Newsroom
Live Weather Update 06/08/26 : ഡോൾഫിൻ സ്വാധീനത്തിൽ കേരളത്തിൽ മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Metbeat News

Live Weather Update 06/08/26 : ഡോൾഫിൻ സ്വാധീനത്തിൽ കേരളത്തിൽ മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Live Weather Update (06/08/26): Rain Resumes in Kerala Under the Influence of Typhoon Dolphin.

Live Weather Update 06/08/26 : ഡോൾഫിൻ സ്വാധീനത്തിൽ കേരളത്തിൽ മഴ ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പസഫിക് സമുദ്രത്തിലെ ഡോൾഫിൻ ടൈഫൂണിൻ്റെ (Typhoon Dolphin) സ്വാധീനം മൂലം കേരളത്തിൽ മഴ തുടങ്ങി. ഇന്നലെ പൂർണമായും വിട്ടു നിന്ന മഴ രാത്രിയോടെ വിവിധ ജില്ലകളിൽ നേരിയ തോതിൽ സജീവമായി. വിവിധ ജില്ലകളിൽ രാവിലെയും മഴ തുടരുകയാണ്. ചിലയിടങ്ങളിൽ ഇടിയോടുകൂടിയുള്ള മഴയും ലഭിക്കും. 

ഇന്ന് (വ്യാഴം) ഉച്ചക്ക് ശേഷം കേരളത്തിൽ മഴ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നാണ് കഴിഞ്ഞദിവസം Metbeat Weather പുറത്തുവിട്ട അന്തരീക്ഷ അവലോകന റിപ്പോർട്ടിൽ പറയുന്നത്. തൃശ്ശൂർ ജില്ലയുടെ തെക്കൻ മേഖലകൾ, എറണാകുളം , കോട്ടയം,  പത്തനംതിട്ട ജില്ലകൾ, ഇടുക്കി ജില്ലയുടെ പടിഞ്ഞാറൻ മേഖലകൾ എന്നിവിടങ്ങളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. 

മലപ്പുറം, കൊല്ലം , കോഴിക്കോട്, പാലക്കാട് ജില്ലകളുടെ ചില ഭാഗങ്ങളിലും അതിശക്തമായ മഴ സാധ്യത നിലനിൽക്കുന്നു.

ഇന്ന് രാവിലെയുള്ള റഡാർ,  ഉപഗ്രഹ ചിത്രങ്ങളിൽ കേരളത്തിനു സമീപം അറബിക്കടലിൽ മേഘരൂപീകരണം സജീവമാണ്. രാവിലെ കോഴിക്കോട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട, കോട്ടയം , ആലപ്പുഴ, കൊല്ലം ജില്ലകളിൽ മഴ ലഭിക്കുന്നുണ്ട്. 

കഴിഞ്ഞദിവസം മഴമൂലം വെള്ളം കയറിയ കോട്ടയം ജില്ലയിൽ ഇന്നലെയോടെ വെള്ളം ഇറങ്ങിത്തുടങ്ങി. ഗതാഗതം പുനസ്ഥാപിച്ചു. ഇന്ന് രാത്രി പ്രസഫിക് സമുദ്രത്തിലെ ഡോൾഫിൻ ചുഴലിക്കാറ്റിലേക്ക് കേരളത്തിലെ മുകളിലൂടെ അറബിക്കടലിൽ നിന്ന് ഈർപ്പമുള്ള കാലവർഷക്കാറ്റ് ശക്തമായി കടന്നുപോകുന്നതോടെ കൂടുതൽ പ്രദേശങ്ങളിൽ മഴ ശക്തിപ്പെടാൻ സാധ്യതയുണ്ട്.

അതിനാൽ മഴ ശക്തമായി നിലനിൽക്കുന്ന സാഹചര്യം വന്നാൽ വെള്ളം കയറുന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. ഡോൾഫിൻ ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടുകൂടെ ചൈനയിൽ കരകയറും. ചൈനയിൽ കയറി കയറുന്നതിന് മുന്നോടിയായി ഏതാനും മണിക്കൂറുകൾ ദക്ഷിണ ചൈന കടലിൽ ചുഴലിക്കാറ്റ് നിലയുറപ്പിക്കാനും സാധ്യതയുണ്ട്. 

ഈ സമയം ചൈനയുടെ തീരദേശ മേഖലകളിലും, തായ്‌വാനിലും, കാറ്റ് സജീവമാകുന്ന കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും മഴ ലഭിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ചൈനയിലും തായ്‌വാനിലും പേമാരിയും ശക്തമായ കാറ്റും നൽകിയ ശേഷമാകും ഡോൾഫിൻ കരകയറുക. 

കേരളത്തിൽ ഡോൾഫിന്റെ സ്വാധീനം ഇന്ന് ഉച്ചയ്ക്ക് ശേഷം മുതൽ ശനിയാഴ്ച രാവിലെ വരെയാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ശനിയാഴ്ച പകൽ കേരളത്തിൽ മഴ കുറയാൻ സാധ്യത. ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയിൽ വ്യതിയാനം സംഭവിച്ചാൽ, കേരളത്തിൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ മാറ്റം വരാനോ അല്ലെങ്കിൽ മഴ ഇല്ലാതാകാനോ സാധ്യതയുണ്ട്. 

നിലവിൽ ചുഴലിക്കാറ്റ് മൂലം എറണാകുളം ഇടുക്കി കോട്ടയം പത്തനംതിട്ട ജില്ലകളിലാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം വടക്കൻ കേരളത്തിലും മഴ ശക്തിപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ പ്രതീക്ഷിക്കുന്ന ട്രാക്കിൽ നിന്ന് മാറ്റം വന്നാൽ, മഴയുടെ ശക്തി പ്രകടനം മറ്റു ജില്ലകളിലേക്ക് മാറാനുള്ള സാധ്യതയും കണക്കിലെടുക്കണം.

അതിനാൽ ഓരോ ആറു മണിക്കൂറിലും കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ നിരീക്ഷിക്കണം. ഔദ്യോഗിക കാലാവസ്ഥ ഏജൻസികൾ, സ്വകാര്യ കാലാവസ്ഥ സ്ഥാപനങ്ങൾ, സ്വതന്ത്ര കാലാവസ്ഥ നിരീക്ഷകർ നൽകുന്ന വിശ്വാസയോഗ്യമായ കാലാവസ്ഥ അപ്ഡേറ്റുകൾ മനസ്സിലാക്കിയിരിക്കുക. ദുരന്തനിവാരണ വകുപ്പ് നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കുക. സുരക്ഷിതരായിരിക്കുക. 

മഴ സംബന്ധിച്ച വിവരങ്ങൾ അതത് ദിവസത്തെ Metbeat News website ലെ Live Update എന്ന ലിങ്കിൽ ലഭിക്കും. ആ ദിവസത്തെ മുഴുവൻ അപ്ഡേറ്റുകളും ഇടയ്ക്കിടെ ഈ ലിങ്കിൽ വരും. പുതിയ വിവരങ്ങൾ അറിയാൻ ലിങ്ക് റീഫ്രഷ് ചെയ്താൽ മതിയാകും. 

ഞങ്ങളുടെ സമൂഹമാധ്യമ പേജുകളിലും വാട്സ്ആപ്പ് ചാനലിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വിവരങ്ങൾ ലഭിക്കും. ഇവയുടെ ലിങ്കുകൾ വെബ്സൈറ്റിലെ വാർത്ത പേജിൽ കാണാം. Google e, Flipboard തുടങ്ങിയവയിലും Metbeat News വായിക്കാം. 

English Summary : Live Weather Update (06/08/26): Rain Resumes in Kerala Under the Influence of Typhoon Dolphin . This live weather update reports the onset of rainfall across Kerala driven by the atmospheric influence of Typhoon Dolphin in the Pacific Ocean.

അരുണാചലിൽ മിന്നൽ പ്രളയം; സൈനിക ക്യാമ്പ് ഒഴുകിപ്പോയി, അഞ്ച് സൈനികരെ കാണാതായി

കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അരുണാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം. ദിബാങ് മാലി മേഖലയിലെ പാസുപാനി ആർമി ക്യാമ്പ് (Pasupani Army Camp) മിന്നൽ പ്രളയത്തിൽ പൂർണമായും ഒഴുകിപ്പോയതായാണ് വിവരം. അപകടത്തിൽ അഞ്ച് സൈനികരെ കാണാതായി.

മിന്നൽ പ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന ഏഴ് സൈനികർ (Army Personnel) ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്താൻ സാധിച്ചു. അഞ്ച് സൈനികർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പിലുണ്ടായിരുന്ന വാഹനങ്ങളും മറ്റ് ഉപകരണങ്ങളും വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 

കാണാതായ സൈനികർക്കായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനം (Search and Rescue Operation) ഊർജിതമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഉരുൾപൊട്ടലിലും തൊഴിലാളികളെ കാണാതായി

അരുണാചൽ പ്രദേശിൽ വെള്ളിയാഴ്ച വൈകുന്നേരം മറ്റൊരു ദുരന്തവും റിപ്പോർട്ട് ചെയ്തു. അപ്പർ സുബൻസിരി ജില്ലയിൽ (Upper Subansiri District) ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികളെ കാണാതായി. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട തൊഴിലാളികൾക്കായി നടത്തിയ തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കനത്ത മഴയിൽ രക്ഷാപ്രവർത്തനം ദുഷ്കരം

തുടർച്ചയായ മഴയും മണ്ണിടിച്ചിലും പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. റോഡുകളിൽ മണ്ണും പാറകളും അടിഞ്ഞതോടെ പല മേഖലകളിലേക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു.

ദുരന്തനിവാരണ സേന (Disaster Response Teams) ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നത്. കാണാതായ സൈനികരെയും തൊഴിലാളികളെയും കണ്ടെത്തുന്നതിനായി കൂടുതൽ സംഘങ്ങളെ ദുരന്തബാധിത മേഖലകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തം

അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലനിരകളിൽ തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയം (Flash Flood), ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത ഉയർന്നിട്ടുണ്ട്. 

പ്രദേശത്തെ താഴ്ന്ന മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യം വിലയിരുത്തി കൂടുതൽ മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്.

കാണാതായ സൈനികർക്കും തൊഴിലാളികൾക്കുമായി തിരച്ചിൽ തുടരുന്നതിനിടെ, അരുണാചലിൽ വീണ്ടും ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത രക്ഷാപ്രവർത്തകർക്ക് ആശങ്കയാകുകയാണ്. 

English Summary : Heavy rain in Arunachal Pradesh has triggered catastrophic flash floods and landslides, sweeping away the Pasupani Army Camp in Dibang Valley. Five soldiers remain missing after two were rescued from raging waters. In a separate landslide in Upper Subansiri district, one construction worker was found dead, with three others still missing.