തുലാവര്‍ഷത്തിന് പരിസമാപ്തി, ജനുവരിയിലും മഴ തുടരും
Metbeat Weather Desk
2020 ലെ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ (തുലാവര്‍ഷം) ഡിസംബര്‍ 31 ന് അവസാനിച്ചു. നേരത്തെ പ്രവചിക്കപ്പെട്ടതു പ്രകാരം ഡിസംബര്‍ 31 ന് കേരളത്തില്‍ പലയിടത്തും മഴ ലഭിച്ചെങ്കിലും മഴക്കുറവില്‍ വ്യതിയാനമുണ്ടാക്കാന്‍ ഈ മഴക്ക് സാധിച്ചില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 26 ശതമാനം മഴക്കുറവോടെയാണ് ഇത്തവണ തുലാവര്‍ഷം അവസാനിച്ചത്. വിവിധ ജില്ലകളിലെ മഴ ലഭ്യതയെ കുറിച്ചറിയാന്‍ കഴിഞ്ഞ ദിവസം നല്കിയ റിപ്പോര്‍ട്ട് വായിക്കുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യാം.
ജനുവരിയിലും മഴ തുടരും
പുതുവര്‍ഷാരംഭമായ ഇന്നലെ സംസ്ഥാനത്ത് അങ്ങിങ്ങായി മഴ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി ഒന്നിന് ഒരു മില്ലി മീറ്റര്‍ മഴയാണ് കേരളത്തില്‍ ശരാശരി ലഭിക്കേണ്ടത്. എന്നാല്‍ സംസ്ഥാന വ്യാപകമായി ശരാശരി 7.5 മില്ലി മീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. ലക്ഷദ്വീപില്‍ 2.9 മില്ലി മീറ്ററിനു പകരം 12.9 മില്ലി മീറ്റര്‍ മഴ ജനുവരി 1 ന് ലഭിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒഴികെയുള്ള ജില്ലകളിലെല്ലാം പുതുവര്‍ഷത്തിന് മഴ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് (ജനുവരി 2) ന് സംസ്ഥാനത്ത് വരണ്ട കാലാവസ്ഥയായിരിക്കും. നാളെയും കാര്യമായ മഴ സാധ്യതയില്ല.
തിങ്കള്‍ മുതല്‍ ഒറ്റപ്പെട്ട മഴ സാധ്യത
ഇന്നും (ശനി) നാളെയും വരണ്ട കാലാവസ്ഥക്ക് സമാനമായ സാഹചര്യമാണ് സംസ്ഥാനത്തുണ്ടാകുക. തിങ്കളാഴ്ച രാത്രി മുതല്‍ കിഴക്കന്‍ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. തമിഴ്നാട്ടിലും തിങ്കള്‍ മുതല്‍ മഴ ഏതാനും ദിവസത്തേക്ക് സജീവമാകും. കേരളത്തില്‍ വ്യാഴാഴ്ച വരെ ചിലയിടങ്ങളില്‍ മാത്രം ഒറ്റപ്പെട്ടു പെയ്യുന്ന മഴയാണ് പ്രതീക്ഷിക്കേണ്ടത്. വ്യാഴാഴ്ച കൂടുതല്‍ പ്രദേശങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്. ജനുവരി ആദ്യ വാരത്തിലും രണ്ടാം വാരത്തിലും കേരളത്തില്‍ ശരാശരിക്ക് മുകളില്‍ മഴ ലഭിക്കാനാണ് സാധ്യതയെന്നും ഞങ്ങളുടെ വെതര്‍മാന്‍ പറയുന്നു.
ഇടിവെട്ടി പെയ്യുന്നതെല്ലാം തുലാവര്‍ഷമല്ല
ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ പെയ്യുന്ന മഴയാണ് തുലാവര്‍ഷത്തിന്റെ കണക്കില്‍ പെടുക. തുടര്‍ന്ന് പെയ്യുന്ന മഴയെ കാലിക വര്ഷപാതമായാണ് കണക്കാക്കുക. കേരളത്തില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലെ മഴയാണ് ഈ ഗണത്തില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്. ഇടിയോടെ പെയ്യുന്ന മഴയെല്ലാം തുലാമഴയല്ലേ എന്ന സംശയം പലരും ഉന്നയിച്ച സാഹചര്യത്തിലാണ് ഇതു വ്യക്തമാക്കുന്നത്. വിവിധ അന്തരീക്ഷസ്ഥിതി പ്രകാരം ഇടിയും മഴയും ഉണ്ടാകാറുണ്ട്. വേനല്‍ മഴയും ഇടിയോടെയാണ് പെയ്യുന്നത്. എന്നാല്‍ അതൊന്നും വടക്കുകിഴക്കന്‍ മണ്‍സൂണിന്റെ ഗണത്തില്‍ പെടില്ല. ഇവിടെ നല്കുന്ന പോസ്റ്റുകള്‍ സങ്കീര്‍ണമായ അന്തരീക്ഷശാസ്ത്രവുമായി ബന്ധപ്പെട്ടതായതിനാല്‍ സസൂക്ഷ്മം വായിച്ചു മനസിലാക്കണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. ന്യായമായ സംശയങ്ങള്‍ക്ക് കമന്റില്‍ മറുപടി നല്‍കാനും പോസ്റ്റുകള്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്ന വിധത്തില്‍ പരമാവധി ലളിതവല്ക്കരിക്കാനും ഞങ്ങളുടെ മെറ്റ് ടീം ശ്രമിക്കാറുണ്ട്. കാലാവസ്ഥയെ ശാസ്ത്രീയമായി മനസിലാക്കാന്‍ നിങ്ങളെ സഹായിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഈ പേജില്‍ പറയുന്ന കാര്യങ്ങള്‍ ഭൂരിഭാഗവും മഴക്ക് ഏതാനും ദിവസം മുന്‍പാണ് പറയുക. അതിനാല്‍ തൊട്ടു മുന്‍പത്തെ അഞ്ചു പോസ്റ്റെങ്കിലും വായിച്ചാലേ നിങ്ങള്‍ക്ക് കൃത്യത ലഭിക്കാന്‍ ഇടയുള്ളൂ.
ഞങ്ങളുടെ സംരഭത്തെ നിങ്ങള്‍ക്കും സഹായിക്കാം , ഇവിടെ ക്ലിക്ക് ചെയ്യുക.
Comments