തീവ്രന്യൂനമർദം രൂപപ്പെട്ടു, ജവാദ് ചുഴലിക്കാറ്റ് നാളെ
Metbeat Weather Desk
ബംഗാൾ ഉൾക്കടലിൽ ഇന്ന് തീവ്രന്യൂനമർദം രൂപപ്പെട്ടു. നാളെ ഇത് വീണ്ടും ശക്തിപ്പെട്ട് ജവാദ് ചുഴലിക്കാറ്റാകും. നിലവിൽ തീവ്രന്യൂനമർദം വിശാഖപട്ടണത്ത് നിന്ന് 960 കി.മി തെക്ക് തെക്കുകിഴക്കാണ് സ്ഥിതി ചെയ്യുന്നത്. നാളെ വൈകിട്ടോടെ ഇത് മധ്യ ബംഗാൾ ഉൾക്കടലിൽ വച്ച് ജവാദ് ചുഴലിക്കാറ്റാകുമെന്നാണ് നിരീക്ഷണം. അതിനിടെ, അറബിക്കടലിൽ ഇന്ന് രൂപപ്പെടുമെന്ന് കരുതിയ ന്യൂനമർദം ദുർബലമായതോടെ മഹാരാഷ്ട്ര തീരത്ത് കനത്ത മഴ ഭീഷണി ഒഴിഞ്ഞു.
കേരളത്തിൽ ഒറ്റപ്പെട്ട മഴ
ന്യൂനമർദവും ചുഴലിക്കാറ്റും കേരളത്തെ ബാധിക്കില്ലെങ്കിലും ഒറ്റപ്പെട്ട മഴ കേരളത്തിൽ ലഭിക്കും. ചില സമയങ്ങളിൽ പുൾ എഫക്ട് കേരളത്തിനു കുറുകെ ഉണ്ടാകാവുന്ന സാഹചര്യമുണ്ട്. ഇത് സാധാരണ മഴക്ക് കാരണമാകുമെന്നാണ് നിഗമനം. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത.
എവിടെ കരതൊടും? ദിശമാറുമോ?
ജവാദ് ചുഴലിക്കാറ്റ് കൂടുതൽ ബാധിക്കുക ഒഡിഷയെയാകും. ഒഡിഷയിൽ തന്നെ കരകയറുമെന്നാണ് ഇപ്പോഴത്തെ സൂചനകൾ. ജർമൻ കാലാവസ്ഥാ പ്രവചന മാതൃകയായ ഇക്കോൺ പ്രകാരം ജവാദ് ചുഴലിക്കാറ്റ് ഒഡിഷയിലെ പുരിക്ക് സമീപം കരകയറും. അമേരിക്കൻ മാതൃകയായ ഗ്ലോബൽ ഫോർകാസ്റ്റ് സിറ്റത്തിന്റെ പ്രവചന പ്രകാരം ബംഗാളിനും ബം്ഗ്ലാദേശിനും ഇടയിലാകും കരതൊടുക. എന്നാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇക്കാര്യത്തിൽ വ്യക്തത നൽകിയിട്ടില്ല. ഒഡിഷക്കും ആന്ധ്രാപ്രദേശിനും ഇടയിൽ ശനിയാഴ്ച രാവിലെ കരകയറുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഒഡിഷ തീരത്ത് തീവ്രമഴക്ക് ജവാദ് ചുഴലിക്കാറ്റ് കാരണമാകും. മണിക്കൂറിൽ 70 മുതൽ 80 കി.മി വേഗത്തിലുള്ള കാറ്റും വീശും.
ദിശമാറിപോകുമോ?
ഒഡിഷയിൽ കരകയറാതെ ദിശമാറി ജവാദ് ബംഗാളിലേക്കോ ബംഗ്ലാദേശിലേക്കോ പോകുമോയെന്ന സംശയവും കാലാവസ്ഥാ നിരീക്ഷകർക്കിടയിലുണ്ട്. ശനിയാഴ്ച രാവിലെ ജവാദിന് ദിശാമാറ്റമുണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണിത്. വടക്കുവടക്കു കിഴക്ക് ദിശയിലേക്ക് ജവാദ് റീ കർവ് ചെയ്യാനാണ് സാധ്യത. അങ്ങനെയെങ്കിൽ ബംഗാളിലേക്കോ ബംഗ്ലാദേശിലേക്കോ നീങ്ങി അവിടെ കരകയറിയേക്കാം എന്ന സാധ്യതയുമുണ്ട്.
മുൻ കരുതൽ, ട്രെയിനുകൾ റദ്ദാക്കി
ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിവിധ ഏജൻസികളുടെ മേധാവികൾ അവലോകന യോഗം ചേർന്നു. വ്യാഴാഴ്ച മുതൽ ശനി വരെയുള്ള 95 ട്രെയിനുകൾ റദ്ദാക്കിയതായി ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു. മെയിൽ, എക്സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്. ഒഡിഷയിൽ 13 ജില്ലകളിൽ ജാഗ്രതാ നിർദേശമുണ്ട്. ഇവിടെ ആളുകളെ മാറ്റിപാർപ്പിക്കും. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഫയർ ഫോഴ്സ് എന്നിവ സുരക്ഷാ സാഹചര്യം വിലയിരുത്തി. ചുഴലിക്കാറ്റ് കരകയറുമെന്ന് കരുതുന്ന ശനിയാഴ്ച ഒഡിഷയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ തീരദേശ ആന്ധ്രാപ്രദേശിലും ജവാദ് ചുഴലിക്കാറ്റിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകി. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ശ്രീകാകുളം, വിശാഖപട്ടണം, വിഴിയനഗരം ജില്ലാ കലക്ടർമാരുമായി കൂടിക്കാഴ്ച നടത്തി. ആന്ധ്രാ, തമിഴ്നാട്, ഒഡിഷ, ബംഗാൾ, ആൻഡമാൻ നിക്കോബർ എന്നിവിടങ്ങളിലായി 62 സംഘം ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു.
ഞങ്ങളുടെ പോസ്റ്റുകള്‍ മുടങ്ങാതെ ലഭിക്കാന്‍ ഞങ്ങളുടെ ടെലഗ്രാം ഗ്രൂപ്പിലോ, ചാനലിലോ
അംഗങ്ങളാകുക. ഗ്രൂപ്പ് ലിങ്ക്, ചാനല്‍ ലിങ്ക് . അപ്പപ്പോഴത്തെ അപ്ഡേഷന് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക
Comments