വനമേഖലയിലെ ഇടിവെട്ടിമഴ, ഉരുള്‍പൊട്ടല്‍ കാരണം എന്ത്?
Metbeat Weather Desk
കഴിഞ്ഞ ദിവസം തെക്കന്‍ കേരളത്തിലെ ചില ജില്ലകളില്‍ വനത്തില്‍ ഉരുള്‍പൊട്ടി പുഴയില്‍ വെള്ളം കൂടിയ സംഭവത്തിനു ശേഷം പലരും ചോദിക്കുന്നത് എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നാണ്. ഈ പ്രതിഭാസം വരും ദിവസങ്ങളിലും തുടരുമോ, പ്രളയം പേടിക്കേണ്ടതുണ്ടോ എന്നെല്ലാമാണ് പലരുടെയും ആശങ്ക. ഈ സാഹചര്യത്തില്‍ മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ നല്കുന്ന മറുപടി അടിസ്ഥാനമാക്കി തയാറാക്കിയ റിപ്പോര്‍ട്ടാണിത്.
വനത്തിലെ കനത്തമഴ കാരണമെന്ത്?
ജൂലൈ 20 ന് തിങ്കളാഴ്ച തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലെ വനമേഖലകളില്‍ ഇടിയോടുകൂടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നും മലയോരമേഖലയിലും ഈ മഴ വ്യാപിക്കാമെന്നും മെറ്റ്ബീറ്റ് വെതര്‍ ഉച്ചയ്ക്കു തന്നെ ഫേസ്ബുക്ക് പേജില്‍ നൗകാസ്റ്റ് റിപ്പോര്‍ട്ട് പോസ്റ്റ് ചെയ്തിരുന്നല്ലോ. തെക്കന്‍ ജില്ലകളിലായിരുന്നു വടക്കന്‍ കേരളത്തെ അപേക്ഷിച്ച് കൂടുതല്‍ മഴസാധ്യത. ഉച്ചയ്ക്ക് ശേഷം വ്യാപകമായി ഈ മേഖലയില്‍ മഴ ലഭിക്കുകയും ചെയ്തു.
കേരളത്തിന്റെ കിഴക്കന്‍ അതിര്‍ത്തി മേഖലകളോട് ചേര്‍ന്ന് രൂപപ്പെട്ട കാറ്റിന്റെ അഭിസരണ മേഖല, കാലവര്‍ഷക്കാറ്റിന്റെ ശക്തികുറഞ്ഞതിനെ തുടര്‍ന്ന് പടിഞ്ഞാറന്‍ കാറ്റും കിഴക്കന്‍ കാറ്റും തമ്മില്‍ കൂടിച്ചേരുന്ന അവസ്ഥ, മാലദ്വീപിനും ശ്രീലങ്കയ്ക്കും ഇടയില്‍ രൂപംകൊണ്ട അന്തരീക്ഷച്ചുഴി, തമിഴ്നാട്ടിലെ അന്തരീക്ഷത്തില്‍ നിന്നുള്ള ഹീറ്റ് ട്രാന്‍സ്ഫര്‍, വനമേഖലയിലെ ഉയര്‍ന്ന ഈര്‍പ്പസാന്നിധ്യം തുടങ്ങിയ ഘടകങ്ങളാണ് വനത്തിനു മുകളില്‍ കനത്തമഴയ്ക്ക് ഇടയാക്കിയത്.
തീവ്രമഴ ലഭിച്ചോ?
കോതമംഗലത്തിനടുത്ത് മാമലക്കണ്ടത്തും ഉരുളന്‍തണ്ണിയിലും വനത്തില്‍ ഉരുള്‍പൊട്ടിയെന്നും സമീപപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളംകയറിയെന്നുമാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കാനായത്. ഈ മേഖലയിലെ മഴസാധ്യത നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ എത്രയളവില്‍ മഴലഭിക്കുമെന്നതിലെ വ്യക്തയുണ്ടായിരുന്നില്ല. വനമേഖലയില്‍ ഏതാനും മണിക്കൂര്‍ ശക്തമായ മഴ ലഭിച്ചിരിക്കാനാണ് സാധ്യത. ചെങ്കുത്തായ വനമ്പ്രദേശത്ത് തുടര്‍ച്ചയായി കനത്ത മഴലഭിക്കുന്നത് ഉരുള്‍പൊട്ടലിന് ഇടയാക്കും. ഭൂമിശാസ്ത്രപരമായ പ്രത്യേകത, ചെരിവ്, സ്റ്റബിലിറ്റി, മണ്ണിന്റെ സ്വഭാവം, മഴയുടെ തീവ്രത തുടങ്ങിയവ ആണ് ഉരുള്‍പൊട്ടലിനെ പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്.
തീവ്രമഴ ലഭിച്ചോ എന്നത് പറയാന്‍ 24 മണിക്കൂറില്‍ എത്രമഴ ലഭിച്ചു എന്ന് അളക്കാനാകണം. ജനവാസമേഖലയല്ലാത്ത വനത്തിലാണ് ഏറ്റവും ശക്തമായി മഴ ലഭിച്ചിരിക്കുക. ഇത് അളക്കാന്‍ കേന്ദ്രകാലാവസ്ഥാ വകുപ്പിനോ മറ്റ് ഏജന്‍സികള്‍ക്കോ അവിടെ മഴമാപിനികളില്ല. അതിനാല്‍ എത്രമഴ ലഭിച്ചു എന്ന് അറിയാന്‍ കഴിയില്ല. വനത്തില്‍ ഉരുള്‍പൊട്ടിയാല്‍ പുഴയില്‍ വെള്ളംകൂടുകയും താഴ്ന്ന മേഖലകളില്‍ വെള്ളംകയറുകയും ചെയ്യുന്നത് സാധാരണമാണ്. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മഴപാനികളിലെ കണക്ക് പ്രകാരം കിഴക്കന്‍ മേഖലയില്‍ കനത്തമഴ രേഖപ്പെടുത്തിയെന്ന് കാണാം. മണ്ണാര്‍ക്കാട്- 83.2, വൈത്തിരി-81, പാലക്കാട്-78.1, പറമ്പിക്കുളം-75, കുരുടമണ്ണില്‍-65.7, തൊടുപുഴ-60, കൊല്ലങ്കോട്-54.4 എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തിയത്. ഈ പ്രദേശങ്ങളോട് ചേര്‍ന്ന വനമേഖലകളില്‍ ഇതിലേറെ മഴ ലഭിച്ചിരിക്കാന്‍ സാധ്യതയുണ്ട് എന്നാണ് ഇതും റഡാര്‍ വിവരങ്ങളും സൂചിപ്പിക്കുന്നത്.
ഇടിയോടു കൂടെ മഴ തുടരും
വരും ദിവസങ്ങളിലും കിഴക്കന്‍ മേഖലകളില്‍ ഇടിയോടുകൂടെ മഴ തുടരും. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ശക്തമായ മഴക്ക് നിലവില്‍ സാഹചര്യമൊന്നുമില്ല. വ്യാഴം മുതല്‍ ശനിവരെയും കിഴക്കന്‍ മേഖലയിലെ മഴ അല്പം ശക്തിപ്പെട്ടേക്കും. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . മണ്‍സൂണ്‍ വീണ്ടും ശക്തിപ്പെടുന്നതുവരെ ഇത്തരം ഒറ്റുപ്പെട്ട മഴ തുടരാനാണ് സാധ്യത.
കിഴക്ക് മഴ ശക്തമായാല്‍
കിഴക്ക് മലയോരത്തും വനമേഖലയിലും മഴശക്തിപ്പെട്ടാല് ഈ മേഖലകളിലെ പുഴകള്‍, അരുവികള്‍, നീര്‍ച്ചാലുകള്‍, തോടുകള്‍ എന്നിവയിലെ വെള്ളം കൂടാനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. താഴ്വാര പ്രദേശങ്ങളില്‍ മഴയില്ലെങ്കിലും പെട്ടെന്ന് വെള്ളംകൂടാം. അതിനാല്‍ പുഴയിലും മറ്റും ഇറങ്ങുകയോ കുളിക്കുകയോ ചെയ്യുന്നത് അപകടമാണ്. അടിയന്തര സാഹചര്യങ്ങളില്‍ ജില്ലാ ദുരന്തനിവാരണ വിഭാഗം, ജില്ലാ ഭരണകൂടം, പൊലിസ്, ഫയര്‍ഫോഴ്സ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവ നല്കുന്ന നിര്‍ദേശം അനുസരിക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുകയാണ് ഉചിതം. കാലാവസ്ഥാ പ്രവചനത്തെയും ജാഗ്രതാ നിര്‍ദേശങ്ങളും നിസ്സാരമായി തള്ളുന്നത് സ്വയം സുരക്ഷക്ക് ഭീഷണിയാകും എന്നും ഓര്‍ക്കുക.
Advt- ആമസോണ്‍ ഉല്പന്നങ്ങള് ഓഫര്‍ വിലയില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .
Comments