WEATHER NEWS AND ANALYSIS
ലാനിന ഏപ്രിലിലും തുടരും; കാലാവസ്ഥ സ്വാധീനം ഇങ്ങനെ
Feb. 18, 2021, 4:07 p.m.
ഏപ്രിലിലും ലാനിന തുടരുമെന്ന് ഐക്യരാഷ്ട്രസഭയ്ക്കു കീഴിലുള്ള ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ). പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്തെ താപനില സാധാരണയിലും കുറയുന്നതാണ് എല്‍നിനോ പ്രതിഭാസം. 2020 ഓഗസ്റ്റ് മുതലാണ് ഈ സീസണിലെ ലാനിന തുടങ്ങിയത്. ആഗോളതാപനിലയെ സ്വാധീനിക്കാന്‍ ഇതിനു കഴിയും. ഫെബ്രുവരി മാസത്തിലെ ലോക കാലാവസ്ഥാ സംഘടനയുടെ അവലോകനപ്രകാരം ലാനിന ഏപ്രിലിലും തുടരാനുള്ള സാധ്യത 65 ശതമാനമാണ്. കാലാവസ്ഥാ പ്രവചന മാതൃകകളുടെയും വിദഗ്ധരുടെയും വിലയിരുത്തല്‍ പ്രകാരമാണിത്.
ആഗോളതലത്തില്‍ ചൂട് കൂടും
ഏപ്രില്‍ വരെ ലോകത്ത് പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ ഏഷ്യ, അമേരിക്കയുടെ തെക്കേ പകുതി എന്നിവിടങ്ങളില്‍ ഒഴികെ മിക്ക രാജ്യങ്ങളിലും സാധാരണയില്‍ കൂടുതല്‍ താപനില അനുഭവപ്പെടും. വടക്കേ ആഫ്രിക്കയിലും സാധാരണ താപനിലയാകും അനുഭവപ്പെടുക. എന്നാല്‍ തെക്കേ അമേരിക്കയുടെ വടക്കന്‍ മേഖലയില്‍ താപനില സാധാരണയേക്കാള്‍ കുറയും. സാധാരണയേക്കാള്‍ വരണ്ട കാലാവസ്ഥയാണ് പടിഞ്ഞാറന്‍, മധ്യ ഏഷ്യയില്‍ അനുഭവപ്പെടുന്നത്. ഉത്തരാര്‍ധ ഗോളത്തില്‍ അക്ഷാംശം 30 ഡിഗ്രിയിലുള്ള മേഖലയിലാണിത്. മധ്യ ആഫ്രിക്ക, വടക്കന്‍ അമേരിക്കയുടെ സബ് ട്രോപിക്കല്‍ മേഖലകള്‍ എന്നിവിടങ്ങളിലും ഈ അവസ്ഥ ദൃശ്യമാണെന്ന് ഗ്ലോബല്‍ സീസണല്‍ ക്ലൈമറ്റ് അപ്ഡേറ്റ് പറയുന്നു.
മഴ കൂടുന്ന മേഖലകള്‍
ലാനിന ചില മേഖലകളില്‍ കൂടുതല്‍ മഴക്ക് കാരണമാകും. തെക്കുകിഴക്കന്‍ ഏഷ്യ, ആസ്ത്രേലിയ, ദക്ഷിണ അമേരിക്കയിലെ വടക്കന്‍ മേഖല, ആഫ്രിക്കയുടെ തെക്കന്‍ മേഖല എന്നിവിടങ്ങളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴയുണ്ടാകും. ഉത്തരാര്‍ധ ഗോളത്തിലെ ധ്രുവമേഖലകളില്‍ മഞ്ഞുവീഴ്ച കൂടും. ഡിസംബര്‍ മുതല്‍ ഈ മേഖലയില്‍ നെഗറ്റീവ് ആര്‍ട്ടിക് ഓസിലേഷന്‍ ദൃശ്യമാണ്.
മനുഷ്യപ്രേരിത കാലാവസ്ഥാ മാറ്
ലാനിനയും എല്‍നിനോയും ഭൂമിയിലെ കാലാവസ്ഥാ സിസ്റ്റത്തെ ബാധിക്കുന്ന സുപ്രധാന ഘടകമാണ്. മനുഷ്യപ്രേരിത കാലാവസ്ഥാ മാറ്റമാണ് നടക്കുന്നതെന്നും ആഗോളതാപനം ഗുരുതര കാലാവസ്ഥാ പ്രശ്നങ്ങള്ക്കിടയാക്കുന്നുണ്ടെന്നും വിവിധ മേഖലകളിലെ ഋതുവ്യതിയാനത്തിന് ഇതുകാരണമാകുന്നുണ്ടെന്നും ഡബ്ല്യു.എം.ഒ സെക്രട്ടറി ജനറല്‍ പ്രൊഫ. പെട്ടേരി തലാസ് പറഞ്ഞു. ലാനിന നേരത്തെ പ്രവചിക്കാന്‍ ഏജന്‍സികള്‍ക്ക് കഴിഞ്ഞതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ രാജ്യങ്ങളെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Comments