കേരളത്തില്‍ ശക്തമായ മഴ തുടരും, ന്യൂനമര്‍ദ സാധ്യതയും
Forecast Desk, Metbeat Weather
ഡിസംബര്‍ അവസാന വാരത്തിലെ മെറ്റ്ബീറ്റ് വെതറിന്റെ കാലാവസ്ഥ നിരീക്ഷണത്തില്‍ വ്യക്തമാക്കിയതുപോലെ ജനുവരിയില്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കും. അടുത്ത ഒരാഴ്ചയും കേരളത്തില്‍ മഴ തുടരാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു. ഇന്ന് (വെള്ളി) സംസ്ഥാനത്ത് പരത്തെ മഴക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളിലും ഏറിയും കുറഞ്ഞും മഴ ലഭിക്കും. ചിലയിടങ്ങളില്‍ ശക്തമായ മഴയും മറ്റു ചിലയിടങ്ങളില്‍ ഇടത്തരം മഴയോ ആയിരിക്കും. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇടിമിന്നല്‍ ഉണ്ടാകുമെങ്കിലും കൂടുതല്‍ മേഖലകളിലും സാധാരണ മഴയാകും പ്രതീക്ഷിക്കേണ്ടത്.
കിഴക്കന്‍ കാറ്റ് ശക്തം, ന്യൂനമര്‍ദ സാധ്യതയും
കിഴക്കന്‍ കാറ്റ് ശക്തിപ്പെടുന്നതും ന്യൂനമര്‍ദ സാധ്യതയും നിലനില്‍ക്കുന്നത് മഴ തുടരാന്‍ ഇടയാക്കും. ജനുവരി 11 വരെ കിഴക്കന്‍ കാറ്റ് ശക്തമായി തുടരുന്നുണ്ട്. അറബിക്കടലില്‍ ലോവര്‍ ലെവലിലും മിഡ് ലെവലിലും ചക്രവാതച്ചുഴികളുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തായി ലോ ലെവല്‍ സര്‍ക്കുലേഷനും ദൃശ്യമാണ്. ഇതോടൊപ്പം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാറ്റിന്റെ ചുഴി രൂപപ്പെടാനും തുടര്‍ന്ന് ശക്തിപ്പെടാനും അത് ന്യൂനമര്‍ദമായി മാറാനും സാധ്യതയുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. ജനുവരി 11 ന് ശേഷമാകും ഇതുണ്ടാകുക. അങ്ങനെയെങ്കില്‍ അത് ശക്തിപ്പെട്ട് ശ്രീലങ്കവരെ നീങ്ങാന്‍ ഇടയാക്കും. കൂടാതെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റ് ആഗോള കാലാവസ്ഥാ പ്രതിഭാസങ്ങളുടെ സ്വാധീനവും ഉണ്ട്. ഇതെല്ലാം മഴ തുടരുന്നതിനുള്ള അന്തരീക്ഷസ്ഥിതിയാണ് സംജാതമാക്കുകയെന്ന് ഞങ്ങളുടെ മീറ്റിയോറളജിസ്റ്റ് പറയുന്നു.
കാറ്റ്,മഴ, ഇടിമിന്നല്‍ സാധ്യത
വടക്കന്‍ കേരളത്തിലാണ് ഇനിയുള്ള ദിവസങ്ങളിലും കൂടുതല്‍ മഴക്ക് സാധ്യത. തീരദേശങ്ങളിലും ഇടനാട്ടിലും മലയോരത്തും വ്യത്യസ്ത അളവിലും സമയത്തുമായി മഴ ലഭിക്കും. വൈകിട്ടു മുതല്‍ പുലര്‍ച്ചെ വരെയാണ് കൂടുതല്‍ മഴക്ക് സാധ്യത. ചിലയിടങ്ങളില്‍ മണിക്കൂറില്‍ 40 കി.മി വരെയുള്ള കാറ്റിനും ഒറ്റപ്പെട്ട മേഖലകളില്‍ ഇടിമിന്നല്‍ സാധ്യതയുമുണ്ട്. കാസര്‍കോട് മുതല്‍ മഹാരാഷ്ട്ര വരെയുള്ള തീരത്തും മഴ ലഭിക്കും. ഈ മേഖലയില്‍ ന്യൂനമര്‍ദപാത്തി രൂപപ്പെടുന്നത് മഴക്ക് അനുകൂലമാണ്. തമിഴ്നാട്ടിലും ശക്തമായ മഴ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് തുടരും. കേരളത്തില്‍ മലയോര മേഖലകളിലെ രാത്രി സഞ്ചാരത്തില്‍ ജാഗ്രത പാലിക്കണം. മഴ തുടര്‍ന്നാല്‍ ദുരന്തനിവാരണ മുന്നറിയിപ്പുകള്‍ പാലിച്ചു തുടങ്ങാം.
നിങ്ങളുടെ പ്രദേശത്തെ തല്‍സമയ അന്തരീക്ഷസ്ഥിതി, അടുത്ത രണ്ടാഴ്ചത്തെ പ്രതിദിന കാലാവസ്ഥാ പ്രവചനം ലൊക്കേഷന്‍ നല്കി നിങ്ങള്‍ക്ക് ഞങ്ങളുടെ വെബ്സൈറ്റില്‍ സെര്‍ച്ച് ചെയ്യാം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. മഴയുടെ തല്‍സമയ റഡാര്‍ ചിത്രങ്ങളും ലഭ്യമാണ്. ഏറ്റവും പുതിയ അപ്ഡേഷനുകള്‍ക്ക് ഞങ്ങളുടെ വെബ്സൈറ്റും ഫേസ്ബുക്ക് പേജും പിന്തുടരുക.
ഞങ്ങളുടെ സംരഭത്തെ നിങ്ങള്‍ക്കും സഹായിക്കാം , ഇവിടെ ക്ലിക്ക് ചെയ്യുക.
Comments