Newsroom
6,800 കി.മി അകലെ കേരളത്തിന് ഭീഷണിയായി ഡോൾഫിൻ ചുഴലിക്കാറ്റ്, വ്യാഴം മുതൽ മഴ ശക്തമാകാൻ സാധ്യത
Metbeat News

6,800 കി.മി അകലെ കേരളത്തിന് ഭീഷണിയായി ഡോൾഫിൻ ചുഴലിക്കാറ്റ്, വ്യാഴം മുതൽ മഴ ശക്തമാകാൻ സാധ്യത

According to Metbeat Weather, Typhoon Dolphin in the Pacific Ocean is drawing monsoon winds from the Arabian Sea across Kerala,

6,800 കി.മി അകലെ കേരളത്തിന് ഭീഷണിയായി ഡോൾഫിൻ ചുഴലിക്കാറ്റ്, വ്യാഴം മുതൽ മഴ ശക്തമാകാൻ സാധ്യത

കേരളത്തിൽ വീണ്ടും മഴ ശക്തിപ്പെടാൻ സാധ്യത. വ്യാഴാഴ്ച മുതൽ മധ്യ കേരളത്തിലും തെക്കൻ ജില്ലകളിലും വടക്കൻ കേരളത്തിലും മഴ ശക്തിപ്പെട്ടേക്കും . പസഫിക് സമുദ്രത്തിലെ ഡോൾഫിൻ (Typhoon Dolphin) ചുഴലിക്കാറ്റിലേക്ക് അറബിക്കടലിൽ നിന്ന് കാലവർഷക്കാറ്റ് കേരളത്തിൻ്റെ മുകളിലൂടെ കടന്നുപോകുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് Metbeat Weather നിരീക്ഷിക്കുന്നത്. 

ഇത് കേരളത്തിൽ തുടർച്ചയായ കനത്ത മഴ നൽകാൻ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും. ഓഗസ്റ്റ് 06 വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ മഴ ശക്തിപ്പെട്ടേക്കും. ഈ മഴ രണ്ട് ദിവസം തുടരാനാണ് സാധ്യത. തുടർന്ന് ചുഴലിക്കാറ്റ് ചൈന തിരം ലക്ഷ്യമാക്കി നീങ്ങും. ഓഗസ്റ്റ്  9 ന് ഈ സിസ്റ്റം കിഴക്കൻ ചൈന കടലിൽ ( East China Sea) എത്തും. 

ചൈനയിലെ വെൻഷോക്കും തായ് വാനും ഇടയിൽ മണിക്കൂറുകളോളം കനത്ത മഴയും കാറ്റും നൽകി നിലയുറപ്പിച്ച ശേഷം ഞായറാഴ്ച രാത്രിയോടെ ചൈനയിൽ കരകയറും. 

പ്രതീക്ഷിച്ച ട്രാക്കിൽ പ്രതീക്ഷിച്ച വേഗതയിൽ ഈ ഡോൾഫിൻ സഞ്ചരിക്കുകയാണ് എങ്കിൽ ഓഗസ്റ്റ് 9 ഓടെ കേരളത്തിലുള്ള സ്വാധീനം നഷ്ടമാവുകയും മഴ കുറയാൻ കാരണമാവുകയും ചെയ്യും.

ഇന്ത്യൻ മഹാസമുദ്രം മുതൽ പസഫിക്ക് വരെ സ്വാധീനം

ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് പസഫിക്ക് സമുദ്രം വരെ നീളുന്ന അവിടുത്തെ അന്തരീക്ഷത്തെയും കാലാവസ്ഥയെയും തകിടം മറക്കുന്ന ഒരു ചുഴലിക്കാറ്റ് ആയി മാറുകയാണ് ഡോൾഫിൻ . സോമാലിയൻ തീരം മുതൽ ദക്ഷിണ ചൈന കടൽ വരെ കാലവർഷക്കാറ്റിനെ ശക്തിപ്പെടുത്താൻ ശേഷിയുള്ളതാണ് ഡോൾഫിൻ . 

കേരളത്തിൽ നിന്ന് ഏകദേശം 6800 കിലോമീറ്റർ അകലെയാണ് ഈ സിസ്റ്റം നിലകൊള്ളുന്നതെങ്കിലും, കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഡോൾഫിൻ നമുക്ക് ശുഭകരമല്ലാത്ത അനുഭവങ്ങൾ സൃഷ്ടിച്ചേക്കാം.

കേരളത്തിൽ എവിടെയെല്ലാം മഴ കനക്കും

മധ്യകേരളത്തിലെ എറണാകുളം, ഇടുക്കി, കോട്ടയം തെക്കൻ കേരളത്തിലെ പത്തനംതിട്ട, കൊല്ലം ജില്ലകളിലും വടക്കൻ കേരളത്തിലെ കോഴിക്കോട്, മലപ്പുറം, കണ്ണൂര് , കാസർകോട് വയനാട് ജില്ലകളിലും മഴ ശക്തിപ്പെടുത്തും. 

വടക്കൻ കേരളത്തിൽ ജാഗ്രത വേണം

കണ്ണൂർ, കാസർകോട് , കോഴിക്കോട്, വയനാട് ജില്ലകളുടെ ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോരമേഖലകളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ പ്രത്യേക ജാഗ്രത ആവശ്യമായി വരും.  ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഈ ദിവസങ്ങളിൽ സ്വമേധയാ ബന്ധുവീടുകളിലേക്കോ മറ്റോ മാറി താമസിക്കുന്നതാണ് സുരക്ഷിതം. .

മധ്യ തെക്കൻ ജില്ലകളിൽ ജലനിരപ്പ് ഉയരാൻ സാധ്യത

കഴിഞ്ഞ ദിവസങ്ങളിൽ ജലനിരപ്പ് ഉയർന്ന പ്രദേശങ്ങളിൽ വീണ്ടും കനത്ത മഴയെ തുടർന്ന് വെള്ളം ഉയരാൻ സാധ്യതയുണ്ട്. മഴ ശക്തമാകുമ്പോൾ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് മാറി താമസിക്കുന്നത് ഉൾപ്പെടെ പരിഗണിക്കണം. വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമായിവരും. 

English Summary : Typhoon Dolphin 6,800 km Away Poses Threat to Kerala: Heavy Rain Expected from Thursday. According to Metbeat Weather, Typhoon Dolphin in the Pacific Ocean is drawing monsoon winds from the Arabian Sea across Kerala, creating conditions for continuous heavy rainfall in the state.

അരുണാചലിൽ മിന്നൽ പ്രളയം; സൈനിക ക്യാമ്പ് ഒഴുകിപ്പോയി, അഞ്ച് സൈനികരെ കാണാതായി

കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അരുണാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം. ദിബാങ് മാലി മേഖലയിലെ പാസുപാനി ആർമി ക്യാമ്പ് (Pasupani Army Camp) മിന്നൽ പ്രളയത്തിൽ പൂർണമായും ഒഴുകിപ്പോയതായാണ് വിവരം. അപകടത്തിൽ അഞ്ച് സൈനികരെ കാണാതായി.

മിന്നൽ പ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന ഏഴ് സൈനികർ (Army Personnel) ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്താൻ സാധിച്ചു. അഞ്ച് സൈനികർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പിലുണ്ടായിരുന്ന വാഹനങ്ങളും മറ്റ് ഉപകരണങ്ങളും വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 

കാണാതായ സൈനികർക്കായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനം (Search and Rescue Operation) ഊർജിതമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഉരുൾപൊട്ടലിലും തൊഴിലാളികളെ കാണാതായി

അരുണാചൽ പ്രദേശിൽ വെള്ളിയാഴ്ച വൈകുന്നേരം മറ്റൊരു ദുരന്തവും റിപ്പോർട്ട് ചെയ്തു. അപ്പർ സുബൻസിരി ജില്ലയിൽ (Upper Subansiri District) ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികളെ കാണാതായി. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട തൊഴിലാളികൾക്കായി നടത്തിയ തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കനത്ത മഴയിൽ രക്ഷാപ്രവർത്തനം ദുഷ്കരം

തുടർച്ചയായ മഴയും മണ്ണിടിച്ചിലും പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. റോഡുകളിൽ മണ്ണും പാറകളും അടിഞ്ഞതോടെ പല മേഖലകളിലേക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു.

ദുരന്തനിവാരണ സേന (Disaster Response Teams) ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നത്. കാണാതായ സൈനികരെയും തൊഴിലാളികളെയും കണ്ടെത്തുന്നതിനായി കൂടുതൽ സംഘങ്ങളെ ദുരന്തബാധിത മേഖലകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തം

അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലനിരകളിൽ തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയം (Flash Flood), ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത ഉയർന്നിട്ടുണ്ട്. 

പ്രദേശത്തെ താഴ്ന്ന മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യം വിലയിരുത്തി കൂടുതൽ മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്.

കാണാതായ സൈനികർക്കും തൊഴിലാളികൾക്കുമായി തിരച്ചിൽ തുടരുന്നതിനിടെ, അരുണാചലിൽ വീണ്ടും ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത രക്ഷാപ്രവർത്തകർക്ക് ആശങ്കയാകുകയാണ്. 

English Summary : Heavy rain in Arunachal Pradesh has triggered catastrophic flash floods and landslides, sweeping away the Pasupani Army Camp in Dibang Valley. Five soldiers remain missing after two were rescued from raging waters. In a separate landslide in Upper Subansiri district, one construction worker was found dead, with three others still missing.