കുന്നത്. എന്നാൽ ചില സന്ദർഭങ്ങളിൽ ഈ മുന്നറിയിപ്പിന്റെ അർഥം പൊതുജനങ്ങളിലേക്ക് വ്യക്തമായി എത്തിക്കുന്നതിലും, അതിന്റെ അടിസ്ഥാനത്തിൽ എടുക്കുന്ന തീരുമാനങ്ങൾ വിശദീകരിക്കുന്നതിലും കൂടുതൽ വ്യക്തത വേണമെന്ന വിമർശനം ഉയരുന്നുണ്ട്. കാലാവസ്ഥ വെബ്സൈറ്റുകളും സ്വതന്ത്ര കാലാവസ്ഥാ നിരീക്ഷകരും ഇത്തരം അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.
കേരളം ദീർഘകാലം കാലാവസ്ഥ സുരക്ഷയുള്ള ഒരു സംസ്ഥാനം ആയതിനാൽ സാധാരണ ജനങ്ങൾക്ക് ഇത്തരം കാര്യങ്ങൾ മനസ്സിലായി തുടങ്ങാൻ സമയമെടുക്കും. എന്നാൽ സ്ഥിരമായി ദുരന്തങ്ങൾ ഉണ്ടാകുന്ന ഒരു സംസ്ഥാനത്തെ ജനങ്ങൾക്ക് ഇത്തരം കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാകും. അവരുടെ അനുഭവങ്ങൾ മൂലം അവർ അത്തരം അറിവുകൾ ആർജിച്ചെടുക്കും.
എന്തുകൊണ്ട് മഞ്ഞ അലർട്ടിൽ സ്‌കൂളിന് അവധി നൽകുന്നു ?
മഞ്ഞ അലർട്ട് (Yellow Alert) ഉള്ളപ്പോൾ പോലും ചില ജില്ലകളിൽ സ്കൂളുകൾക്ക് അവധി നൽകുന്നത് അസാധാരണമല്ല. കാരണം, സ്കൂൾ അവധി തീരുമാനിക്കുന്നത് IMDയുടെ അലർട്ട് മാത്രം നോക്കിയല്ല. ഒരു ജില്ലയിൽ നദികൾ കരകവിഞ്ഞിരിക്കാം, വെള്ളക്കെട്ട് രൂക്ഷമായിരിക്കാം, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ ഉണ്ടായിരിക്കാം. അത്തരം സാഹചര്യങ്ങളിൽ മഞ്ഞ അലർട്ടായാലും അവധി പ്രഖ്യാപിക്കാം.
മഞ്ഞ അലർട്ട് എന്നത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്. ഇതിനൊപ്പം ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയും ഉണ്ടാകാമെന്ന മുന്നറിയിപ്പുണ്ടെങ്കിൽ വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി അവധി നൽകാം.
ജില്ലാ കലക്ടർ, ദുരന്തനിവാരണ അതോറിറ്റി, റവന്യൂ, പൊലീസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളും പരിഗണിച്ചാണ് തീരുമാനം.
റോഡുകളിൽ വെള്ളക്കെട്ട്, മരങ്ങൾ വീഴാനുള്ള സാധ്യത, മലമ്പ്രദേശങ്ങളിലെ അപകടസാധ്യത, സ്കൂൾ വാഹനങ്ങളുടെ സുരക്ഷ എന്നിവയും നിർണായകമാണ്.
അതിനാൽ, മഞ്ഞ അലർട്ട് അവധിയില്ല എന്നോ റെഡ് അലർട്ട് നിർബന്ധമായും അവധി എന്നോ ഒരു നിശ്ചിത നിയമമില്ല. റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ ഏകദേശം അവധി ഉറപ്പായും നൽകാറുണ്ട്. സ്കൂൾ അവധി പ്രഖ്യാപിക്കുന്നത് കാലാവസ്ഥാ മുന്നറിയിപ്പിനൊപ്പം അതത് ജില്ലയിലെ യഥാർഥ അപകടസാധ്യതയും പ്രാദേശിക സാഹചര്യങ്ങളും വിലയിരുത്തിയാണ്.
മഴയുടെ അളവുകളും ശക്തിയും അറിയാം
- നേരിയ മഴ (Light) – 2.5–15.5 മില്ലീമീറ്റർ
- മിതമായ മഴ (Moderate) – 15.6–64.4 മില്ലീമീറ്റർ
- കനത്ത മഴ (Heavy) – 64.5–115.5 മില്ലീമീറ്റർ
- അതിശക്തമായ മഴ (Very Heavy) – 115.6–204.4 മില്ലീമീറ്റർ
- അതിതീവ്ര മഴ (Extremely Heavy) – 204.4 മില്ലിമീറ്റർ
ഇന്നത്തെ റെഡ് അലർട്ട്
ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, റെഡ് ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച എല്ലാ ജില്ലകളിലും ഒരേ തീവ്രതയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്. മുകളിൽ പറഞ്ഞതുപോലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും മറ്റും ചില ജില്ലകളിൽ ആഘാതം കൂടാൻ സാധ്യതയുണ്ട്. അതുകൊണ്ട് റെഡ് അലർട്ട് നൽകിയിരിക്കുന്നു. അല്ലാതെ ഇന്ന് തീവ്രമഴ പെയ്യുമെന്ന പ്രവചനം കാലാവസ്ഥാവകുപ്പിന്റെ ബുള്ളറ്റിനുകളിൽ ഇല്ല.
അതേസമയം റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ തീവ്രമഴ ഇല്ലെങ്കിലും, ജാഗ്രതയും, ആവശ്യമെങ്കിൽ വീട് മാറി താമസിക്കേണ്ട കാര്യങ്ങളും ചെയ്യണം എന്നാണ്. ആഘാതത്തിന് സാധ്യതയുണ്ട് എന്നാണ് അർത്ഥം. കുറേ ദിവസങ്ങളിൽ മഴപെയ്ത പ്രദേശത്ത് ചെറിയ മഴ പോലും സങ്കീർണമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
കാലാവസ്ഥ മുന്നറിയിപ്പുകൾ എങ്ങനെ മനസ്സിലാക്കാം ?
കാലാവസ്ഥ വിവരങ്ങൾ മുന്നറിയിപ്പുകൾ റിപ്പോർട്ടുകൾ എന്നിവ നന്നായി മനസ്സിരുത്തി വായിച്ച് മനസ്സിലാക്കണം. അതിന്റെ സാങ്കേതിക പദപ്രയോഗങ്ങൾ ആശയക്കുഴപ്പം ഉണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ്.
അലർട്ടുകൾ നിങ്ങൾക്ക് ആദ്യം അറിയാം IMD വെബ്സൈറ്റിലൂടെ
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ തിരുവനന്തപുരം അന്തരീക്ഷ ശാസ്ത്ര കേന്ദ്രമാണ് അലർട്ടുകൾ പുറപ്പെടുവിക്കുന്നത്. തിരുവനന്തപുരം IMD വെബ്സൈറ്റിൽ ഒരു ദിവസം നാലു തവണ അലർട്ടുകൾ മാറും.
രാവിലെ പത്തിനും, ഉച്ചയ്ക്ക് ഒരുമണിക്കും , വൈകിട്ട് അഞ്ചിനും, രാത്രിയും അലർട്ടുകൾ മാറാറുണ്ട്.
താഴെ കൊടുക്കുന്ന വെബ്സൈറ്റിന്റെ ലിങ്കിൽ പ്രവേശിച്ച് District Warning ൽ ക്ലിക്ക് ചെയ്താൽ അലർട്ടുകൾ കാണാം. വിവിധ നിറങ്ങളിലുള്ള അലർട്ട് എന്താണ് സൂചിപ്പിക്കുന്നത് എന്നും അതിൽ വ്യക്തമായി കൊടുത്തിട്ടുണ്ട്. അത് പ്രകാരം കാര്യങ്ങൾ മനസ്സിലാക്കാം. കാലാവസ്ഥ ബുള്ളറ്റിനുകളും മലയാളത്തിലും ഇംഗ്ലീഷിലും ലഭിക്കും. അവയും വായിച്ച് മനസ്സിലാക്കാം.
ആദ്യം അറിയാം, ആശയക്കുഴപ്പം ഒഴിവാക്കാം
മാധ്യമങ്ങളിലും മറ്റും വരുന്ന വിവരങ്ങൾക്ക് മുമ്പേ നിങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കാനും പ്ലാൻ ചെയ്യാനും സമയം ലഭിക്കും. പലപ്പോഴും ആശയ കുഴപ്പം ഉണ്ടാക്കുന്ന രീതിയിലുള്ള വിവരങ്ങളും മറ്റും പ്രചരിക്കാറുണ്ട്. കാലാവസ്ഥാ വകുപ്പിന് നേരിട്ട് ആശ്രയിക്കുന്നതാണ് ഇത്തരം ഘട്ടങ്ങളിൽ ഏറ്റവും അനുയോജ്യം. ദുരന്തനിവാരണ അതോറിറ്റി ഉൾപ്പെടെയുള്ള ഏജൻസികളും മാധ്യമങ്ങളും കാലാവസ്ഥ വെബ്സൈറ്റുകളും സ്വതന്ത്ര കാലാവസ്ഥാ നിരീക്ഷകരും കൃത്യമായി ഈ വിവരങ്ങൾ പങ്കുവെക്കാറുണ്ട്. ഇത്തരം കൃത്യതയുള്ള സോഴ്സുകൾ മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക.
തിരുവനന്തപുരം IMD യുടെ website ലിങ്ക്
English Summary : Understanding Weather Alerts: Clarifying Misconceptions About Red Alerts and School Holidays in Kerala. This article explains how the Indian Meteorological Department (IMD) issues weather warnings in Kerala and addresses common public misconceptions regarding weather alerts and localized safety decisions.
അരുണാചലിൽ മിന്നൽ പ്രളയം; സൈനിക ക്യാമ്പ് ഒഴുകിപ്പോയി, അഞ്ച് സൈനികരെ കാണാതായി
കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അരുണാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം. ദിബാങ് മാലി മേഖലയിലെ പാസുപാനി ആർമി ക്യാമ്പ് (Pasupani Army Camp) മിന്നൽ പ്രളയത്തിൽ പൂർണമായും ഒഴുകിപ്പോയതായാണ് വിവരം. അപകടത്തിൽ അഞ്ച് സൈനികരെ കാണാതായി.
മിന്നൽ പ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന ഏഴ് സൈനികർ (Army Personnel) ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്താൻ സാധിച്ചു. അഞ്ച് സൈനികർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പിലുണ്ടായിരുന്ന വാഹനങ്ങളും മറ്റ് ഉപകരണങ്ങളും വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
Anini, Arunachal Pradesh: A cloudburst in the Pashu Pani area of Anini around 4.45 pm on August 14 triggered a massive landslide, submerging the affected area. Two soldiers were rescued during immediate operations, while multiple teams from nearby posts joined the search and… pic.twitter.com/ioG9zXWeV0
— IANS (@ians_india) August 15, 2026
കാണാതായ സൈനികർക്കായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനം (Search and Rescue Operation) ഊർജിതമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
ഉരുൾപൊട്ടലിലും തൊഴിലാളികളെ കാണാതായി
അരുണാചൽ പ്രദേശിൽ വെള്ളിയാഴ്ച വൈകുന്നേരം മറ്റൊരു ദുരന്തവും റിപ്പോർട്ട് ചെയ്തു. അപ്പർ സുബൻസിരി ജില്ലയിൽ (Upper Subansiri District) ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികളെ കാണാതായി. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട തൊഴിലാളികൾക്കായി നടത്തിയ തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കനത്ത മഴയിൽ രക്ഷാപ്രവർത്തനം ദുഷ്കരം
തുടർച്ചയായ മഴയും മണ്ണിടിച്ചിലും പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. റോഡുകളിൽ മണ്ണും പാറകളും അടിഞ്ഞതോടെ പല മേഖലകളിലേക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു.
ദുരന്തനിവാരണ സേന (Disaster Response Teams) ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നത്. കാണാതായ സൈനികരെയും തൊഴിലാളികളെയും കണ്ടെത്തുന്നതിനായി കൂടുതൽ സംഘങ്ങളെ ദുരന്തബാധിത മേഖലകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തം
അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലനിരകളിൽ തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയം (Flash Flood), ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത ഉയർന്നിട്ടുണ്ട്.
പ്രദേശത്തെ താഴ്ന്ന മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യം വിലയിരുത്തി കൂടുതൽ മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്.
കാണാതായ സൈനികർക്കും തൊഴിലാളികൾക്കുമായി തിരച്ചിൽ തുടരുന്നതിനിടെ, അരുണാചലിൽ വീണ്ടും ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത രക്ഷാപ്രവർത്തകർക്ക് ആശങ്കയാകുകയാണ്.
English Summary : Heavy rain in Arunachal Pradesh has triggered catastrophic flash floods and landslides, sweeping away the Pasupani Army Camp in Dibang Valley. Five soldiers remain missing after two were rescued from raging waters. In a separate landslide in Upper Subansiri district, one construction worker was found dead, with three others still missing.