കാര്‍ബണ്‍ പുറംതള്ളല്‍ നിലച്ചാലും ആഗോള താപനം തുടരും
ഡോ. ഗോപകുമാര്‍ ചോലയില്‍
അന്തരീക്ഷത്തിലേക്ക് പുറംതള്ളപ്പെടുന്ന ഹരിതഗൃഹവാതകങ്ങളാണ് ഇന്ന് നം നേരിടുന്ന ആഗോളതാപനത്തിന്റെ പ്രധാന കാരണം. എന്നാല്‍ ഹരിതഗൃഹവാതക ഉത്സര്‍ജനം അടിയന്തിരമായി പൂര്‍ണമായും നിര്‍ത്തിവച്ചാല്‍ പോലും ഇതിനകം അന്തരീക്ഷത്തിലേക്ക് നിക്ഷേപിക്കപ്പെട്ട താപനകാരികളുടെ സാന്നിധ്യം മൂലം ആഗോളതാപനം ഇനിയും 500 ഓ അതിലധികമോ വര്‍ഷങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. പ്രമുഖ ഹരിതഗൃഹവാതകമായ കാര്‍ബണ്‍ഡയോക്സൈഡ് അന്തരീക്ഷത്തിലേക്കെത്തുന്നത് പ്രധാനമായും ഫോസില്‍ ഇന്ധനങ്ങളുടെ ജ്വലനം വഴിയാണ്. ഫോസില്‍ ഇന്ധന ഉപയോഗം അടിയന്തിരമായി നിര്‍ത്തിവച്ചാല്‍ പോലും അടുത്ത അഞ്ച് നൂറ്റാണ്ടോളം ഭൂമിയില്‍ ചൂടേറിക്കൊണ്ടിരിക്കുക തന്നെ ചെയ്യും.
അത്തരമൊരവസ്ഥയില്‍ ആഗോളതാപനില ഇന്നത്തേതിനേക്കാള്‍ ചുരുങ്ങിയത് മൂന്ന് ഡിഗ്രി സെന്റിഗ്രേഡ് വരെ ഉയര്‍ന്നേക്കാമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു (Scientific Reports, 10, 18456, 2020). പല കമ്പ്യൂട്ടര്‍ സിമുലേഷന്‍ മോഡലുകളും 4.0 ഡിഗ്രി സെന്റിഗ്രേഡോ അതിലേറെയോ താപവര്ധനവിനുള്ള സാധ്യതകള്‍ പ്രവചിച്ചിട്ടുമുണ്ട്്.
3 ഡിഗ്രി വര്‍ധന വെറും ചൂടല്ല
താപനില വെറും 3 ഡിഗ്രി ഉയര്‍ന്നാല്‍ പ്രത്യേകിച്ചെന്ത് സംഭവിക്കാനാണ് എന്ന് ചിന്തിക്കുന്നവരുണ്ടാകാം. വ്യവസായ വിപ്ലവപൂര്വകാലഘട്ടത്തെ അപേക്ഷിച്ച് ഇപ്പോള്‍ ആഗോളതാപനിലയില്‍ അനുഭവപ്പെടുന്ന ശരാശരി വര്‍ധനവ് 1.2 ഡിഗ്രി സെന്റിഗ്രേഡിന്റെ മാത്രമാണ്. എന്നാല്‍, നാമമാത്രമായ ഈ വര്‍ധനവ് പോലും സൃഷ്ട്ടിച്ച പ്രത്യാഘാതങ്ങള്‍ ലോകം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സമീപദശകങ്ങളില്‍ അടിക്കടി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥയിലെ രൂക്ഷമാറ്റങ്ങള്ക്ക് ലോകം സാക്ഷ്യം വഹിക്കുന്നു. പൊതുവെ അനുഭവപ്പെട്ടു വരുന്ന മഴക്കുറവ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടു വരുന്ന കടുത്ത വരള്‍ച്ചാവേളകള്‍, ഭൂമിയിലെ വന്ഹിമനിക്ഷേപങ്ങളായ ഉത്തര-ദക്ഷിണ ധ്രുവപ്രദേശങ്ങള്‍, ഹിമാലയം, ലോകത്തിലെ മറ്റ് ഹിമപര്‍വതങ്ങള്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെട്ടു വരുന്ന കനത്ത തോതിലുള്ള മഞ്ഞുരുക്കം, ഉഷ്ണശീത തരംഗങ്ങളുടെ നിരന്തര സാന്നിധ്യം, ശക്തിയേറിയ ചുഴലിക്കാറ്റുകള്‍, അതി ശക്തമായ ആലിപ്പഴം വീഴ്ച, അതിതീവ്രമഴയും അനുബന്ധ പ്രളയ സാഹചര്യങ്ങളും തുടങ്ങിയവ ചില ഉദാഹരങ്ങള്‍ മാത്രം. ഇവയില്‍ പലതും നമുക്കും അനുഭവമുള്ളതാണല്ലോ? 2500 ാം ആണ്ടോടെ അന്തരീക്ഷതാപനിലയില്‍ ചുരുങ്ങിയത് 3 ഡിഗ്രി സെന്റിഗ്രേഡിന്റെയെങ്കിലും വര്‍ധനവ് ഉണ്ടാകും എന്നാണ് അനുമാനിത പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ചൂട് കൂടിയാല്‍ എന്തു സംഭവിക്കും
ചൂട് 3 ഡിഗ്രി കൂടിയാല്‍ 1850കളെ അപേക്ഷിച്ച്, വ്യാപകമായ മഞ്ഞുരുക്കം മൂലം സമുദ്ര നിരപ്പ് മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്നേക്കാം. മാത്രമല്ല, ആര്‍ട്ടിക് മേഖലയിലെ വന്ഹിമശേഖരം ഉരുകിയൊലിക്കുകയും ഉരുകിയ ജലം ചൂട് മൂലം ബാഷ്പീകരണ വിധേയമാകുകയും ചെയ്യുമെന്നതിനാല്‍ അന്തരീക്ഷത്തില്‍ നീരാവിയുടെ സാന്നിധ്യം സ്ഥിരമായി അനുഭവപ്പെട്ടേക്കാം. ഉറഞ്ഞ ഹിമമണല്‍ മിശ്രിതം (permafrost ) ഉരുകുന്ന അവസ്ഥയാണ് മറ്റൊന്ന്. തല്‍ഫലമായി, ഉറഞ്ഞ ഹിമമണലില് തടഞ്ഞുവയ്ക്കപ്പെട്ടിട്ടുള്ള കാര്‍ബണ്‍ഡയോക്സൈഡ്, മീഥേന്‍, നൈട്രസ്ഓക്സൈഡ് എന്നീ പ്രധാനപ്പെട്ട താപനകാരികളായ ഹരിതഗൃഹവാതകങ്ങളുടെ ഭീമശേഖരം അന്തരീക്ഷത്തിലേക്ക് വിമോചിതമാവുകയും ചെയ്യും. അന്തരീക്ഷതാപനില, സമുദ്രനിരപ്പ് എന്നിവ താപനപൂര്വകാലഘട്ടത്തില് എപ്രകാരമാണോ നിലനിന്നിരുന്നത്, ആ അവസ്ഥയിലേക്ക് അവയെ തിരിച്ചു കൊണ്ട് പോകുവാനുള്ള ശ്രമം രാഷ്ട്രങ്ങള്‍ ആറ് പതിറ്റാണ്ടു മുന്‍പെങ്കിലും തുടങ്ങി വയ്ക്കണമായിരുന്നുവെന്നാണ് ശാസ്ത്രകാരന്മാര് നല്കുന്ന സന്ദേശം. ഇപ്പോഴാകട്ടെ, അസഹനീയമാം വിധം ഉയര്‍ന്ന അന്തരീക്ഷ താപനം നിയന്ത്രണ വിധേയമാക്കണമെങ്കില്‍ 33 ബില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് ഓരോ വര്‍ഷവും അടിയന്തിരമായി നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനത്തില്‍ രാഷ്ട്രങ്ങള്‍ ഏകോപിതരാകേണ്ടതുണ്ട്.
ഭൂമിയില്‍ അതിജീവനം സാധ്യമോ?
ഫോസില്‍ ഇന്ധനങ്ങളുടെ അമിത ജ്വലനം വഴി വിമുക്തമാക്കപ്പെടുന്ന ഹരിത ഗൃഹവാതകങ്ങള്ക്കു പുറമെ അതിദ്രുതം വ്യാപിച്ചുകൊണ്ടിരിക്കുന്ന നഗരവല്കരണം, വ്യവസായങ്ങളുടെ ആധിക്യം, മാലിന്യ നിക്ഷേപം എന്നിവയെല്ലാം ചേര്‍ന്ന് നാം അധിവസിക്കുന്ന ഭൂമി അതിജീവനം പ്രയാസകരമായ ഒരു ഇടമായി മാറ്റിയിരിക്കുന്നു. ഭൂമിയിലെ സ്വാഭാവിക ആവാസ വ്യവസ്ഥകളില്‍ പലതും നശിച്ചു പോകുകയോ നിലനില്ക്കാന് പ്രയാസപ്പെടുകയോ ചെയ്യുന്നു. ഇനിയും ഇത്തരത്തിലുള്ള പ്രവണത തുടരുന്നപക്ഷം ദുരന്തവാഹകരായ തീക്ഷ്ണകാലാവസ്ഥാ വ്യതിയാനങ്ങള്‍ കൂടുതല്‍ കടുത്ത രീതിയില്‍ അനുഭവപ്പെടുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ഈ കണ്ടെത്തലിനെ 'അതീവ ബാലിശം' എന്ന് വിമര്‍ശിക്കുന്നു. ഈ നൂറ്റാണ്ടില്‍ ആഗോള താപനം 1.5 ഡിഗ്രി സെന്റിഗ്രേഡ് പരിധി ഭേദിക്കാതിരിക്കണമെങ്കില് 2050 മുതല്‍ 2100 വരെയുള്ള വര്‍ഷങ്ങളില്‍ അന്തരീക്ഷത്തിലേക്ക് പുറം തള്ളപ്പെടുന്ന കാര്‍ബണിനേക്കാള്‍ അധികമളവില്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ നീക്കം ചെയ്യപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണം. അടുത്ത മൂന്ന് പതിറ്റാണ്ടിനകം അന്തരീക്ഷത്തിലെ കാര്‍ബണ്‍ സാന്നിധ്യം ഫലത്തില്‍ ഇല്ലാതാക്കുവാനുള്ള നടപടി ക്രമങ്ങളുടെ അവലംബം ഒരു തുടക്കം മാത്രമാണ്. എന്നാല്‍ തന്നെ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ അന്തരീക്ഷത്തിലേക്ക് അധികതോതില്‍ നിക്ഷേപിക്കപ്പെട്ട കാര്‍ബണ്‍ഡയോക്സൈഡിന്റെ ഫലമായി അന്തരീക്ഷത്തിന് ചൂടേറുന്നപ്രക്രിയ വര്‍ഷങ്ങളോളം തുടര്‍ന്നുകൊണ്ടിരിക്കുക തന്നെ ചെയ്യും.
അധിക കാര്‍ബണ്‍ നീക്കം ചെയ്യല്‍
മാത്രമല്ല, അന്തരീക്ഷത്തിലേക്ക് പുറം തള്ളപ്പെടുന്ന കാര്‍ബണിന്റെ അളവിനേക്കാള്‍ കൂടുതല്‍ അളവില്‍ കാര്‍ബണ്‍ നീക്കം ചെയ്താല്‍ മാത്രമാണ് താപന വര്‍ധനവ് 1.5 ഡിഗ്രി സെന്റിഗ്രേഡ് കവിയാതിരിക്കുകയെന്ന ലക്ഷ്യം കൈവരിക്കാനാവുകയുള്ളുവെന്ന് പറഞ്ഞല്ലോ? അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ നീക്കം ചെയ്യപ്പെടുന്ന പ്രക്രിയ തുടര്‍ച്ചയായി അനുവര്ത്തിച്ചുകൊണ്ടിരുന്നാല് മാത്രമേ ഈയൊരു നിരീക്ഷണത്തിന്റെ ഫലസാധ്യതക്ക് നിലനില്പ് ഉണ്ടാവുകയുള്ളു. ഈ നൂറ്റാണ്ടോടെ മേല്‍ ലക്ഷ്യം കൈവരിച്ച് കഴിഞ്ഞാല്‍ പോലും കാര്‍ബണ്‍ നീക്കം ചെയ്യുന്ന പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കണം.
ആര്‍ട്ടിക് മേഖലയിലെ ഹിമനിക്ഷേപത്തില് വന്‍തോതില്‍ കുറവ് വരുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ വേനല്‍ മാസങ്ങളില്‍ സമുദ്രഹിമം ഏതാണ്ട് പൂര്‍ണമായി ഇല്ലാതാവുന്ന അവസ്ഥ ഉണ്ടായേക്കാം. ആര്‍ട്ടിക് മേഖലയില്‍ മാത്രമല്ല, ലോകത്തിലെ പ്രധാനപ്പെട്ട ഹിമപര്വതമേഖലകളിലും ഹിമശോഷണം മൂര്‍ധന്യത്തില്‍ എത്താനിടയുണ്ട്. പര്‍വതങ്ങള്‍, സമുദ്രോപരിതലങ്ങള് എന്നിവയെ ആവരണം ചെയ്തുകൊണ്ടുള്ള വെളുത്ത മഞ്ഞുപാളികള്‍ ഉരുകി അപ്രത്യക്ഷമാകുമ്പോള്‍ ഇരുണ്ട നിറത്തിലുള്ള പാറക്കെട്ടുകളും സമുദ്രജലവും അനാവൃതമാവുന്നു. ഇരുണ്ട പ്രതലങ്ങള്‍ സൗരവികിരണങ്ങള്‍ അന്തരീക്ഷത്തിലേക്ക് തിരിച്ച് പ്രതിഫലി പ്പിക്കുകയില്ല എന്ന് മാത്രമല്ല, അവ താപവികിരങ്ങളെ ആഗിരണം ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു. ഈ പ്രക്രിയകൊണ്ട് തന്നെ ആഗോള താപനത്തില്‍ 0.43 ഡിഗ്രി സെന്റിഗ്രേഡിന്റെ വര്‍ദ്ധനവ് ഉണ്ടാകാം (നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ്, 11, 5177, 2020 ). താപനകാരികളായ വാതകങ്ങളുടെ ഉത്സര്‍ജനം അടിയന്തിരമായി നിര്‍ത്തിവച്ചാല്‍ പോലും ഭാവിയിലെ കാലാവസ്ഥാ സാഹചര്യങ്ങളില്‍ തന്നെ താപന പ്രവണത ഇതിനകം അന്തര്‍ലീനമായിട്ടുണ്ട്. അതിനാല്‍, താപനം എത്രകാലം, എത്ര വേഗത്തില്‍ തുടരുമെന്നത് കണക്കാക്കുന്നത് സങ്കീര്‍ണമാണ്.
(ലേഖകന്‍ കാലാവസ്ഥ വ്യതിയാന അക്കാദമിയിലെ സയന്റിഫിക് ഓഫിസറും കാലാവസ്ഥാ കോളമിസ്റ്റുമാണ്)
Comments