പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മള് തന്നെ
പാരിസ് കാലാവസ്ഥാ ഉടമ്പടി അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍- 2
ഡോ.ഗോപകുമാര്‍ ചോലയില്‍
പാരിസ് ഉടമ്പടിയില്‍ പറയുന്ന കാര്യങ്ങള്‍ പരിസ്ഥിതിയെ സംരക്ഷിക്കാനും അതുവഴി കാലാവസ്ഥാ വ്യതിയാന ദുരന്തങ്ങള്‍ ലഘൂകരിച്ച് മനുഷ്യന്റെ നിലനില്പ് ഉറപ്പുവരുത്താനും വേണ്ടിയുള്ളതാണ്. മനുഷ്യര്‍ക്കൊപ്പം മറ്റു ജീവജാലങ്ങളും ഭൂമിയില്‍ സ്വസ്ഥമായി ജീവിക്കാന്‍ ഇതുവഴി കഴിയും. അതിനായി നാം ഓരോരുത്തരും തീരുമാനമെടുക്കണം. ഭൂമിയിലെ മുഴുവന്‍ ജനങ്ങളും ഇതിനു തയാറായില്ലെങ്കില്‍ ഭാവിയില്‍ നമ്മെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന യാഥാര്‍ഥ്യം തിരിച്ചറിയപ്പെടണം. അതിനുള്ള ഉടമ്പടിയില്‍ പറയുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
സംശുദ്ധോര്ജത്തിലേക്കുള്ള ചുവടു മാറ്റം
സംശുദ്ധ ഊര്ജവിനിമയത്തിന് അനുകൂലമായ രീതിയില്‍ ഭൂവിനിയോഗ ക്രമത്തിലും മാറ്റം വന്നിട്ടുണ്ട്. പരിഥിതിസൗഹാര്ദ സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമായ വികസനപ്രക്രിയക്ക് മാത്രമേ ഇക്കാര്യം നടപ്പില്‍ വരുത്താനാവൂ എന്ന സന്ദേശവും പാരിസ് ഉച്ചകോടി നിര്‍ദ്ദേശങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗത്തിലുള്ള ആപത്പ്രവണത വര്ധിച്ചുകൊണ്ടേയിരിക്കയാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ വികസ്വര രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം കല്‍ക്കരി പ്ലാന്റുകള്‍ ഔചിത്യപൂര്‍വമായ ഒരു പുനര്‍വിചിന്തനത്തിന് വിധേയമാണ്. 2020 ലെ പ്രത്യേക സാഹചര്യങ്ങളില്‍ ഉണ്ടായ ഊര്ജസ്തംഭനം ഒഴിവാക്കുവാന്‍ സൗരോര്‍ജവും കാറ്റില്‍ നിന്നുള്ള ഊര്‍ജവും ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നുള്ള അഭിപ്രായമാണ് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയും മുന്നോട്ടുവയ്ക്കുന്നത്. ഏഷ്യയിലെ സാമ്പത്തിക സ്ഥാപനങ്ങളും പാശ്ചാത്യ രാജ്യങ്ങളിലുള്ള തങ്ങളുടെ ബിസിനസ് പങ്കാളികളുടെ ചുവടുപിടിച്ച് കല്‍ക്കരിയെ നിരോധിത പട്ടികയില്‍പ്പെടുത്തിയിരിക്കുന്നു. വിപണി മൂല്യത്തിന്റെ കാര്യത്തില്‍ സംശുദ്ധോര്ജത്തിന്റെ പ്രയോക്താക്കള്‍ എണ്ണ കമ്പനികളെ മറികടന്നിരിക്കുകയാണ്. കൊവിഡ് വ്യാപന-പൂര്‍വസ്ഥിതിയില്‍ ഉണ്ടായിരുന്ന അത്രയ്ക്കും ഉയര്‍ന്ന ആവശ്യകതയിലേക്ക് എണ്ണ ഉപഭോഗം തിരിച്ചെത്തുകയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
മേല്‍നോട്ടവും നടത്തിപ്പും
പാരിസ് ഉച്ചകോടിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുവാനും മേല്‍നോട്ടം വഹിക്കുവാനും കേന്ദ്രീകൃതമായ ഒരു വ്യവസ്ഥ ഇല്ലായെന്നുള്ളതാണ് യാഥാര്‍ഥ്യം. വന്സമ്പത് സ്ഥാപനങ്ങള്‍ മുതല്‍ നഗരപ്രദേശങ്ങളിലെ ഭരണസംവിധാനങ്ങള്‍ വരെ പാരിസ് ഉച്ചകോടി നിര്‍ദ്ദേശങ്ങള്‍ തങ്ങളുടെ നയപരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതു മേഖലയിലുള്ള 400 ലേറെ വികസന ബാങ്കുകളും ഒട്ടനവധി ഏഷ്യന്‍ സംരംഭകരും പാരിസ് ഉച്ചകോടി നിര്‍ദ്ദേശങ്ങള്‍ അനുവര്‍ത്തിക്കുവാന്‍ നിര്‍ബന്ധിതരായിക്കൊണ്ടിരിക്കുന്നു. യൂറോപ്യന്‍ യൂനിയനാകട്ടെ, 2015 മുതല്ക്കുള്ള ഓരോ സ്വതന്ത്രവ്യാപാര കരാറിലും പാരിസ് നിര്‍ദ്ദേശങ്ങളോടുള്ള തങ്ങളുടെ അനുഭാവം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിന്റെ വികസനം സ്തംഭിപ്പിക്കുവാന് പാരിസ് കാലാവസ്ഥ ഉടമ്പടി നിര്‍ദ്ദേശങ്ങള്‍ എപ്രകാരം വിനിയോഗിക്കാമെന്ന് ഇംഗ്ലണ്ടിലെ അഭിഭാഷകരും പരിശോധിച്ചുകൊണ്ടിരിക്കുന്നു. കാലാവസ്ഥാ സംരക്ഷണം സംബന്ധിച്ച വിഷയത്തില്‍ പാരിസ് ഉച്ചകോടി നിര്‍ദ്ദേശങ്ങള്‍ ഏറെ ശുഭപ്രതീക്ഷ നല്കുന്നുണ്ടെങ്കില് പോലും അവ എത്രത്തോളം നടപ്പിലാക്കാനാവും എന്ന വസ്തുത വന്‍ വെല്ലുവിളിയായി അവശേഷിക്കുന്നു.
നടപ്പിലാവാത്ത നിര്‍ണായക ഘടകങ്ങള്‍
ഉയരുന്ന ഉത്സര്‍ജ്ജന തോത്
ആഗോളതലത്തില്‍ ഹരിതഗൃഹവാതക ഉത്സര്‍ജനത്തിന്റെ ഗതി ഉയരങ്ങളിലേക്ക് തന്നെയാണ്. 2015 നും 2018 നും ഇടക്ക് ഒരു ബില്യണ്‍ ടണ്ണോളം ഉത്സര്ജിത കാര്‍ബണ്‍ ഡയോക്സൈഡ് ആണ് പ്രതിവര്‍ഷ കണക്കുകളിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഏഷ്യന്‍ രാഷ്ട്രങ്ങളിലെ സമ്പദ്മേഖലയിലെ വികസനപ്രവണതയുടെ ചുവടുപിടിച്ചാണ് പ്രധാനമായും ഈ കണക്കിലെ വര്‍ദ്ധനവ്. 2014-16 കാലഘട്ടത്തില്‍ ചൈനയിലെ ഉത്സര്‍ജനതോത് പരിശോധിച്ചാല്‍ താരതമ്യേന മാലിന്യം പുറംതള്ളല്‍ വളരെ കുറഞ്ഞ വികസന രീതികളായിരുന്നു അവലംബിക്കപ്പെട്ടത് എന്ന് കാണാം. എന്നാല്‍, പിന്നീട്, ഉത്സര്‍ജനം കൂടിയ തോതിലേക്ക് തന്നെ തിരിച്ചെത്തിയ സ്ഥിതിയുണ്ടായി. ഉത്സര്‍ജനം ദ്രുതഗതിയിലോ, എന്നെന്നേക്കുമായോ നിര്‍ത്തിവയ്ക്കുന്നത് സാമ്പത്തിക മേഖലയിലെ നൂതനചിന്താഗതികള് അനുവദിക്കുന്നില്ല. ഇപ്രകാരം ചെയ്താല്‍ വികസന മുരടിപ്പായിരിക്കും ഫലം എന്നതിനാലാണിത്.
കൊറോണ വൈറസ് വ്യാപന പ്രതിരോധാര്‍ത്ഥം 2020 മാര്‍ച്ച് മാസം മുതല്‍ ഗതാഗത- വ്യവസായ മേഖലകള്‍ ലോകമെമ്പാടും പൂര്‍ണമായും അടച്ചിട്ട ഒരു സ്ഥിതി വിശേഷം ഉണ്ടായിരുന്നതിനെ തുടര്‍ന്ന് കാര്‍ബണ്‍ ഉത്സര്‍ജനത്തില്‍ 7 ശതമാനത്തിന്റെ കുറവ് ഉണ്ടായതായി വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇത് പക്ഷെ, ഒരു താല്‍ക്കാലിക സ്ഥിതി വിശേഷം മാത്രമാണ്. ഇത്തരമൊരു സവിശേഷ സാഹചര്യത്തിന്റെ അഭാവത്തി ലാണെങ്കില്പോലും ഉത്സര്‍ജനതോത് ഇതേ രീതിയില്‍ കുറച്ചുകൊണ്ട് പോയാല്‍ മാത്രമേ താപനിലവര്‍ധന പരിധി 1.5 ഡിഗ്രി സെന്റിഗ്രേഡില്‍ പരിമിതപ്പെടുത്തുക എന്ന ലക്ഷ്യം കൈവരിക്കാനാവുകയുള്ളു.
ഉയരുന്ന താപനില
ഉത്സര്‍ജനത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിനനുസരിച്ച് അന്തരീക്ഷത്തിലെ താപമാനവും ഉയരുന്നു. വ്യവസായ പൂര്വകാലഘട്ടത്തെ അപേക്ഷിച്ച് 2020 ല്‍ 1.2 ഡിഗ്രി സെന്റിഗ്രേഡ് ചൂട് കൂടുതലായി അനുഭവപ്പെട്ടു. ലാ നിന (La Nina) മൂലം അനുഭവപ്പെടുന്ന താപസമാശ്വാസം പരിഗണിച്ചാല്‍ ഇതേവരെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ചൂടേറിയ വര്‍ഷങ്ങളുടെ പട്ടികയില്‍ 2020 ഉം സ്ഥാനം പിടിച്ചിരിക്കുന്നു. കാലാവസ്ഥ റിപ്പോര്‍ട്ടുകളില്‍ 'അഭൂതപൂര്‍വമായ' എന്ന വാക്ക് അടിക്കടി ഇടംപിടിച്ചുകൊണ്ടിരിക്കുന്നു. ആര്‍ട്ടിക്മേഖലയിലെ കാട്ടുതീ, ആഫ്രിക്ക വന്‍കരയിലെ ചിലയിടങ്ങളില്‍ ആഞ്ഞ് വീശിയ ചുഴലിക്കാറ്റുകള്‍ എന്നിവ ഇത്തരം അഭൂതപ്രതിഭാസങ്ങള്ക്ക് ഉദാഹരണമാണ്. കൊടുംവരള്ച്ചകളും കടുത്ത പ്രളയങ്ങളും ലോകമെമ്പാടുമുള്ള കര്‍ഷകരുടെ നിലനില്പ് വിഷമഘട്ടത്തിലാക്കുന്നു. ഇത്തരം തീക്ഷ്ണകാലാവസ്ഥാ പ്രതിഭാസങ്ങള്‍ക്ക് മൂലഹേതു ആഗോളതാപനം തന്നെയാണെന്ന് ശാസ്ത്രസമൂഹം ഊന്നിപറയുന്നു. മാനുഷികപ്രേരിത ഘടകങ്ങള്‍ കാലാവസ്ഥയില്‍ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമാണ് 2019 ല്‍ ജപ്പാനില്‍ അനുഭവപ്പെട്ട മാരക ഉഷ്ണതരംഗം. അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന വ്യതിയാനങ്ങളുടെ പുതിയ റെക്കോര്‍ഡുകളാണ് വരും തലമുറകളെ കാത്തിരിക്കുന്നത്. അന്തരീക്ഷത്തിലേക്ക് നിക്ഷേപിക്കപ്പെടുന്ന താപനകാരികളായ മാലിന്യങ്ങള്‍ അതെ തോതില്‍ തന്നെ നീക്കം ചെയ്യാനാവുന്ന സാഹചര്യം (Net Zero Emission ) ഇല്ലാത്തിടത്തോളം കാലം താപനം നിയന്ത്രണ വിധേയമാകാതെ തുടരുക തന്നെചെയ്യും.
ഉയരുന്ന ഫോസില്‍ ഇന്ധന ഉല്പാദനം
ഫോസില്‍ ഇന്ധനങ്ങളുടെ അമിതഉപയോഗമാണ് താപനകാരികളായ ഹരിതഗൃഹ വാതകങ്ങളുടെ (GHG) വന്‍ തോതിലുള്ള അന്തരീക്ഷനിക്ഷേപത്തിനിടയാക്കുന്നത്. എന്നാല്‍, ''ഫോസില്‍ ഇന്ധനങ്ങള്‍'' എന്ന വാക്കോ ആ വിഭാഗത്തില്‍പ്പെടുന്ന കല്‍ക്കരി, എണ്ണ, വാതകം (മീഥേന്‍ പോലുള്ളവ) എന്നിവയോ പാരിസ് ഉടമ്പടിയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. എന്നാല്‍, പാരിസ് ഉടമ്പടി നിര്‍ദ്ദേശങ്ങള്‍ വിഭാവനം ചെയ്യുന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍ മേല്പറഞ്ഞവ ഉള്‍പ്പെടുന്ന ഹൈഡ്രോകാര്‍ബണുകളുടെ ഉപഭോഗം പൂര്ണതോതില്തന്നെ വേണ്ടെന്ന് വെക്കേണ്ടി വരും. പക്ഷെ, ഫോസ്സില്‍ ഇന്ധനങ്ങളുടെ ഉപഭോഗത്തിലധിഷ്ഠിതമായ വ്യാവസായിക മേഖലകളും സമ്പത് ഘടനയുമുള്ള രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം ഇത് പ്രതിസന്ധി സൃഷ്ട്ടിച്ചേക്കാം.
അനുഭവിക്കുന്നത് ദുരന്തബാധിതര്‍ മാത്രം!
കാലാവസ്ഥാപ്രഭാവങ്ങളുടെ പ്രത്യാഘാതങ്ങള്‍ക്ക് വിധേയരാകുന്ന രാഷ്ട്രങ്ങളില്‍ തന്നെ, സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിലുള്ള ദരിദ്രവിഭാഗമാണ് ഇവയെ ഏറ്റവുമധികം നേരിടേണ്ടി വരുന്നത്. ഉത്സര്‍ജന തോത് വെട്ടിക്കുറക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമല്ല പാരിസ് ഉടമ്പടിയില്‍ ഉള്ളത്. കാലാവസ്ഥാമാറ്റങ്ങളോടുള്ള അനുകൂലനം, പ്രത്യാഘാത ലഘൂകരണം എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും അതിലടങ്ങിയിരിക്കുന്നു. എന്നാല്‍, ദുരന്തബാധിതവിഭാഗങ്ങള് തങ്ങള്‍ നേരിടേണ്ടിവരുന്ന കഷ്ടനഷ്ടങ്ങള്‍ ലഘൂകരിക്കുവാനോ അവയോട് താദാത്മ്യപ്പെട്ട് പോകുവാനോ കഴിയുന്നവരാകണമെന്നില്ല. ഇത്തരക്കാര്‍ക്കുവേണ്ടി പ്രത്യേകിച്ച്, അവികസിത രാഷ്ട്രങ്ങളിലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് വേണ്ടി ധനസഹായം, സാങ്കേതിക സഹായം, ദുരന്തഅതിജീവന പരിശീലനം എന്നിവ നല്കി സഹായിക്കാന്‍ പാരിസ് ഉച്ചകോടി വികസിത രാഷ്ട്രങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു.
എന്നാല്‍, ഭൂരിഭാഗം ധന സഹായവും കടമായിട്ടാണ് നല്കപ്പെടുന്നത്. ഇത് വികസ്വര രാഷ്ട്രങ്ങളുടെ മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കപ്പെടാന്‍ ഇടയാക്കും. ഇടത്തരം സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പരിസ്ഥിതിസൗഹാര്‍ദ്ദപരമായ വികസനത്തിന് മുന്‍ഗണന നല്‍കുക വഴി കാലാവസ്ഥാദുരന്തങ്ങള്‍ ഒഴിവാക്കുവാന്‍ ഇടപെടല്‍ നടത്താനാകും. തങ്ങള്‍ ഒടുക്കുന്ന പ്രീമിയത്തിനുള്ള ഇന്‍ഷുറന്‍സ് തുകയല്ലാതെ മറ്റൊരു തരത്തിലുള്ള നഷ്ടപരിഹാരവും കാലാവസ്ഥാദുരന്തങ്ങളുടെ ഇരകള്‍ക്ക് ലഭിക്കുന്നില്ല. ദുരന്തബാധിതസമൂഹങ്ങളുടെ അതിജീവനത്തിനും ഉന്നമനത്തിനും വേണ്ടി കൂടുതല്‍ പ്രതിബദ്ധമായ പ്രവര്‍ത്തനങ്ങളാണ് ആവശ്യം.
അന്താരാഷ്ട്ര ഗതാഗത മേഖല
വ്യോമയാനങ്ങള്‍, കപ്പല്‍ എന്നിവ വഴിയാണ് അന്താരഷ്ട്ര തലത്തില്‍ ഗതാഗതം ഏറിയ പങ്കും നടന്നുവരുന്നത്. പാരീസ്ഉടമ്പടിയുടെ ആദ്യത്തെ കരട് നിര്‍ദ്ദേശങ്ങളില്‍ അന്താരാഷ്ട്ര വ്യോമഗതാഗതം, കപ്പല്‍ ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ ഉപസംഘടനകളോട് ഉത്സര്‍ജനതോത് കുറക്കുവാനുള്ള പദ്ധതികള്‍, നയസംഹിതകള് എന്നിവ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര വ്യോമയാനസംഘടന (International Civil Aviation Organization -ICAO), അന്താരാഷ്ട്ര സമുദ്ര ഗതാഗത സംഘടന (International Maritime Organization-IMO) എന്നിവ നിര്‍ദ്ദേശങ്ങളുമായി സമരസപ്പെട്ടില്ല. അന്താരാഷ്ട്ര വ്യോമഗതാഗത സംഘടന പാരിസ് നിര്‍ദേശങ്ങളിന്‍ മേല്‍ സ്വീകരിച്ച പ്രാഥമികനടപടിക്രമങ്ങള് തന്നെ പിന്നീട് വെള്ളം ചേര്‍ക്കപ്പെട്ട അവസ്ഥയിലെത്തുകയും ചെയ്തു. ഈ വിഷയം അധികരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ICAO വളരെയധികം വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിയും വന്നു. ഉച്ചകോടി നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമാക്കേണ്ടിവരുന്ന സാഹചര്യങ്ങളിലെല്ലാം തന്നെ വ്യവസായമേഖല അധീശത്വം പ്രകടിപ്പിക്കുകയും പൊതുസമൂഹം നോക്കു കുത്തികളായി മാറുകയും മാധ്യമങ്ങള്‍ കര്‍ശനനിയന്ത്രണങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യുന്ന അവസ്ഥയാണ് നേരിടേണ്ടി വരുന്നത്. നിര്‍ദേശങ്ങളുടെ നടത്തിപ്പിനാവശ്യമായ നയരൂപീകരണം നടത്തുന്നവര്‍ തന്നെ സ്ഥിരമായി വ്യോമ ഗതാഗതം നടത്തുന്നവരുമാണ്. സമുദ്ര ഗതാഗത മേഖലയാവട്ടെ, വേണ്ടത്ര പരിഗണിക്കപ്പെട്ടിട്ടു കൂടിയില്ല. ഈ രണ്ട് മേഖലയുടെയും കൂടിയുള്ള 'കാര്‍ബണ്‍ അവശേഷിപ്പ്' നിലവില്‍ ആഗോള ഉത്സര്‍ജ്ജനത്തിന്റെ ഏകദേശം 5-6 ശതമാനത്തോളം വരും. കടുത്ത നടപടി ക്രമങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇത് ഇനിയും കൂടുവാനാണ് പ്രവണത കാണിക്കുന്നത്.
ചൈനയും യൂറോപ്പും യു.എസും
ലോകരാഷ്ട്രങ്ങളില്‍ ചൈനയാണ് ഏറ്റവും കൂടിയ തോതില്‍ അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, 2060 ഓടെ കാര്‍ബണ്‍ സന്തുലനത്തിലധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥ സ്വീകരിക്കുമെന്ന് ചൈന 2020 സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുറംതള്ളുന്ന കാര്‍ബണിന്റെ തത്തുല്യമായ അളവില്‍ അന്തരീക്ഷത്തില്‍നിന്ന് കാര്‍ബണ്‍ ആഗിരണം ചെയ്യുന്ന വ്യവസ്ഥയെയാണ് 'Net Zero Target ''എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇംഗ്ലണ്ടും, യൂറോപ്യന്‍ യൂണിയനും 2050 ഓടെ കാര്‍ബണ്‍ സംതുലനാധിഷ്ഠിത സമ്പത് വ്യവസ്ഥ നടപ്പിലാക്കുന്നതിന് 2020 മാര്‍ച്ചില്‍ നിയമനിര്‍മ്മാണം നടത്തി. ചൈനയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്ക, ജപ്പാന്, കാനഡ, ദക്ഷിണ കൊറിയ മുതലായ രാജ്യങ്ങളും ഇതേപാത സ്വീകരിച്ചു. 126 രാജ്യങ്ങള്‍ ഈ തീരുമാനം കൈകൊണ്ടതോടെ കാര്‍ബണ്‍ നിക്ഷേപത്തിന്റെ 51 ശതമാനവും നിയന്ത്രണത്തിലാക്കാനാവും.
നിയുക്തഅമേരിക്കന് പ്രസിഡണ്ട് ജോ ബൈഡന്, കാലാവസ്ഥാ സൗഹാര്്ദപരവും താപനനിയന്ത്രണത്തിന് മുന്‍തൂക്കം നല്‍കുന്നതുമായ നടപടി ക്രമങ്ങള്‍ സ്വീകരിക്കുമെന്ന് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതോടെ അതുവരേക്കും യു .എസ് പോലെയുള്ള ഒരു വന്‍ രാഷ്ട്രം സൃഷ്ട്ടിച്ചുകൊണ്ടിരുന്ന ആശങ്കകള്‍ക്ക് ഏറെക്കുറെ അറുതിയായി. പാരിസ് കാലാവസ്ഥാ ഉടമ്പടിയുടെ നിര്‍ദേശങ്ങള്‍ മാനിക്കുമെന്നും, അനുവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ കാലാവസ്ഥ സംരക്ഷണം, താപന നിയന്ത്രണം എന്നിവ സംബന്ധിച്ച പ്രതീക്ഷകള്‍ക്ക് പുത്തനുണര്‍വ് കൈവന്നിരിക്കുന്നു. (അവസാനിച്ചു)
Comments