WEATHER NEWS AND ANALYSIS
2021 ല്‍ ലഭിച്ചത് 120 വര്‍ഷത്തിലെ ഏറ്റവും കൂടുതല്‍ ശൈത്യകാല മഴ
Feb. 28, 2021, 7:26 p.m.
Metbeat Weather Desk
2021 ലെ ശൈത്യകാല മഴ സീസണ് അവസാനിച്ചു. ജനുവരി 1 മുതല്‍ ഫെബ്രുവരി 28 വരെ ലഭിക്കുന്ന മഴയാണ് ശൈത്യകാല മഴയായി പരിഗണിക്കുന്നത്. മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെയുള്ള മഴ വേനല്‍ മഴയായാണ് കണക്കാക്കുന്നത്. ജനുവരി 1 മുതല്‍ ഫെബ്രുവരി 28 വരെ സംസ്ഥാനത്ത് 410 ശതമാനം അധിക മഴയാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. ഈ കാലയളവില്‍ സംസ്ഥാനത്ത് ലഭിക്കേണ്ടത് 22.4 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍ 114.1 മില്ലി മീറ്റര്‍ മഴയാണ് ഇതുവരെ ലഭിച്ചത്. ലക്ഷദ്വീപിലും 761 ശതമാനം മഴ കൂടുതലായി ഈ കാലയളവില്‍ ലഭിച്ചു.
ഇത്തവണ ലഭിച്ചത് 120 വര്‍ഷത്തിലെ ഏറ്റവും കൂടിയ മഴ
ഇത്തവണ കേരളത്തില്‍ ലഭിച്ചത് 120 വര്‍ഷത്തെ ഏറ്റവും കൂടിയ ശൈത്യകാല മഴയാണെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിലെ ശാസ്ത്രജ്ഞന് അരുണ്‍ കുമാര്‍ വി.എച്ചിനെ ഉദ്ധരിച്ച് അന്തരീക്ഷശാസ്ത്ര കേന്ദ്രം ഫേസ്ബുക്കില്‍ അറിയിച്ചു. ഈ വര്‍ഷം 114.1 മില്ലി മീറ്ററാണ് മഴ ലഭിച്ചത്. ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ ശൈത്യകാല മഴ ലഭിച്ചത് 1943 ലാണ്. അന്ന് 98.1 എം.എം മഴയാണ് ലഭിച്ചത്. 1984 ല്‍ 96.8 എം.എം, 1962 ല്‍ 83.1 എം.എം, 1938 ല്‍ 79.4 എം.എം എന്നിങ്ങനെ മഴ ലഭിച്ചു.
ഇനി വേനല്‍ മഴ കാത്തിരിക്കാം
ഇനിയുള്ളത് വേനല്‍ മഴയുടെ സീസണാണ്. മാര്‍ച്ച് പകുതിക്ക് ശേഷം കേരളത്തില്‍ വേനല്‍ മഴ പ്രതീക്ഷിക്കാമെന്നാണ് ഇപ്പോഴത്തെ കാലാവസ്ഥാ അവലോകനം സൂചിപ്പിക്കുന്നതെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു. സാധാരണ മാര്‍ച്ച്, ഏപ്രില്‍ മാസത്തില്‍ മാംഗോ ഷവര്‍ എന്ന പേരില്‍ കേരളത്തില്‍ മഴ ലഭിക്കാറുണ്ട്. ഇത് ഇത്തവണയും പ്രതീക്ഷിക്കാം. തുടര്‍ന്ന് വേനല്‍ ശക്തിപ്പെടുന്നതോടെ താപസംവഹനത്തിന്റെ ഭാഗമായ മഴയും ലഭിക്കും. നിലവിലെ നിരീക്ഷണ പ്രകാരം ഇത്തവണ വേനല്‍മഴ കുറയില്ല. ന്യൂനമര്‍ദങ്ങളും വേനലിലും കാലവര്‍ഷ സീസണിലുമായി മഴ നല്‍കും. പുതിയ അന്തരീക്ഷസ്ഥിതി അവലോകനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടര്‍ന്നുള്ള ആഴ്ചകളില്‍ പ്രതീക്ഷിക്കാം.
Comments