
Kerala Weather 5/8/26 : മഴക്കെടുതി; കേരളത്തിൽ മരണം 27 ആയി, 10 ജില്ലകളിൽ അവധി, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേരളത്തിൽ മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
Kerala Weather 5/8/26 : മഴക്കെടുതി; കേരളത്തിൽ മരണം 27 ആയി, 10 ജില്ലകളിൽ അവധി, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേരളത്തിൽ മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകൾക്കാണ് ബുധനാഴ്ച (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചത്.
കേരള സർവകലാശാല ബുധനാഴ്ച (ഇന്ന് ) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവവോസി ഉൾപ്പെടെ) മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട്. കേരള സർവകലാശാല പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
9 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും.
ഈ ജില്ലകളിൽ മഞ്ഞ അലർട്ട്
തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചു.
മഴക്കെടുതി : മരണം 27 ആയി
മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 27 ആയി. നാലു പേരെ കാണാതായി. 418 ക്യാംപുകളിലായി 18,434 ആളുകളുണ്ട്. 52 വീടുകൾ പൂർണമായും 555 വീടുകൾ ഭാഗികമായും തകർന്നു. കോട്ടയത്താണ് കൂടുതൽ പേർ മരിച്ചത്. 5 മരണം ജില്ലയിൽ റിപ്പോർട്ടു ചെയ്തു.
വയനാട്ടിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം
വയനാട്ടിൽ വിനോദസഞ്ചാരികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. താമരശ്ശേരി ചുരം, ബോയ്‌സ് ടൗണ്‍–പാല്‍ച്ചുരം വഴിയുള്ള യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കണം.
കോഴിക്കോട് അവധി പ്രഖ്യാപിച്ചു
കോഴിക്കോട് ജില്ലയിലെ മലയോര – തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴ തുടരുന്നതിനാലും ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.
എറണാകുളത്തും അവധി
എറണാകുളം ജില്ലയിൽ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
തൃശൂരിൽ വെള്ളക്കെട്ട്, അവധി
തൃശൂർ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിലും ചില താലൂക്കുകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍, പ്രഫഷണല്‍ കോളജുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
കണ്ണൂർ ജില്ലയിൽ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ളവ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
എന്നാൽ, പ്രഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
കോട്ടയത്ത് കനത്ത മഴ തുടരുന്നു, അവധി
കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
പത്തനംതിട്ടയിലും അവധി
പത്തനംതിട്ട ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
കാസർകോട്ടും ഇന്ന് അവധിയാണ്
കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കോളജുകൾ, പ്രഫഷനൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.
ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയവിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല.
ആലപ്പുഴയിലും അവധി
ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധിയായിരിക്കും. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.
വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, പരിശീലന സ്ഥാപനങ്ങള്‍, സ്‌പെഷല്‍ ക്ലാസുകള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല. എന്നാൽ, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷ അതത് സ്ഥാപന മേധാവികള്‍ ഉറപ്പു വരുത്തേണ്ടതാണ്. സാഹചര്യത്തിനനുസരിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി അവധി നല്‍കാം.
English Summary : Torrential rains continue to lash Kerala, taking the total death toll to 27, with Kottayam reporting the highest casualties (5). Four people remain missing, over 18,400 individuals have been shifted to 418 relief camps, and more than 600 houses have been damaged across the state.
ഓഗസ്റ്റ് പകുതി പിന്നിട്ടിട്ടും വൻ മഴക്കുറവ്; കേരളത്തിൽ 22% കുറവ്, വയനാട്ടിൽ 51%
സംസ്ഥാനത്ത് കാലവർഷം പുരോഗമിക്കുമ്പോഴും മഴയുടെ അളവിൽ വലിയ കുറവ് തുടരുന്നതായി കണക്കുകൾ. ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 15 വരെയുള്ള കാലയളവിൽ കേരളത്തിൽ ലഭിക്കേണ്ട സാധാരണ മഴയിൽ (Normal Rainfall) 22 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിന്റെ (IMD Meteorological Centre, Thiruvananthapuram) കണക്കുപ്രകാരം ഇക്കാലയളവിൽ സംസ്ഥാനത്ത് ലഭിച്ചത് 1213.1 മില്ലിമീറ്റർ മഴയാണ്. സാധാരണ ലഭിക്കേണ്ടത് 1556.2 മില്ലിമീറ്റർ മഴയായിരുന്നു. അതായത് സാധാരണയേക്കാൾ 343.1 മില്ലിമീറ്റർ മഴ കുറവാണ് ലഭിച്ചത്. ഇതോടെ കേരളത്തിന്റെ മഴക്കുറവ് ‘ഡെഫിഷ്യന്റ്’ (Deficient) വിഭാഗത്തിലാണ്.
ഏറ്റവും വലിയ മഴക്കുറവ് വയനാട്ടിൽ
ജില്ലകളുടെ കണക്കിലും വലിയ വ്യത്യാസമാണ് കാണുന്നത്. വയനാട്ടിലാണ് ഏറ്റവും വലിയ മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 15 വരെ വയനാട്ടിൽ ലഭിച്ചത് 978.9 മില്ലിമീറ്റർ മഴ. സാധാരണ ലഭിക്കേണ്ടത് 1982.4 മില്ലിമീറ്ററായിരുന്നു. 51 ശതമാനമാണ് മഴക്കുറവ് (Rainfall Deficit).
ഇടുക്കിയിൽ 44 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. 1929.4 മില്ലിമീറ്റർ സാധാരണ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1077.7 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്.
കൊല്ലത്ത് 27 ശതമാനവും, തൃശൂരിൽ 25 ശതമാനവും, പാലക്കാട്ട് 24 ശതമാനവും, ആലപ്പുഴയിൽ 23 ശതമാനവും, എറണാകുളത്ത് 22 ശതമാനവും മഴക്കുറവും രേഖപ്പെടുത്തി
അതേസമയം ആലപ്പുഴയിൽ സാധാരണ 1204.8 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 931.2 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. എറണാകുളത്ത് 1604.3 മില്ലിമീറ്റർ സാധാരണ മഴയ്ക്കെതിരെ 1253.2 മില്ലിമീറ്ററാണ് ലഭിച്ചത്. പാലക്കാട്ട് 1202.9 മില്ലിമീറ്റർ സാധാരണ മഴയ്ക്കെതിരെ 912.9 മില്ലിമീറ്ററും തൃശൂരിൽ 1644.3 മില്ലിമീറ്റർ സാധാരണ മഴയ്ക്കെതിരെ 1228.3 മില്ലിമീറ്ററും രേഖപ്പെടുത്തി.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് നിലവിൽ മഴ സാധാരണ നിലയിൽ (Normal) തുടരുന്നത്. എന്നാൽ ഇവിടെയും ചിലയിടങ്ങളിൽ നേരിയ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂരിൽ എട്ട് ശതമാനം, കാസർകോട് 16 ശതമാനം, കോട്ടയം നാല് ശതമാനം, കോഴിക്കോട് 11 ശതമാനം, മലപ്പുറം 18 ശതമാനം എന്നിങ്ങനെയാണ് മഴയിലെ കുറവ്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും സാധാരണയേക്കാൾ രണ്ട് ശതമാനം അധികമഴയാണ് ലഭിച്ചത്.
പത്തനംതിട്ടയിൽ ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 15 വരെ 1171.8 മില്ലിമീറ്റർ മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ടത് 1146.7 മില്ലിമീറ്ററായിരുന്നു. തിരുവനന്തപുരത്ത് 586.7 മില്ലിമീറ്റർ സാധാരണ മഴയ്ക്കെതിരെ 599.1 മില്ലിമീറ്റർ മഴയും ലഭിച്ചു.
ശ്രദ്ധേയമായി വയനാട്ടിലെയും ഇടുക്കിയിലെയും മഴക്കുറവ്
നിലവിലെ കണക്കിൽ കേരളത്തിന്റെ മൊത്തം മഴക്കുറവ് 22 ശതമാനമായതിനാൽ സംസ്ഥാനം ഡെഫിഷ്യന്റ് മഴയുടെ പരിധിയിലാണ്. അതായത് കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് സാധാരണ മഴയിൽ 20 മുതൽ 59 ശതമാനം വരെ കുറവുണ്ടെങ്കിൽ ‘ഡെഫിഷ്യന്റ്’ (Deficient) എന്നാണ് കണക്കാക്കുന്നത്. പ്രത്യേകിച്ച് വയനാട്ടിലെയും ഇടുക്കിയിലെയും വലിയ മഴക്കുറവ് ശ്രദ്ധേയമാണ്.
മഴക്കാലത്തിന്റെ പ്രധാന ഘട്ടം പിന്നിട്ടുകൊണ്ടിരിക്കെ സംസ്ഥാനത്തിന്റെ മഴവിതരണത്തിൽ ജില്ലകൾ തമ്മിലുള്ള ഈ വലിയ അന്തരം കാലാവസ്ഥാ നിരീക്ഷണത്തിൽ പ്രധാനപ്പെട്ടതാണ്. വരും ദിവസങ്ങളിലെ മഴയുടെ അളവും വിതരണവും അനുസരിച്ചായിരിക്കും സംസ്ഥാനത്തിന്റെ മൊത്തം മഴക്കുറവ് എത്രത്തോളം നികത്താനാകുമെന്നത് വ്യക്തമാകുക.
English Summary : According to data from the IMD Meteorological Centre, Thiruvananthapuram, Kerala is currently categorized under the 'Deficient' rainfall category for the period between June 1 and August 15.