ഒറ്റപ്പെട്ട മഴ സാധ്യത, ചൂടിന് കുറവുണ്ടാകില്ല
Metbeat Weather Desk
കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കൊപ്പം ദിനാന്തരീക്ഷ താപനില കൂടുന്നു. കഴിഞ്ഞ ദിവസമുണ്ടായ അന്തരീക്ഷസ്ഥിതിയിലെ മാറ്റങ്ങള്‍ പ്രകാരം ഏതാനും പ്രദേശങ്ങള്‍ മാത്രം കേന്ദ്രീകരിച്ചു പെയ്യുന്ന മഴ തുടരും. അതേസമയം പകല്‍ താപനിലയും രാത്രി താപനിലയും കൂടുന്ന പ്രവണതയും തുടരും.
ഒറ്റപ്പെട്ട മഴയും കൂടിയ താപനിലയും
തെക്കുകിഴക്കന്‍ അറബിക്കടലിനു മുകളില്‍ 3.1, 4.5 കി.മി ഉയരത്തിലായി രൂപപ്പെട്ട ചക്രവാതച്ചുഴി, കന്യാകുമാരി കടലില്‍ തെക്കുകിഴക്കായി രൂപപ്പെട്ട മറ്റൊരു ചക്രവാതച്ചുഴി, ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കുകിഴക്കായി ശ്രീലങ്കയോട് ചേര്‍ന്ന് രൂപപ്പെട്ട ചക്രവാതച്ചുഴികള്‍ എന്നിവ കേരളത്തിലെ കാറ്റിന്റെ ശ്രേണിയില്‍ വ്യതിയാനം വരുത്തിയിട്ടുണ്ട്. ഇതുമൂലം ന്യൂനമര്‍ദപാത്തി, കാറ്റിന്റെ അഭിസരണ രേഖ രൂപപ്പെടാനുള്ള സാധ്യത നിലനില്ക്കുന്നു. ഒറ്റപ്പെട്ട മഴക്കും ഇതു കാരണമാകും.
ഇന്നലെ വയനാട്ടിലെ മീനങ്ങാടിയില്‍ 53.5 എം.എം, മയിലാടുമ്പാറ 32.4, അമ്പലവയല്‍ 27, തെന്മല 22, പുനലൂര്‍ 15, തൊടുപുഴ 13 മില്ലി മീറ്റര്‍ മഴ ലഭിച്ചു. നാളെ (ശനിയാഴ്ച) കോഴിക്കോടിനും തിരുവനന്തപുരത്തിനും ഇടയില്‍ ഒറ്റപ്പെട്ട ചാറ്റല്‍ മഴയോ ഇടത്തരം മഴയോ പ്രതീക്ഷിക്കാം. ഞായറാഴ്ച ഇതേ മേഖലയിലെ കിഴക്കന്‍ മലയോരത്താണ് കൂടുതല്‍ മഴ സാധ്യതയുള്ളത്. മാര്‍ച്ച് 1 തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളുടെ കിഴക്കന്‍ മേഖലകളിലും ചൊവ്വാഴ്ച മലപ്പുറം ജില്ലയുടെ കിഴക്ക് ഇടത്തരം മഴയോ മറ്റു ജില്ലകളില്‍ ചാറ്റല്‍ മഴയോ പെയ്തേക്കും.
രാത്രിയും പകലും ചൂട് കൂടും
നാളെ (ശനി) പാലക്കാട് ജില്ലയില്‍ 37 ഡിഗ്രിയും പുനലൂരില്‍ 36 ഡിഗ്രിയും പകല്‍ താപനില കൂടാനുള്ള സാധ്യതയാണ് വിവിധ പ്രവചന മാതൃകകള്‍ സൂചിപ്പിക്കുന്നത്. എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയിലുള്ള ജില്ലകളിലെ ഇടനാട്ടില് പരമാവധി പകല്‍താപനില 34 നും 35 ഡിഗ്രിക്കും ഇടയിലും തീരദേശത്ത് 30 നും 35 ഡിഗ്രിക്കും ഇടയിലുമാണ് പ്രതീക്ഷിക്കേണ്ടത്. വയനാട്, ഇടുക്കി ജില്ലകളില്‍ പകല്‍ താപനിലയില്‍ വലിയ തോതില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നില്ല. 28-32 ഡിഗ്രിക്ക് ഇടയിലാണ് ഈ ജില്ലകളുടെ ഹൈറേഞ്ച് മേഖലകളില്‍ പ്രതീക്ഷിക്കുന്നത്. ഞായറാഴ്ചത്തെ രാത്രി താപനിലയും സംസ്ഥാനത്ത് കൂടുകയാണ്. തീരദേശത്ത് 24 നും 26 നും ഇടയിലും എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളുടെ ഇടനാട്ടില് 22 നും 23 നും ഇടയിലും മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ 22 നും 24 നും ഇടയിലും വയനാട്ടില്‍ 18-19 ഡിഗ്രിയും ഇടുക്കി ജില്ലകളില്‍ 13-18 ഡിഗ്രിയുമാണ് കുറഞ്ഞ രാത്രി താപനില പ്രതീക്ഷിക്കുന്നത്.
തെക്കന്‍ ജില്ലകളില്‍ ചൂട് കൂടുന്നു
തെക്കന്‍ കേരളത്തിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചൂട് കൂടുന്ന പ്രവണത കണ്ടുവരുന്നത്. തമിഴ്നാട്ടിലും സമാന സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസം രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിനാന്തരീക്ഷ താപനില രേഖപ്പെടുത്തിയതും കോട്ടയത്തായിരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് പുനലൂരില്‍ 36.5 ഡിഗ്രിയും ആലപ്പുഴയില്‍ 36.3 ഡിഗിയും താപനില രേഖപ്പെടുത്തി. തിരുവനന്തപുരം (24.9), പാലക്കാട് (36.1), വെള്ളനിക്കര (35.4), കോട്ടയം (34.5), കണ്ണൂര്‍ (34.7), കോഴിക്കോട് (34) ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. അടുത്ത രണ്ടു ദിവസം കൂടി തെക്കന്‍ ജില്ലകളില്‍ തന്നെയാകും ചൂട് കൂടുക.
ആരോഗ്യം ശ്രദ്ധിക്കണം
ചൂട് കൂടുന്നതിനൊപ്പം സൂര്യ പ്രകാശത്തിലെ അള്‍ട്രാവയലറ്റ് (യു.വി ഇന്റക്സ്) രശ്മികളുടെ തീവ്രത കൂടുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കും. നിലവില്‍ ജാഗ്രത പുലര്‍ത്തേണ്ട അളവിലാണ് യു.വി ഇന്റക്സ് ഉള്ളത്. അടുത്ത ദിവസങ്ങളിലും യു.വി ഇന്റക്സ് കൂടാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ആരോഗ്യ പ്രശ്നമുള്ളവര്‍ പ്രത്യേകിച്ചും മറ്റുള്ളവര്‍ പൊതുവേയും ദീര്‍ഘനേരം നേരിട്ട് വെയില് കൊള്ളുന്നത് സുരക്ഷിതമല്ല. സൂര്യാഘാത സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണം. പകല്‍ സമയത്ത് വെയിലേറ്റ് ജോലി ചെയ്യുന്നവര്‍ സര്‍ക്കാരും തൊഴില്‍ വകുപ്പും നല്കുന്ന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ധാരാളം വെള്ളം കുടിക്കുക. നിര്‍ജലീകരണം ശാരീരികവും മാനസികവുമായ അസ്വസ്ഥതതകള്ക്കിടയാക്കും. 15 ദിവസം വരെയുള്ള കാലാവസ്ഥാ പ്രവചനം ഞങ്ങളുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഒരാഴ്ച വരെയുള്ള യു.വി ഇന്റക്സ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ മെറ്റ്ബീറ്റ് വെതറിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഏതാനും ദിവസങ്ങള്‍ക്കകം നിങ്ങളിലേക്കെത്തും.
Comments