22 വരെ നിഴലില്ലാ ദിനങ്ങൾ, ഓരോ പ്രദേശങ്ങളുടെയും വിവരങ്ങൾ
Metbeat Weather Desk
സൂര്യന് നമ്മുടെ തലയ്ക്ക് മുകളിലൂടെ പോകുന്ന ദിവസങ്ങളാണ് ഇനി. അതായത് നിഴലില്ലാത്ത ദിനം. കേരളത്തില്‍ ഇന്നു മുതല്‍ ഈ മാസം 22 വരെ നിഴലില്ലാ ദിനങ്ങളാകും. ഉച്ചയ്ക്ക് 12.20 നും 12. 40 നും ഇടയ്ക്കാണ് നിഴൽ അനുഭവപെടാതിരിക്കുക. ഉച്ചയ്ക്ക് സൂര്യൻ നമ്മുടെ തലയ്ക്ക് മുകളിൽ ആണെന്ന് നാം പറയാറുണ്ടെങ്കിലും യഥാർഥത്തിൽ വർഷത്തിൽ 2 തവണ മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളു. സൂര്യൻ ദക്ഷിണാർധ ഗോളത്തിൽ നിന്ന് വടക്കോട്ടു പോകുമ്പോഴും തിരികെ വരുമ്പോഴും ആണിത്. ഇപ്പോൾ വടക്കോട്ടുള്ള യാത്രയിലാണ് സൂര്യൻ. യഥാർഥത്തിൽ കിഴക്ക് നിന്നല്ല സൂര്യൻ ഉദിക്കുന്നത്. ശൈത്യകാലത്ത് അൽപം തെക്കോട്ടും വേനലിൽ അൽപം വടക്കോട്ടും നീങ്ങിയാണ് സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും. ഭൂമി അതിന്റെ സാങ്കൽപിക അച്ചുതണ്ടിൽ 23.5 ഡിഗ്രി ചെരിഞ്ഞ് സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതാണ് മഴയും കാറ്റും എല്ലാം ഭൂമിയിൽ ഉണ്ടാകാൻ കാരണവും. ദക്ഷിണേന്ത്യയിൽ മാത്രമേ ഇത്തരത്തിൽ നിഴലില്ലാ ദിനം ഉണ്ടാകൂ.. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ സൂര്യൻ തലയ്ക്കു മുകളിലൂടെ പോകുന്നില്ല എന്നർഥം.
നിഴലില്ലാ ദിനങ്ങള്‍ അനുഭവപ്പെടുന്ന പ്രദേശങ്ങൾ
ഏപ്രില്‍ 12- വര്‍ക്കല, പൊന്മുടി, പരവൂര്‍, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, തെങ്കാശി, തിരുനെല്‍വേലി, തൂത്തുകുടി.
ഏപ്രില്‍ 13- കായംകുളം, അടൂര്‍, തിരുവല്ല, ശങ്കരന്‍കോവില്‍, കോവില്‍പട്ടി, രാമേശ്വരം, രാമനാഥപുരം, കാര്നികോബാര്
ഏപ്രില്‍ 14- ആലപ്പുഴ, കോട്ടയം, വൈക്കം, പാല, ശബരിമല, കമ്പം, രാജപാളയം, ശിവകാശി, വിരുദുനഗര്‍, പറംകുടി.
ഏപ്രില്‍ 15- കൊച്ചി, വൈപ്പിന്‍, തൊടുപുഴ, ഇടുക്കി, മൂന്നാര്‍, തേനി, ആണ്ടിപ്പട്ടി, തിരുമംഗലം, മധുരൈ, ശിവഗംഗ, കാരൈക്കുടി
ഏപ്രില്‍ 16- പറവൂര്‍, ആലുവ, ചാലക്കുടി, വാല്പാറെ, കൊടൈക്കനാല്‍, ദിണ്ഡുകല്‍, പുതുക്കോട്ടൈ, വേദരായണ്യം.
ഏപ്രില്‍ 17- ഗുരുവായൂര്‍, പൊന്നാനി, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട്, പൊള്ളാച്ചി, മേട്ടുപാളയം, ഉദുമല്‍പേട്, പഴനി, തിരുച്ചി, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം.
ഏപ്രില്‍ 18- കോട്ടക്കല്‍, മലപ്പുറം, കോയമ്പത്തൂര്‍, ഗൂഡല്ലൂര്‍, പല്ലടം, തിരുപ്പൂര്‍, കാങ്കയം, കരൂര്‍, കുംഭകോണം, മയിലാടുതുറൈ, കാരൈക്കല്‍.
ഏപ്രില്‍ 19- കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി, ഊട്ടി, കോത്തഗിരി, അവിനാശി, ഈറോഡ്, തിരുച്ചെങ്കോട്, നാമക്കല്‍, ചിദംബരം.
ഏപ്രില്‍ 20- വടകര, മാഹി, തലശ്ശേരി, പേരാമ്പ്ര, വയനാട്, മുതുമലൈ, ഭവാനി, മേട്ടൂര്‍, സേലം, കള്ളക്കുറിച്ചി, നെയ്വേലി, കടലൂര്‍, പോര്‍ട്ട് ബ്ലെയര്‍.
ഏപ്രില്‍ 21- കണ്ണൂര്‍, പയ്യന്നൂര്‍, തളിപറമ്പ്, ധര്‍മപുരി, ശങ്കരപുരം, വിഴുപുറം, പുതുച്ചേരി, ഹാവലോക് ദ്വീപ്
ഏപ്രില്‍ 22- കാഞ്ഞങ്ങാട്, കാസര്‍കോട്, മടിക്കേരി, മൈസൂരു, ശ്രീരംഗപട്ടണം, ചുങ്കം, തിരുവണ്ണാമലൈ, ദിണ്ഡിവനം, ലോങ് ദ്വീപ്.
Comments