WEATHER NEWS AND ANALYSIS
തീവ്രകാലാവസ്ഥ: 2021 ൽ ഇന്ത്യയിൽ മരിച്ചത് 1,750 പേർ
Jan. 14, 2022, 7:23 p.m.
Metbeat Weather Desk
2021 ൽ ഇന്ത്യയിൽ തീവ്ര കാലാവസ്ഥ മൂലം 1,750 പേർ മരിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. 350 പേർക്കാണ് ഇവിടെ ജീവഹാനി സംഭവിച്ചത്. ഒഡിഷയും മധ്യപ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. മരണസംഖ്യയിൽ എട്ടാം സ്ഥാനത്താണ് കേരളം. കഴിഞ്ഞ വർഷം ഇടിമിന്നൽ മൂലം 787 പേർ രാജ്യത്ത് മരിച്ചു. 759 പേരാണ് കനത്ത മഴ മൂലവും പ്രളയം മൂലവും മരിച്ചത്. ചുഴലിക്കാറ്റിനെ തുടർന്ന് 2021 ൽ മരിച്ചത് 172 പേരാണ്. 32 പേർ മറ്റ് തീവ്രകാലാവസ്ഥാ സാഹചര്യം മൂലവും മരിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വാർഷിക കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.
കേരളം എട്ടാം സ്ഥാനത്ത്
2021 ൽ തീവ്രകാലാവസ്ഥ മൂലം ജീവഹാനി സംഭവിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് കേരളം. രണ്ടാം സ്ഥാനത്തുള്ള ഒഡിഷയിൽ 223 ഉം മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശിൽ 191 ഉം ഉത്തരാഖണ്ഡിൽ 147 ഉം ബിഹാറിൽ 102 ഉം ഉത്തർപ്രദേശിൽ 98 ഉം ഗുജറാത്തിൽ 92 ഉം ബംഗാളിൽ 86 ഉം കേരളത്തിൽ 67 ഉം രാജസ്ഥാനിൽ 62 ഉം ഹിമാചൽ പ്രദേശിൽ 59 ഉം ജാർഖണ്ഡിൽ 57 ഉം ആന്ധ്രാപ്രദേശിൽ 50 ഉം കർണാടകയിൽ 45 ഉം, തമിഴ്നാട്ടിൽ 34 ഉം ജമ്മു കശ്മിരിൽ 32 ഉം തെലങ്കാനയിൽ 25 ഉം അസമിൽ 14 ഉം ഡൽഹിയിൽ ഏഴും പേരാണ് മരിച്ചത്.
ഇടിമിന്നൽ ദുരന്തം കൂടുതൽ ഒഡിഷയിൽ
ഇടിമിന്നലിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് ഒഡിഷയിൽ. ഇവിടെ 213 പേർ ആണ് മരിച്ചത്. മധ്യപ്രദേശിൽ 156 ഉം ബിഹാറിൽ 89 ഉം മഹാരാഷ്ട്രയിൽ 76 ഉം ബംഗാളിൽ 58 ഉം ജാർഖണ്ഡിൽ 54 ഉം ഉത്തർപ്രദേശിൽ 49 ഉം രാജസ്ഥാനിൽ 48 ഉം പേർ മരിച്ചു.
മെറ്റ്ബീറ്റ് വെതറിന്റെ സ്വതന്ത്ര കാലാവസ്ഥാ നിരീക്ഷണത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. G Pay- 8078148341
Comments