WEATHER NEWS AND ANALYSIS
പ്രകൃതിയെ സംരക്ഷിച്ച് ഭൂമിക്ക് കവചം ഒരുക്കാൻ കാലാവസ്ഥ ഉച്ചകോടി
June 4, 2023, 5:45 p.m.
കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള സമഗ്ര ചർച്ചകൾക്ക് വേദിയാകുന്ന ഈ വർഷത്തെ കാലാവസ്ഥ ഉച്ചകോടി (കോപ്28)നവംബർ 30ന് ആരംഭിക്കും. യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബൈ എക്സ്പോ സിറ്റിയിലാണ് നടക്കുന്നത്. ഭാവി തലമുറക്കു വേണ്ടി ഭൂമിയെ സുരക്ഷിതമായി നിലനിർത്താനുള്ള നടപടികൾ അന്താരാഷ്ട്ര സമൂഹം ഇവിടെ ചർച്ച ചെയ്യും.
ഈ അടിയന്തര സാഹചര്യത്തെ നേരിടാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ്. ലോക നേതാക്കൾ, മന്ത്രിമാർ, ആഗോള കാലാവസ്ഥ മാറ്റത്തിനെതിരായ മുൻനിര പോരാളികൾ, ഉദ്യോഗസ്ഥർ തുടങ്ങി 7,0000 പ്രതിനിധികൾ 12 ദിവസങ്ങളിലായി ദുബൈ എക്സപോ സിറ്റിയിൽ ഒരുമിച്ചു കൂടും.
കാൺബൺ ഡൈ ഓക്സൈഡിനേക്കാൾ ആഗോള താപനത്തിന് ആക്കം കൂട്ടുന്ന മീഥേയ്ൻ വാതകത്തിന്റെ സാന്ദ്രത യു.എ.ഇയുടെ അന്തരീക്ഷത്തിൽ വർധിച്ചിരിക്കുന്നുവെന്നാണ് അബൂദബിയിലെ ഖലീഫ യൂനിവേഴ്സിറ്റി നടത്തിയ സാറ്റലൈറ്റ് പഠനത്തിൽ നിന്ന് വ്യക്തമായത്. ഭൂമിയുടെ അന്തരീക്ഷ താപനില വർധിപ്പിക്കുന്നതിൽ കാർബൺഡൈ ഓക്സൈഡിനേക്കാൾ 86 മടങ്ങ് ശക്തമാണ് മീഥേയ്ൻ വാതകമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
കോവിഡ് മഹാമാരിയും അടിക്കടിയുണ്ടായ വൻ പ്രളയവും മനുഷ്യരാശിയെ അത്രമേൽ പിടിച്ചുലച്ചിട്ടുണ്ട്. പ്രകൃതിയെ ഇനിയും സംരക്ഷിച്ച് നിർത്താനായില്ലെങ്കിൽ വരും തലമുറകൾക്ക് വാസയോഗ്യമല്ലാതാകും എന്നാണ് വിലയിരുത്തൽ. ആഗോള താപ നില കുറക്കുന്നതിനായി കോപ് 21ന്റെ ഭാഗമായിരുന്ന പാരിസ് ഉടമ്പടിയിൽ എടുത്ത തീരുമാനവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
മനുഷ്യൻ പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങൾ സമുദ്രങ്ങളുടെ താപ നില ഉയരുന്നതിലേക്ക് നയിക്കുകയും അതോടൊപ്പം മഞ്ഞു മലകൾ ഉരുകുന്നതിനും സമുദ്ര നിരപ്പ് ഉയരുന്നതിനും കാരണമാകുന്നുണ്ട്. ഇത് ഇല്ലാതാക്കാൻ ലോക രാജ്യങ്ങൾ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറച്ചു ആഗോള താപ നില ഈ നൂറ്റാണ്ടിൽ രണ്ട് ഡിഗ്രിക്ക് മുകളിൽ ഉയരാതെ സംരക്ഷിക്കണമെന്നായിരുന്നു പാരിസ് ഉടമ്പടിയുടെ പ്രധാന ലക്ഷ്യം. ഇതു എത്രമാത്രം പാലിക്കപ്പെട്ടുവെന്നത് കോപ് 28ൽ ചർച്ചയാവും.
യു.എ.ഇയുടെ വ്യവസായ, നൂതന സാങ്കേതിക വിദ്യ മന്ത്രി ഡോ. സുൽത്താൻ അൽ ജാബിറിനെയാണ് കോപ്28ന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുന്നത്.ഭൂമിക്ക് തണലൊരുക്കാൻ സമഗ്രവും കാര്യക്ഷമവുമായ നടപടികൾ ഈ ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
Comments