പോളിന്യകള്‍ കാലാവസ്ഥയെയും ബാധിക്കും
പോളിന്യകള്‍ - ഹിമഭൂമികളിലെ തണ്ണീര്ക്കിഴികള് (ഭാഗം 3)
ഡോ: ഗോപകുമാര്‍ ചോലയില്‍
ആഗോള കാലാവസ്ഥയില്‍ പോളിന്യകള്ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഉറഞ്ഞു കിടക്കുന്ന വിശാല സമുദ്രമേഖലകളില്‍ മഞ്ഞുരുകി ദ്രവജലം പേറുന്ന ഇത്തരം ''വന്‍ സുഷിരങ്ങളിലൂടെ'' സമുദ്രത്തില്‍ നിന്നുള്ള സംഭരിത താപം അന്തരീക്ഷത്തിലേക്ക് വിമോചിതമാവുന്നു. ഇതുവഴി കാറ്റിന്റെ പ്രകൃതം, ഉഷ്ണമേഖലയില്‍ ലഭിക്കുന്ന വര്‍ഷപാതം എന്നിവയിലും സ്വാധീനം ചെലുത്തപ്പെടുന്നു. ദീര്‍ഘകാലം നീണ്ടു നില്ക്കുന്ന ബൃഹത്തായ പോളിന്യകള്‍ വഴി അന്തരീക്ഷത്തില്‍ ചൂടേറാനിടവരുന്നു. ദക്ഷിണാര്‍ദ്ധഗോളത്തില്‍ കാറ്റുകളുടെ സ്വഭാവത്തില്‍ വ്യതിയാനമുണ്ടാവുകയും മധ്യരേഖാ പ്രദേശത്തെ മഴപ്പാത്തി ദക്ഷിണ ദിശയിലേക്ക് നീങ്ങുകയും ചെയ്യുന്നു. ദക്ഷിണാര്‍ധഗോളത്തില്‍ ശൈത്യകാലത്ത് ദക്ഷിണ സമുദ്ര (southern ocean) ഉപരിതലം മഞ്ഞു പാളികളാല്‍ ആവൃതമായിരിക്കും. ഭൂമധ്യ രേഖാപ്രദേശത്ത് നിന്നെത്തുന്ന ഉത്തര അറ്റ്ലാന്റിക്കിലെ സമുദ്രജല പ്രവാഹങ്ങള്‍ ഈ മഞ്ഞുപാളികളുടെ അടിയിലൂടെ ഒഴുകിയെത്തുമ്പോള്‍ അവയുരുകാനിടയാകുകയും, ജലം നിറഞ്ഞ പോളിന്യകള്‍ രൂപം കൊള്ളുകയും ചെയ്യുന്നു. ഇപ്രകാരം ചൂടേറിയ ജലം സമുദ്രോപരിതലത്തിലെത്തപ്പെടുന്ന ജലസംവഹന പ്രക്രിയയാണിത്. സമുദ്രജലതാപം അന്തരീക്ഷത്തിലേക്ക് വിമോചിതമാക്കുന്ന തുറന്ന ഇടങ്ങളാണ് പോളിന്യകള്‍ എന്നുപറയാം. ഇതുമൂലം പോളിന്യകളുടെ സമീപസ്ഥ അന്തരീക്ഷമേഖലകളിലെയും, മൊത്തം ദക്ഷിണാര്‍ദ്ധഗോളത്തിലെ സമുദ്രോപരിതലത്തിലും താപനിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതായി കാണപ്പെടുന്നു.
കാറ്റിന്റെ ഗതിയിലും മാറ്റം വരുത്തുന്നു
ഉത്തര-ദക്ഷിണാര്ധഗോളങ്ങളിലെ താപനിലയില്‍ നിലനില്‍ക്കുന്ന അന്തരം കാറ്റിന്റെ ഗതിയിലും പ്രകൃതത്തിലും മാറ്റം വരുത്തുന്നു. ദക്ഷിണാര്‍ധ ഗോളത്തിലെ പശ്ചിമവാതങ്ങളുടെ ശക്തി ക്ഷയിക്കുന്നതും വാണിജ്യ വാതങ്ങളില്‍ ഉണ്ടാകുന്ന പ്രകൃതമാറ്റങ്ങള്ക്കും കാരണം ഇതാണ്. ശക്തിയേറിയ ചുഴലിക്കാറ്റുകള്‍, വര്‍ഷപാതം, മേഘ സാന്നിധ്യം എന്നിവയെ സ്വാധീനിക്കുന്നവയാണ് ഇത്തരം കാറ്റുകള്‍. സാധാരണ ഗതിയില്‍ ''ഉഷ്ണമേഖലാ മഴപ്പാത്തി'' (ITCZ) എന്നറിയപ്പെടുന്ന മേഖലയില്‍ അതിശക്തമായ മഴ ലഭിക്കാറുണ്ട്. എന്നാല്‍, അന്റാര്ട്ടിക്കമേഖലയില് ബൃഹത്തായ ഒരു പോളിന്യ രൂപീകരണം നടക്കുന്ന പക്ഷം ഭൂമധ്യമേഖലയിലെ ഈ മഴപാത്തിക്ക് ദക്ഷിണ ദിശയിലേക്ക് ഏതാനും ഡിഗ്രി സ്ഥാന ചലനം സംഭവിക്കുന്നതായും 20-30 വര്‍ഷങ്ങളോളം തല്‍സ്ഥാനത്ത് നിലകൊള്ളുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഇത്തരം സാഹചര്യങ്ങള്‍ ഇന്തോനേഷ്യ, ദക്ഷിണ അമേരിക്ക, ആഫ്രിക്കയിലെ സഹാറ മരുപ്രദേശം എന്നിവങ്ങളിലെ ജല ലഭ്യതയെ പ്രതികൂലമായി ബാധിക്കാറുണ്ട്. സ്വാഭാവിക കാലാവസ്ഥ വ്യതിയാനം എന്ന നിലയില്‍ പരിഗണിക്കാമെങ്കിലും, മേല്‍ ഭൂവിഭാഗങ്ങളിലെ അതീവ ജനസാന്ദ്രതയേറിയ പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം മഴക്കുറവും, അതുവഴി ജലദൗര്‍ലഭ്യവും സൃഷ്ട്ടിക്കാന്‍ ഈ സാഹചര്യത്തിനാവും.
കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കുന്നു
കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളില്‍ പോളിന്യ രൂപീകരണം വിരളമാണ്. താപനം ഏറുന്ന സാഹചര്യങ്ങളില്‍ സമുദ്രഹിമം ഉരുകി സമുദ്രത്തിലെ ഉപരിതലത്തില്‍ പുതിയ ജലം വന്നുചേരുന്നു. താരതമ്യേന സാന്ദ്രത കുറഞ്ഞ ഈ ശുദ്ധജലം താഴെ തട്ടില്‍ സ്ഥിതി ചെയ്യുന്ന സാന്ദ്രതയേറിയ ജലവുമായി കൂടി കലരാനുള്ള പ്രവണത കുറവാണ്. 1970കളുടെ മധ്യം മുതല്‍ വിസ്താരമേറിയ പോളിന്യകള്‍ രൂപീകരിക്കപ്പെട്ടിട്ടില്ല. 1990 കളുടെ അന്ത്യപാദങ്ങളിലും 21ാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലും കാലാവസ്ഥ പ്രകൃതത്തിന്റെ പൊതു പ്രവണതയില്‍ സംഭവിച്ച സ്തംഭനത്തിന് ഒരു കാരണം അക്കാലഘട്ടത്തില്‍ പോളിന്യകള്‍ അത്രയധികം ഉണ്ടായിരുന്നില്ല എന്നതാകാം. അന്റാര്‍ട്ടിക്ക മേഖലയിലെ Weddell സമുദ്ര പോളിന്യയുടെ തിരോധാനവും താപനസ്തംഭനത്തിന് പിന്നിലുണ്ടാകാമെന്നും കരുതപ്പെടുന്നു. ഈ പോളിന്യയുടെ അഭാവം മൂലം ദക്ഷിണ സമുദ്രത്തില്‍ കനത്ത തോതില്‍ സംഭരിക്കപ്പെട്ട അധികതാപം അന്തരീക്ഷത്തിലേക്ക് വിമോചിതമാകാന്‍ ഇടയായില്ല. സമുദ്രങ്ങളുടെ മേല്‍പാളിക്ക് താഴെയായി ഇക്കാലത്ത് വന്‍തോതില്‍ താപം സംഭരിക്കപ്പെട്ടിരുന്നു. താപനപ്രവണതയില് അനുഭവപ്പെട്ട ഈ സ്തംഭനാവസ്ഥക്ക് മറ്റൊരു കാരണം, മധ്യമേഖലാ പ്രദേശത്തെ പസഫിക് സമുദ്രത്തില്‍ വന്‍ തോതില്‍ സംഭരിക്കപ്പെട്ട താപവും അതിനെ തുടര്‍ന്നു ദീര്‍ഘകാലം നിലനിന്ന ലാ നിനാ പ്രതിഭാസവും ആണ്. താപന വര്‍ധനവിന്റെ സാഹചര്യത്തില്‍ അന്റാര്‍ട്ടിക്ക മേഖല നേരിടുന്ന ഹിമാനിശോഷണം പോളിന്യകളുടെ രൂപീകരണത്തെ ബാധിക്കുമോയെന്നതും പോളിന്യകളുടെ സാന്നിധ്യം, അഭാവം എന്നിവക്ക് അന്തരീക്ഷ താപനത്തില്‍ പ്രസക്തമായ പങ്കുണ്ടോ എന്നതുമാണ് ഇവയെ സംബന്ധിച്ച പുതുതായി ഉയരുന്ന ചോദ്യങ്ങള്‍. ഇവയെ സംബന്ധിച്ച പഠനങ്ങള്‍ ഒരു പക്ഷേ, ആഗോള കാലാവസ്ഥയെ സംബന്ധിച്ചിടത്തോളം അതിപ്രധാനവും അതീവ കൗതുകകരവുമായ വിവരങ്ങളായിരിക്കാം ഭാവിയില്‍ വെളിപ്പെടുത്തുവാന്‍ പോകുന്നത്.
ആഗോള കാലാവസ്ഥയെ ബാധിക്കുന്നത് എങ്ങനെ?
അന്റാര്‍ട്ടിക്കയിലെ ചില മേഖലകളില്‍ മഞ്ഞുപാളികള്‍ ഉരുകിയെത്തുന്ന ശുദ്ധജലം മൂലം സമുദ്രജലത്തിന് ചൂടേറുകയും ലവണത്വം കുറയുകയും ചെയ്യുന്ന അവസ്ഥ ഇപ്പോഴേ തന്നെയുണ്ട്. സമുദ്രജലത്തിന് ചൂടേറുമ്പോള്‍ അന്റാര്‍ട്ടിക്ക മേഖലയിലെ ഐസ് പാളികള്‍ കൂടുതലായി ഉരുകുകയും അതുവഴി സമുദ്രജലനിരപ്പ് ഉയരുകയും ചെയ്യുന്നു. ലവണാംശം കുറയുന്നത് ജലപര്യയനത്തെ തടസപ്പെടുത്തുന്നു. അതുവഴി താപ/ കാര്‍ബണ്‍ ഡയോക്സൈഡ് സംഭരണം എന്നിവയും മന്ദീഭവിക്കപ്പെടുന്നു. ഇത് ആഗോള കാലാവസ്ഥയെ ബാധിച്ചേക്കാം. ഇതുപ്രകാരം അന്റാര്‍ട്ടിക്ക മേഖലയിലുണ്ടാകുന്ന പ്രാദേശിക വ്യതിയാനങ്ങള്‍ക്ക് പോലും ആഗോള പ്രത്യാഘാതങ്ങള്‍ ഉളവാക്കുവാനാകും. പോളിന്യകളിലെ ജലം സാധാരണ ഗതിയില്‍ അതിലവണത്വ സ്വഭാവം ഉള്ളവയാണ്. ലവണത്വം മൂലം സാന്ദ്രതയേറിയ ഈ ജലം സമുദ്രങ്ങളുടെ അടിത്തട്ടിലേക്ക് താഴുന്നതും പോളിന്യകളില്‍ നടക്കുന്ന സവിശേഷ പ്രക്രിയയാണ്. സമുദ്രത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്കും തിരിച്ചും കാര്‍ബണ്‍ ഡയോക്സൈഡ് , ഡൈ മീതൈല്‍ സള്‍ഫൈഡ് തുടങ്ങിയ വാതകങ്ങളുടെ വിനിമയം നടക്കുന്ന അതിപ്രധാന മേഖലകളാണ് പോളിന്യകള്‍. മറ്റു ചില നിരീക്ഷണങ്ങള്‍ പ്രകാരം ഡൈമീതൈല്‍ സള്‍ഫൈഡ്, കാര്‍ബണ്‍ ഡയോക്സൈഡ്, മീതൈല്‍ ഹാലൈഡുകള്‍ തുടങ്ങിയ വാതകങ്ങളുടെ സ്രോതസ് കൂടിയാണ് പോളിന്യകള്‍. മാത്രമല്ല, സസ്യപ്ലവകങ്ങളില്‍ നിന്ന് പ്രകാശ സംശ്ലേഷണം വഴി ഉണ്ടാകുന്നതും, അന്തരീക്ഷത്തില്‍ നിന്ന് ലയിച്ചു ചേരുന്നതുമായ കാര്‍ബണ്‍ ഡയോക്സൈഡിന്റെ സംഭരണികളായി വര്‍ത്തിക്കുന്നതും പോളിന്യകളാണ്.
ഹരിതഗൃഹ വാതകങ്ങളെ ആഗിരണം ചെയ്യുന്നു
ആര്‍ട്ടിക്, അന്റാര്‍ട്ടിക് മേഖലകളില്‍ സര്‍വസാധാരണമാണ് പോളിന്യകള്‍. തീരത്തോടടുത്ത പോളിന്യകള്‍ പൊതുവെ ഉയര്‍ന്ന ഉല്പാദനക്ഷമതയുള്ളവയാണ്. ഇതുവഴി കാര്‍ബണ്‍ഡയോക്സൈഡ് തോതിനെ കുറക്കുവാനും ഇതിനാവുന്നു. ഈ സവിശേഷത മൂലം അന്തരീക്ഷ കാര്‍ബണ്‍ ഡയോക്സിഡറിന്റെ പ്രമുഖ ആഗിരണികള്‍ എന്നും അവയെ വിശേഷിപ്പിക്കാം. ജൈവ- ഭൗമ -രാസ സ്വഭാവ സവിശേഷതകളില്‍ വിവിധ പോളിന്യകള്‍ അവയുടെ വിസ്തൃതി , അവ നിലനില്‍ക്കുന്ന കാലയളവ് എന്നിവക്കനുസരിച്ച് വ്യത്യസ്തമാണ്. അന്റാര്‍ട്ടിക് മേഖലയില്‍ ഉണ്ടായിരുന്ന Weddell പോളിന്യ, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ്, ക്ലോറോഫ്ളൂറോ കാര്ബണുകള് എന്നിവയുടെ ഒരു സുപ്രധാന ആഗിരണിയായിരുന്നു. അഗാധ സമുദ്രതലങ്ങളില്‍ മേല്‍ വാതകങ്ങളുടെ വന്‍ തോതിലുള്ള ബന്ധനം സാധ്യമാക്കുന്നതിനും ഈ പോളിന്യ സുപ്രധാന പങ്ക് വഹിച്ചു. തീരദേശപോളിന്യകളില് ചിലതിന് അന്തരീക്ഷ കാര്‍ബണ്‍ ഡയോക്സൈഡിനെ ആഴക്കടലില്‍ എത്തിക്കുന്നത്തില്‍ അതിപ്രധാനമായ പങ്കുണ്ട്. പോളിന്യകളില്‍ കാണപ്പെടുന്ന സസ്യപ്ലവകങ്ങളുടെ പ്രവര്‍ത്തന ശേഷി, അവയിലെ സവിശേഷ സാഹചര്യങ്ങളാല്‍ നിയന്ത്രിതമാണ്. കനത്ത മഞ്ഞ് പാളികളില്‍ ഉള്ളതിനേക്കാള്‍ സസ്യ പ്ലവകങ്ങളുടെ വളര്‍ച്ച, പെരുകല്‍ എന്നിവയുടെ നിരക്ക് പോളിന്യകളിലാണ് കൂടുതല്‍.
സമുദ്രജലനിരപ്പ് കൂടും
ചില പോളിന്യകള്‍ വര്‍ഷങ്ങളോളം സ്ഥിരമായി നിലനിക്കാറുണ്ട്. എന്നാല്‍, മറ്റ് ചിലവയാകട്ടെ ഓരോ വര്‍ഷവും ഒരേ സ്ഥലത്ത് ഒരേ സമയത്ത് പ്രത്യക്ഷപ്പെടുന്നവയാണ് . ഇവ ക്രമേണ ചുരുങ്ങി ഇല്ലാതാവുകയും ചെയ്യുന്നു. ആഗോളതാപന സാഹചര്യങ്ങളില്‍ ഹിമപാളികള്‍ ഉരുകുന്ന തോത് വര്‍ദ്ധിക്കുന്നു. ഇങ്ങനെയുണ്ടാകുന്ന ശുദ്ധജലം ആഴക്കടലില്‍ എത്തിച്ചേരുവാനുള്ള സാധ്യതയും വര്‍ധിക്കുന്നു. ഭൂമിയിലെ ഏറ്റവും ശീതമരുഭൂമിയായ അന്റാര്‍ട്ടിക്കയിലാണ് ആഗോളതലത്തിലുള്ള ഹിമശേഖരത്തിന്റെ 90 ശതമാനവും സ്ഥിതി ചെയ്യുന്നത്. ഈ മഞ്ഞ് ഒന്നാകെ ഉരുകുന്ന പക്ഷം സമുദ്രനിരപ്പ് ചുരുങ്ങിയത് 60 മീറ്റര്‍ വരെ ഉയര്‍ന്നേക്കാം. ഇക്കാരണത്താലാണ് അന്റാര്‍ട്ടിക്ക മേഖലയിലെ വന്‍ ഹിമശേഖരം ആഗോള താപന സാഹചര്യങ്ങളില്‍ ലോക ശ്രദ്ധയാര്‍ജ്ജിക്കുന്നത്. 2050-ഓടെ ഹിമപാളികള്‍ ഉരുകുന്ന നിരക്ക് ഇപ്പോഴുള്ളതിനേക്കാള്‍ ഇരട്ടിയാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിശക്തമായ കാറ്റുകള്‍ മൂലം അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തിലെ മഞ്ഞുകട്ടകള്‍ക്ക് സ്ഥാനചലനം സംഭവിക്കുക മാത്രമല്ല, അവ കടലിലേക്ക് നിക്ഷേപിക്കപ്പെടുകയും ചെയ്യാറുണ്ട്. ഇപ്രകാരം കടലില്‍ നിക്ഷേപിക്കപ്പെടുന്ന ഹിമശേഖരം എതാണ്ട് 80 ബില്യണ്‍ ടണ്‍ വരെ വന്നേക്കാം. (അവസാനിച്ചു)
ഞങ്ങളുടെ സംരഭത്തെ നിങ്ങള്‍ക്കും സഹായിക്കാം , ഇവിടെ ക്ലിക്ക് ചെയ്യുക.
Comments