കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴക്ക് സാധ്യത
Forecast Desk, Metbeat Weather
കഴിഞ്ഞ ദിവസം ശ്രീലങ്കക്ക് തെക്കുകിഴക്കായി രൂപ്പപെട്ട ചക്രവാതച്ചുഴി ഇന്ന് ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറ് മേഖലയിലേക്ക് നീങ്ങിയതോടെ തെക്കന്‍ തമിഴ്നാട്ടിലും തെക്കന്‍ കേരളത്തിലും ഇന്നു മുതല്‍ മൂന്നു ദിവസം മഴക്ക് സാധ്യത. ഈ സിസ്റ്റം ന്യൂനമര്‍ദം രൂപപ്പെടാനുള്ള മാനദണ്ഡങ്ങള്‍ ചിലഘട്ടങ്ങളില്‍ പാലിക്കുന്നതിനാല്‍ ന്യൂനമര്‍ദത്തിന്റെ ഭാഗമായുള്ള അന്തരീക്ഷമാറ്റം ഇന്നു മുതല്‍ പ്രതീക്ഷിക്കാം. കന്യാകുമാരി കടല്‍ വഴി അറബിക്കടലിലേക്ക് നാളെയോടെ പ്രവേശിക്കുന്ന സിസ്റ്റം വ്യാഴാഴ്ച ലക്ഷദ്വീപിനു സമീപത്തുകൂടെ പടിഞ്ഞാറ്,വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങാനാണ് സാധ്യത.
കരയിലും കടലിലും കാറ്റ്, മഴക്ക് സാധ്യത
അറബിക്കടലിന്റെ തെക്കുകിഴക്കന്‍ മേഖല, കന്യാകുമാരി കടല്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറ് മേഖല എന്നിവിടങ്ങളില്‍ അടുത്ത 24 മണിക്കൂറില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്കന്‍ തമിഴ്നാട്, തെക്കന്‍ കേരളം എന്നിവിടങ്ങളിലും കാറ്റുണ്ടാകും. പാലക്കാട്, തൃശൂര്‍ ജില്ലകളിലും മണിക്കൂറില്‍ 45 കി.മി വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ട്.
കേരളത്തിലെ മഴ സാധ്യത
കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കും എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലയുടെ തെക്കന്‍ മേഖല എന്നിവിടങ്ങളില്‍ ഇടത്തരം മഴയോ ഒറ്റപ്പെട്ട ശക്തമായ മഴയോ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇടത്തരം അല്ലെങ്കില്‍ ചാറ്റല്‍ മഴക്കോ സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചില പ്രദേശങ്ങളില്‍ ഏതാനും കി.മി ദൂരപരിധിയില്‍ ചാറ്റല്‍മഴയോ ഇടത്തരം മഴയോ പെയ്യാം. പൊതുവെ ആകാശം മേഘാവൃതമാകും. ബുധനാഴ്ച രാത്രി വരെ ഈ സ്ഥിതിയാകും തുടരുകയെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നത്.
തമിഴ്നാട്ടില്‍
തെക്ക്, മധ്യ ജില്ലകളിലും ശക്തമായതോ അതിശക്തമായതോ ആയ മഴ തുടരും. നാഗര്‍കോവില്‍, കന്യാകുമാരി, മധുരൈ, ദിണ്ടുഗല്‍, തൂത്തുകുടി, കാരൈക്കുടി, തഞ്ചാവൂര്‍, തിരുച്ചി മേഖലകളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴ പ്രതീക്ഷിക്കാം. കോയമ്പത്തൂര്‍, തിരുപ്പൂര്‍, അവിനാശി, ഈറോഡ്, കടലൂര്‍, സേലം, ചെന്നൈ ചാറ്റല്‍ മഴയോ ഇടത്തരം മഴയോ അടുത്ത 24 മണിക്കൂറില്‍ പ്രതീക്ഷിക്കാം തമിഴ്നാട്ടില്‍ മിക്ക ജില്ലകളിലും മേഘാവൃതമായി തുടരും.
നിങ്ങളുടെ പ്രദേശത്തെ തല്‍സമയ അന്തരീക്ഷസ്ഥിതി, അടുത്ത രണ്ടാഴ്ചത്തെ പ്രതിദിന കാലാവസ്ഥാ പ്രവചനം ലൊക്കേഷന്‍ നല്കി നിങ്ങള്‍ക്ക് ഞങ്ങളുടെ വെബ്സൈറ്റില്‍ സെര്‍ച്ച് ചെയ്യാം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. മഴയുടെ തല്‍സമയ റഡാര്‍ ചിത്രങ്ങളും ലഭ്യമാണ്. ഏറ്റവും പുതിയ അപ്ഡേഷനുകള്‍ക്ക് ഞങ്ങളുടെ വെബ്സൈറ്റും ഫേസ്ബുക്ക് പേജും പിന്തുടരുക.
Photo- Subhash Dev
ഞങ്ങളുടെ സംരഭത്തെ സഹായിക്കാന്‍ , ഈ ലിങ്ക് ഉപയോഗിക്കാം
Comments