ഇത്തവണ കാലവര്‍ഷ മഴ സാധാരണ തോതിലെന്ന് വിവിധ ഏജന്‍സികള്‍
Metbeat Weather Desk
കേരളത്തില്‍ 2021 ല്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) സാധാരണ തോതില്‍ ലഭിക്കുമെന്ന് വിവിധ കാലാവസ്ഥാ ഏജന്‍സികളുടെ വിലയിരുത്തല്‍. ജൂണില്‍ മഴ കേരളത്തില്‍ ദീര്‍ഘകാല ശരാശരിക്ക് അനുസൃതമായി സാധാരണ രീതിയില്‍ പെയ്യും.
ജൂണില്‍ കൂടുമെന്ന് കൊറിയന്‍ ഏജന്‍സി
ജൂണില്‍ വടക്കന്‍ കേരളത്തില്‍ മഴ കൂടാനാണ് സാധ്യതയെന്നും ജൂണില്‍ കേരളത്തേക്കാള്‍ കൂടുതല്‍ മഴ ഗോവയിലും മഹാരാഷ്ട്രയിലും പ്രതീക്ഷിക്കാമെന്നും ദക്ഷിണ കൊറിയന്‍ കാലാവസ്ഥാ ഏജന്‍സി പറയുന്നു. ജൂലൈയില്‍ കേരളത്തില്‍ മഴ കുറയും. ആഗസ്റ്റിലും മഴ കുറയുമെന്നാണ് ദക്ഷിണ കൊറിയന്‍ ഏജന്‍സിയുടെ പ്രവചനം. ഈ വര്‍ഷം മണ്‍സൂണ്‍ സീസണില്‍ സാധാരണയില്‍ കുറവ് മഴയാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ ഏജന്‍സികളും പറയുന്നത്
അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സിയുടെ ഡാറ്റ പ്രകാരം കേരളത്തില്‍ ഇത്തവണ സാധാരണ രീതിയില്‍ കാലവര്‍ഷം ലഭിക്കും. ഇന്ത്യയിലെ സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്കൈമെറ്റിന്റെ മണ്‍സൂണ്‍ പ്രവചനത്തിലും കേരളത്തിന് സാധാരണ തോതില്‍ മഴ ലഭിക്കാനുള്ള സാധ്യത 60 ശതമാനമാണ്. യു.എസ്, യൂറോപ്യന്‍ ഏജന്‍സികളുടെ ഡാറ്റയും സാധാരണ മഴ ലഭിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.
ലാനിന ന്യൂട്രലിലേക്ക്
ശാന്തസമുദ്രത്തിലെ താപനിലയുമായി ബന്ധപ്പെട്ട ലാനിന പ്രതിഭാസം അടുത്ത മാസത്തോടെ ന്യൂട്രലിലേക്ക് എത്തുന്നതും ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനിലയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഓഷ്യന്‍ ഡൈ പോള്‍ (ഐ.ഒ.ഡി) ന്യൂട്രലില്‍ തുടരുന്നതും കാലവര്‍ഷക്കാറ്റിന്റെ സ്വതസിദ്ധമായ ഒഴുക്കിനെ തടസ്സപെടുത്തില്ലെന്നാണ് ഞങ്ങളുടെ നിരീക്ഷകരുടെ നിഗമനം. ഇത് കേരളത്തില്‍ സാധാരണ തോതില്‍ മഴക്ക് സാഹചര്യം ഒരുക്കും. യൂറോപ്യന്‍, ജപ്പാനീസ്, ബ്രിട്ടീഷ്, ആസ്ത്രേലിയന്‍ കാലാവസ്ഥാ ഏജന്‍സികളുടെ വിലയിരുത്തലില്‍ ശാന്തസമുദ്രം ചൂടാകുന്നുണ്ട്. ഇതോടെ ശാന്തസമുദ്രത്തിന്റെ മധ്യ കിഴക്ക് മേഖലയില്‍ ലാനിന ഇല്ലാതാകുകയും അന്തരീക്ഷ ഒഴുക്കുകള്‍ പൂര്‍വസ്ഥിതിയിലേക്ക് മാറുകയുമാണ് ചെയ്യുക. എങ്കിലും ലാനിനക്ക് ശേഷം പൂര്‍ണതോതിലെത്താന്‍ സമയമെടുക്കും. ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ നിലവില്‍ ന്യൂട്രലില്‍ തുടരുകയാണ്. ജൂണ്‍ മുതല്‍ ഇത് നെഗറ്റീവിലേക്ക് പോകുന്നതിനുള്ള സാധ്യതയുണ്ട്. തീവ്രമഴ, ന്യൂനമര്‍ദങ്ങളുടെ രൂപംകൊള്ളല്‍ എന്നിവയെയെല്ലാം ഐ.ഒ.ഡി സ്വാധീനിക്കാറുണ്ട്.
അതിനിടെ, മെയ് മാസത്തില്‍ വേനല്‍മഴക്ക് കുറവുണ്ടാകില്ല. സാധാരണയില്‍ കൂടുതല്‍ വേനല്‍മഴ മെയ് മാസത്തിലും പ്രതീക്ഷിക്കാം.
കാലാവസ്ഥാ വകുപ്പ് നാളെ പറയും
രാജ്യത്ത് കാലവര്‍ഷം ഇത്തവണ ഏതു വിധത്തിലായിരിക്കുമെന്നതിനെ കുറിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ അവലോകനം പുറത്തുവിടും. വെള്ളിയാഴ്ച പകല്‍ 11.30 നും 12.30 നും ഇടയില്‍ ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. മാധവന് നായര്‍ രാജീവന് ആണ് അവലോകനം പുറത്തുവിടുക.
Photo- Ajmal
Comments