WEATHER NEWS AND ANALYSIS
ന്യൂനമര്‍ദം ശക്തിപ്പെട്ടില്ല, കേരളത്തില്‍ ഒറ്റപ്പെട്ട മഴ തുടരും
June 12, 2021, 9:47 p.m.
Metbeat Weather Desk
വടക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ടില്ല. മേഖലയിലെ കാറ്റിന്റെ ഖണ്ഡധാര അനുകൂലമാകാത്തതിനാല്‍ ന്യൂനമര്‍ദം ശക്തിപ്പെടുന്നത് വൈകുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. ഇന്നലെ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് തീവ്രന്യൂനമര്ദമാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം മെറ്റ്ബീറ്റ് വെതര്‍ ഉള്‍പ്പെടെ കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാറ്റിന്റെ ഖണ്ഡധാര ന്യൂനമര്‍ദം ശക്തിപ്പെടുന്നതിന് അനുകൂലമല്ല. ഈ സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ പ്രതീക്ഷിച്ച ശക്തമായ മഴ ലഭിക്കാനിടയില്ല. നാളെ കൂടി നിരീക്ഷിച്ച ശേഷമേ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടുമോ ദുര്‍ബലമാകുമോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.
കേരളത്തിലെ മഴയെ സ്വാധീനിക്കും
കേരളത്തിനു കുറുകെയുള്ള കാലവര്‍ഷ കാറ്റ് സജീവമാണെങ്കിലും ന്യൂനമര്‍ദത്തിന്റെ സ്വാധീനം കേരളത്തിലെ മഴയുടെ ശക്തി, പാറ്റേണ്‍, മഴയുടെ സ്വഭാവം തുടങ്ങിയ ഘടകങ്ങളെ സ്വാധീനിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ നിരീക്ഷിച്ചതുപോലെ ഇന്ന് വടക്കന്‍ ജില്ലകളില്‍ മഴ സജീവമാണ്. ഇടവിട്ട ശക്തമായ മഴയാണ് ഇന്നു പകല്‍ ലഭിച്ചത്. ഈ മഴ ഇന്നു രാത്രി മധ്യ, തെക്കന്‍ ജില്ലകളിലും ലഭിക്കും. ഇടവിട്ട ഇടത്തരം മഴയോ ശക്തമായ മഴയോ ലഭിക്കാം. എന്നാല്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് മഴ മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവാകും.
നാളെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കും. വയനാട്ടിലും മലപ്പുറം ജില്ലയുടെ മലയോരത്തും തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലയുടെ തീരദേശത്തും ഒറ്റപ്പെട്ട ഇടത്തരം മഴയും ലഭിക്കും. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, പാലക്കാട്, തിരുവനന്തപുരം ജില്ലകളുടെ കിഴക്ക് ഇടത്തരം മഴയും നാളെ പ്രതീക്ഷിക്കാം. ചിലയിടങ്ങളില്‍ മഴക്കൊപ്പം ഇടിമുഴക്കം കേള്‍ക്കാം. എന്നാല്‍ അപകടകരമായ മിന്നലിനു സാധ്യത കുറവാണ്.
കടലില്‍ പോകരുത്
കാലവര്‍ഷക്കാറ്റ് സജീവമായതു മൂലം പടിഞ്ഞാറന്‍ കാറ്റ് വേഗത മണിക്കൂറില്‍ 55 കി.മി വരെയാകാമെന്നതിനാല്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ 16 വരെ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Photo- Krishna Kumar
ഓരോ ദിവസത്തെയും പുതുക്കിയ കാലാവസ്ഥാ വിവരങ്ങള്‍ അറിയാന്‍ മെറ്റ്ബീറ്റ് വെതറിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തു എന്ന് ഉറപ്പു വരുത്തുക. അതിനായി ഈ പോസ്റ്റിന് താഴെ കാണുന്ന ലൈക്ക് ബട്ടന് ക്ലിക്ക് ചെയ്താല്‍ മതിയാകും.
Comments