WEATHER NEWS AND ANALYSIS
ചൊവ്വാഴ്ചക്ക് ശേഷം വീണ്ടും മഴക്ക് സാധ്യത
April 3, 2021, 11:29 a.m.
Metbeat Weather Desk
കേരളത്തില്‍ വോട്ടെടുപ്പ് ദിനമായ ചൊവ്വാഴ്ച മുതല്‍ വീണ്ടും മഴക്ക് സാധ്യത. അതുവരെ കിഴക്കന്‍ മലയോരങ്ങളില്‍ ഒന്നോ രണ്ടോ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴക്കും സാധ്യത ഒഴിച്ചാല്‍ വരണ്ട കാലാവസ്ഥയായിരിക്കും സംസ്ഥാനത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും അനുഭവപ്പെടുക. കേരളത്തില്‍ താപനിലയില്‍ വലിയതോതില്‍ വര്‍ധനവ് അനുഭവപ്പെടുന്നില്ല. എന്നാല്‍ തമിഴ്നാട്ടില്‍ ഉഷ്ണതരംഗ സാധ്യത തുടരും.
വേനല്‍മഴ കേരളത്തില്‍ ചൂടിന് ആശ്വാസം, തമിഴ്നാട്ടില്‍ ഉഷ്ണതരംഗം
കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനല്‍മഴയും പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനവും മൂലം ചൂടിന് ആശ്വാസമുണ്ട്. എന്നാല്‍ തമിഴ്നാട്ടില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കിഴക്കന്‍ കാറ്റ് തീരത്തിനു സമാന്തരമായി വീശുന്നതിനാലും ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റിന്റെ സ്വാധീനവും ഉഷ്ണതരംഗത്തിന് കാരണമാകുന്നു. തമിഴ്നാട്ടില്‍ ആറു വെതര്‍ സ്റ്റേഷനുകളില്‍ ഇന്നലെ 40 ഡിഗ്രി താപനില കടന്നു. വടക്കന്‍ തമിഴ്നാട്ടില്‍ 43.4 ഡിഗ്രി രേഖപ്പെടുത്തി. മൂന്ന് സ്റ്റേഷനുകളില്‍ 42 ഡിഗ്രിയും കടന്നു. രണ്ടു സ്റ്റേഷനുകളില്‍ 41 ഡിഗ്രിയും കടന്നു. എന്നാല്‍ കേരളത്തില്‍ പരമാവധി താപനില കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത് പാലക്കാട്ടാണ്. തമിഴ്നാട്ടിലെ ഉഷ്ണതരംഗത്തിന്റെ സ്വാധീനം പാലക്കാടന്‍ ഇടനാഴി വഴി കേരളത്തില്‍ എത്തുന്നതാണ് കാരണം. മറ്റു ജില്ലകളിലെല്ലാം താപനില സാധാരണ നിലയിലാണ്.
ചൊവ്വ മുതല്‍ കിഴക്കന്‍ കാറ്റ് വീണ്ടുമെത്തും
തമിഴ്നാട്ടിലെ ഉഷ്ണതരംഗത്തിന് ആശ്വാസമായി കിഴക്കന്‍ കാറ്റിന്റെ ഗതി ചൊവ്വ മുതല്‍ സാധാരണ നിലയിലാകും. ഇത് കേരളത്തില്‍ മഴക്കും കാരണമാകും. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനമാണ് കിഴക്കന്‍ കാറ്റിന്റെ ദിശയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ ദിവസം തീവ്രന്യൂനമര്‍ദമായി ശക്തിപ്പെട്ട ശേഷം ഇത് ദുര്‍ബലമാകുകയാണ്. ചുഴലിക്കാറ്റിന് സാധ്യതയും ഇല്ലാതായി. അന്തരീക്ഷ നീരൊഴുക്കുകളുടെ സ്വാധീനത്തില്‍ മാറ്റം വരുന്നതോടെ കിഴക്കന്‍ കാറ്റ് സജീവമാകും എന്നാണ് നിരീക്ഷണം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് തടസ്സമാകും വിധം ചൊവ്വാഴ്ച മഴയുണ്ടാകില്ലെങ്കിലും രാത്രി കിഴക്കന്‍ മലയോരത്ത് ഇടിയോടെ മഴ പ്രതീക്ഷിക്കാം. വോട്ടെടുപ്പ് ദിനത്തിലെ കാലാവസ്ഥാ അവലോകന പ്രത്യേക റിപ്പോര്‍ട്ട് മെറ്റ്ബീറ്റ് വെതര്‍ അടുത്ത ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും.
Photo- Abin Devassy kutty
നിങ്ങളുടെ പ്രദേശത്തെ കാലാവസ്ഥാ പ്രവചനം ലൊക്കേഷന്‍ അടിസ്ഥാനമാക്കി കൂടുതല്‍ കൃത്യതയോടെ അറിയാന്‍ ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Comments